തെറ്റു പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നത്; സത്യഭാമക്കെതിരെ സിതാര

നർത്തകനും കലാകാരന്മാരുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ഗായിക സിതാര. സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണെന്നും തെറ്റു പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും സിതാര വ്യക്തമാക്കി. സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു സിതാരയുടെ പ്രതികരണം.

സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്. തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തത്തും ഇനി മനസ്സിലായാൽ പോലും അത് അംഗീകരിച്ച് മനസ്സറിഞ്ഞ് മാപ്പുപറയാൻ തയ്യാറാവാത്തതും. മറ്റൊന്നുകൂടെ കൂട്ടി ചേർക്കേണ്ടതുണ്ട്, ”നല്ല വെളുത്ത സുന്ദരിക്കുട്ടി”, ”ഒരു കറുത്ത് തടിച്ച സാധനം”, ”ചെറുമക്കുടിയിലെ പോലെ ഒച്ചപ്പാട്”, ”കല്യാണപെണ്ണിന് നല്ല നിറം! ചെക്കനെ പോലെയല്ലാത്തതുകൊണ്ട് ഉണ്ടാവുന്ന കൊച്ചിന് ചിലപ്പോ വെളുപ്പ് കിട്ടും”, അങ്ങനെ അങ്ങനെ നിരുപദ്രവകരം എന്നും, തമാശയെന്നും കരുതി പലരും പറയുന്ന അശ്രദ്ധമായ അനവധി നിരവധി വാചകങ്ങൾ നിങ്ങളുടെ ഉള്ളിലും ഉണ്ടോ, അത്തരം പ്രസ്താവനകളെ നിങ്ങളും ചിരിച്ച് തള്ളാറുണ്ടോ? ഇങ്ങനെ ആത്മപരിശോധനയ്ക്കുള്ള ഒരവസരം കൂടിയാണ് സത്യഭാമ ടീച്ചറുടെ ആക്രോശമെന്ന് സിതാര പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷപം നടത്തിയ സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെയാണ് സത്യഭാമ ആർഎൽവി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. ആർഎൽവി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കിൽ അത്രയും സൗന്ദര്യമുള്ളവരായിരിക്കണമെന്നും സത്യഭാമ പറഞ്ഞിരുന്നു. ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാൽ അത് അരോചകമാണ്. ഇവനെ കണ്ടാൽ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല തുടങ്ങിയ പരാമർശങ്ങളും നടത്തിയിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെ സത്യഭാമക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.