ശൈലജ ടീച്ചറിനോട് ഒരു പരാതിയുമില്ല… പരിഭവം മാത്രം.

ശൈലജ ടീച്ചറിനോട് ഒരു പരാതിയുമില്ല.

ഈ കൊറോണ കാലത്ത് എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനവും സ്നേഹവും ആദരവും തോന്നിയത് ശൈലജ ടീച്ചറിനോടാണ്. കുടുംബത്തിലെ കുട്ടികൾക്ക് എന്തെങ്കിലും ദീനം ഉണ്ടായാൽ ശുശ്രൂഷിക്കുന്ന അതേ ആത്മാർത്ഥതയോടെ, ഈ കോവിഡ് കാലത്ത് നമ്മൾക്കായി വിശ്രമമില്ലാത്ത പരിശ്രമം കാണുമ്പോൾ പലപ്പോഴും ടീച്ചറിനെ നമ്മുടെ സ്വന്തം കുടുംബാംഗത്തെ പോലെ തോന്നിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ നമ്മൾ മലയാളികൾ ടീച്ചറമ്മ എന്ന് വിളിക്കുന്നത്. എന്നാൽ ചില പരിഭവങ്ങൾ ടീച്ചറിനോട് പറയണമെന്ന് തോന്നി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചില വാർത്തകൾ ശ്രദ്ധയിൽ പെട്ടപ്പോൾ കേരളത്തിലെ തനത് ചികിത്സാരീതിയായ ആയുർവേദത്തിനെ മനഃപൂർവം ഒഴിവാക്കുന്നതായി അനുഭവപ്പെട്ടു. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏതാണ്ട് 45 വയസ്സിന് മുകളിലോട്ടുള്ള എല്ലാ വ്യക്തികൾക്കും അനുഭവമുള്ള കാര്യമാണ് ചെറിയ പനിയോ ജലദോഷമോ ഉണ്ടായാൽ ഒരു കരുപ്പെട്ടി കാപ്പി കുടിച്ച്‌ പുതച്ചുമൂടി കിടക്കുകാ എന്നത്. അതിലൂടെ മാറുന്നതായിരുന്നു നമ്മുടെ ഒരുമാതിരിപ്പെട്ട പനികൾ എല്ലാം. കരുപ്പെട്ടി, ചുക്ക്, കുരുമുളക്, തുളസി തുടങ്ങിയ വസ്തുക്കൾ ഒരു ഔഷധ കൂട്ടായിരുന്നു. ആ അറിവ് നമ്മൾക്ക് പാരമ്പര്യമായി കിട്ടിയതല്ലേ? പാരമ്പര്യം എന്ന് പറയുമ്പോൾ ആയുർവേദത്തിലൂടെയും നാട്ടുവൈദ്യത്തിലൂടെയും, ആരോഗ്യത്തെക്കുറിച്ച് കേരളീയർക്ക് അഗാധമായ ഒരു അറിവ് ഉണ്ടായിരുന്നു.

അലോപ്പതി ചികിത്സ ഉണ്ടായിട്ടുപോലും ഈ അടുത്ത കാലം വരെ നമ്മുടെ ഉൾനാടുകളിൽ ഈ സംസ്കാരം നമ്മൾ തുടർന്നു വന്നിരുന്നു. ഏതാണ്ട് ഒരു നൂറു വർഷങ്ങൾക്കു മുൻപ് വരെ നമ്മുടെ പൂർവികർ എല്ലാ അസുഖങ്ങൾക്കും ആയുർവേദം മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്റെ അച്ഛനെ ചെറുപ്പകാലത്ത് ഒരു പാമ്പുകടിച്ച കഥ അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, തൊടിയിൽ നിന്നോ മറ്റോ അച്ഛനെ ഒരു പാമ്പ് കടിച്ചു. എന്നാൽ ആദ്യം അത് ശ്രദ്ധിച്ചില്ലെന്നും, പിന്നെ കാലിലെ വേദന കൂടിയപ്പോൾ എന്തോ കടിച്ചതാണെന്ന് മനസ്സിലാവുകയും, പാമ്പാണെന്ന് തിരിച്ചറിയാൻ വൈകി പോവുകയും ചെയ്തു. അടുത്തുള്ള വൈദ്യന്മാരെ കാണിച്ചപ്പോൾ വിഷം വ്യാപിച്ചു പോയെന്നും രക്ഷപ്പെടുത്താൻ പ്രയാസമാണെന്നും പറഞ്ഞു. അച്ഛന്റെ ബന്ധുക്കൾ ആരോ പറഞ്ഞതനുസരിച്ച് ഏതാണ്ട് ആറേഴ് കിലോമീറ്റർ ദൂരെയുള്ള പ്രഗല്ഭനായ ഒരു വിഷവൈദ്യന്റെ അടുത്ത് എത്തിക്കുകയും അവിടെ എത്തിയപ്പോൾ അച്ഛന്റെ ബോധം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. അവിടത്തെ ചികിത്സാ രീതിയെ കുറിച്ച് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എന്റെ ഓർമ്മയിൽ അത് വ്യക്തമായില്ല. എന്തായാലും ഏതോ മരുന്ന് കുടിപ്പിക്കുകയും, പുഴുങ്ങിയ ചോറിൽ കിടത്തുകയും അങ്ങനെ എന്തൊക്കെയോ ചെയ്തു. എന്തായാലും അച്ഛന്റെ ജീവൻ തിരിച്ചു കിട്ടി.

ഈ അടുത്ത കാലത്ത് നമ്മുടെ മുൻ മുഖ്യമന്ത്രി ആദരണീയനായ ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ ശബ്ദവുമായി ബന്ധപ്പെട്ട് തൊണ്ടയിൽ അസുഖം ഉണ്ടാവുകയും ഉടൻതന്നെ കിമോ ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. ഭാഗ്യവശാൽ കാസർഗോഡുള്ള തങ്കച്ചൻ വൈദ്യനെ കാണുകയും ചില ഒറ്റമൂലികൾ കഴിച്ച് മൂന്നുമാസംകൊണ്ട് അത്ഭുതകരമായി അദ്ദേഹത്തിന്റെ ക്യാൻസർ പൂർണമായി ഭേദമാകുകയും ചെയ്തു. ഇത് ടീച്ചറിനും അറിവുള്ളതല്ലേ?

ഇതുപോലുള്ള അപൂർവ്വമായ മരുന്നിന്റെ കൂട്ടുകളും ഒറ്റമൂലികളും നമ്മുടെ പഴമയുടെ സമ്പത്ത് അല്ലേ? അതിനെ നമുക്ക് ഒരിക്കലും തള്ളിക്കളയാൻ കഴിയില്ലല്ലോ? മാത്രമല്ല ഇവയെല്ലാം നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമല്ലേ? ഇത്രയും ഞാൻ പറയാൻ കാരണം കോവിഡിന് ഫലപ്രദമായ ഒരു ആയുർവേദ മരുന്ന് പങ്കജകസ്തൂരി വികസിപ്പിച്ചെടുത്തു എന്നും, തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകത്തിലും ഫരീദാബാദിലും ക്ലിനിക്കൽ ടെസ്റ്റ് നടത്തുകയും അത് ഏതാണ്ട് വിജയം കാണുകയും തുടർന്നുള്ള അനുമതിക്കായി ആയുഷ്‌ മന്ത്രാലയത്തിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞതിന്റെ കൂട്ടത്തിൽ പരാതിയായി അല്ലാതെ പരിഭവത്തോടെ കേരളം ക്ലിനിക്കൽ ടെസ്റ്റ് നടത്താനുള്ള അനുമതി തരാത്തതിൽ ദുഃഖമുണ്ടെന്ന് പങ്കജകസ്തൂരി ഉടമസ്ഥൻ ഡോക്ടർ ഹരീന്ദ്രൻ പറഞ്ഞു. ഇത് കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിപ്പോയി. ലോകം ആയുർവേദത്തിന്റെ ഈറ്റില്ലം എന്ന് പറയപ്പെടുന്ന കേരളത്തിൽ ഒരു മഹാമാരിയുടെ മരുന്നുപരീക്ഷണം നിഷേധിച്ചിട്ടുണ്ടെങ്കിൽ അത് ശുദ്ധ അസംബന്ധമായി എനിക്ക് തോന്നി. ഞാൻ അതിന്റെ നിജസ്ഥിതി അറിയാൻ ഡോക്ടർ ഹരീന്ദ്രനുമായി ബന്ധപ്പെട്ടു. അപ്പോൾ നേരത്തെ പറഞ്ഞതുപോലെ പരാതിയായിട്ടല്ലാതെ ഒരു പരിഭവത്തോടെ അനുമതി കിട്ടാത്തതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. തുടർന്ന് വിശദമായി സംസാരിച്ചപ്പോൾ ലോകത്തെ എല്ലാ അന്താരാഷ്ട്ര മരുന്ന് കമ്പനികളും പിന്തുടർന്ന മാർഗത്തിലൂടെ വ്യക്തമായും കൃത്യമായുമുള്ള പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലാണ് പങ്കജകസ്തൂരിയുടെ ‘zingivir-h’ എന്ന മരുന്ന് പരീക്ഷണത്തിനായി അപേക്ഷ സമർപ്പിച്ചത്. അതായത് ആദ്യം ഒരു മരുന്ന് ഡെവലപ്പ് ചെയ്യുക അതിന്റെ ഡോസ് ഫിക്സ് ചെയ്യുക.അത് കഴിഞ്ഞാൽ ഡ്രഗ് ലൈസൻസ് എടുക്കുക, ഇതാണ് ആദ്യഘട്ടം. അത് കഴിഞ്ഞാൽ ഈ മരുന്ന് മനുഷ്യ കോശങ്ങളിൽ ദോഷമൊന്നും ചെയ്യുന്നില്ല എന്ന റിപ്പോർട്ടിനായി രാജീവ് ഗാന്ധി ബയോടെക്നോളജി, സിഎസ്ഐആർ പാപ്പനംകോട് എന്നീ സ്ഥാപനങ്ങളിൽ സമർപ്പിക്കുകയും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എലികളിൽ 28 ദിവസം അതിന്റെ ഹൈ ഡോസ് മരുന്ന് പരീക്ഷിക്കുകയും, ആ പരീക്ഷണഫലം എത്തിക്കൽ കമ്മിറ്റി അപ്രൂവലിനു നൽകി. അവിടെനിന്ന് അപ്രൂവൽ കിട്ടുകയും, ആ അപ്രൂവലുമായി ഐ സി എം ആർ നുകീഴിലുള്ള ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഓഫ് ഇന്ത്യയിൽ(ctri ) 28/ 4/ 2020 രജിസ്ട്രേഷൻ ചെയ്യുകയും, ആ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് ക്ലിനിക്കൽ ട്രയൽ നടത്താൻ കേരള സർക്കാരിനോട് അപേക്ഷിച്ചത്. ആ അപേക്ഷയിന്മേൽ സർക്കാർ യാതൊരു നടപടിയും എടുത്തി ല്ലെന്നും തുടർന്ന് ഡോക്ടർ ഹരീന്ദ്രൻ തമിഴ്നാട്, കർണാടക, ആന്ധ്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതേ അപേക്ഷ സമർപ്പിക്കുകയും അവരുടെ അനുവാദത്തോടെ ക്ലിനിക്കൽ ടെസ്റ്റ് നടത്തി അതിന്മേലുള്ള റിപ്പോർട്ട് കേന്ദ്ര ഗവൺമെന്റിന്റെ ആയുഷ്, ഐ സി എം ആർ തുടങ്ങിയ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ കോവിഡ് മരുന്നെന്ന പ്രഖ്യാപനത്തിന്റെ അനുമതിക്കായി സമർപ്പിച്ച്‌ കാത്തിരിക്കുകയാണെന്ന് ഡോക്ടർ ഹരീന്ദ്രൻ പറഞ്ഞു.

ലോകത്തുള്ള ഏത് മരുന്ന് കമ്പനികളും പിന്തുടരുന്ന നിയമങ്ങളും പ്രോട്ടോകോളും അനുസരിച്ച് പ്രവർത്തിച്ചിട്ടും എന്തുകൊണ്ട് നമ്മുടെ കേരളത്തിൽ മാത്രം ഈ ആയുർവേദ മരുന്നിന് ഒരു പരിഗണന കൊടുത്തില്ല? ഒരുപക്ഷേ കോവിഡ് എന്ന മഹാമാരിക്ക് ഈ മരുന്നുകൾ ഒരു പ്രതിവിധിയായി മാറുകയാണെങ്കിൽ കേരളം ആ വ്യക്തിയോടും പ്രസ്ഥാനത്തിനോടും കാണിച്ച അവഗണന പൊറുക്കാനാവാത്ത ഒരു മഹാ അപരാധം ആയി മാറില്ലേ? ഏതാണ്ട് 80 കളിൽ തുടങ്ങി ആയുർവേദ ഉല്പാദന വിതരണ മേഖലകളിൽ മുൻനിര സാന്നിധ്യമായ പങ്കജകസ്തൂരിയുടെ നാനൂറോളം മരുന്നുകൾ ഇപ്പോൾ വിപണിയിലുണ്ട്. മനുഷ്യന് ദോഷം മാത്രം ചെയ്യുന്ന വിദേശമദ്യ നിയമങ്ങളിൽ സംസ്ഥാനം എന്തെല്ലാം വിട്ടുവീഴ്ച ചെയ്യാറുണ്ട്. പലപ്പോഴും നിയമങ്ങൾ വരെ നമ്മൾ മാറ്റി എഴുതിയിട്ടില്ലേ? എന്നാൽ നമ്മുടെ സ്വന്തം ആയുർവേദത്തിന് വേണ്ടി ചെറുതായെങ്കിലും വിട്ടുവീഴ്ച മനോഭാവം നമുക്ക് കാണിക്കാമായിരുന്നില്ലേ ? രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച ഡോക്ടർ ഹരീന്ദ്രൻ എന്തായാലും മദ്യമാഫിയ കളെക്കാൾ വിശ്വസിക്കാവുന്ന തല്ലേ? ഞാൻ ടീച്ചറിനെ കുറ്റപ്പെടുത്തിയത് അല്ല… എനിക്ക് തോന്നുന്നു ഇവിടത്തെ രാഷ്ട്രീയ വ്യവസ്ഥകൾ ഒരു പക്ഷേ ടീച്ചറിനെ പോലും കൂച്ചുവിലങ്ങു ഇട്ടിരിക്കാം. സത്യാവസ്ഥ എനിക്കറിയില്ല.. പക്ഷേ ഒന്നെനിക്കറിയാം ഈ കോവിഡ് കാലത്ത് ടീച്ചറിന്റെയും എന്റെയും നമ്മുടെയെല്ലാം തലപ്പത്ത് ആദരണീയനായ ഉമ്മൻചാണ്ടി ആയിരുന്നെങ്കിൽ തീർച്ചയായും ഇതിനെ പ്രോത്സാഹിപ്പിച്ചേനേ … എനിക്ക് ഒരു പാർട്ടിയോടും വിധേയത്വം ഉണ്ടെന്ന് തെറ്റിദ്ധരിക്കേണ്ട.. ഒരു സത്യം പറഞ്ഞു എന്ന് മാത്രം…

കലാനിലയം ഹരികൃഷ്ണൻ