അവയവദാനം മഹാദാനം ഇന്ന് അവയവദാന ദിനം

ഇന്ന് അവയവദാന ദിനം

ആഗസ്റ്റ് 13 ലോക അവയവദാന ദിനം. അവയവ ദാനത്തിന്റെ മഹത്വവുമായി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തി വീണ്ടുമൊരു അവയവദാനദിനം കൂടി. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണെന്നാണ് കണക്ക്. മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് 8 പേരുടെ ജീവന്‍ രക്ഷിക്കാമെന്നിരിക്കെയാണ് ഇത്രയും പേരെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വരുന്നത്. ഇവിടെയാണ് ലോക അവയവ ദാന ദിനത്തിന്‍റെ പ്രസക്തി. മുന്‍കാലങ്ങളെ അപേക്ഷിച്ച് മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് മുന്‍കൈയെടുക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ദിനം കൊണ്ടുദ്ദേശിക്കുന്ന പോലെ വലിയ ഒരു മാറ്റം കൊണ്ടുവരാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു അതിനുള്ള ഓര്‍മ്മപ്പെടുത്തലായാണ് ലോകം ഇന്ന് അവയവദാന ദിനമായി ആചരിക്കുന്നത്. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് ഈ ഭൂമിയില്‍ നിന്നും വിടവാങ്ങുന്നത്. രാജ്യത്ത് വര്‍ഷം ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവയെല്ലാം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നത് അടുത്ത ബന്ധുക്കള്‍ തമ്മില്‍ മാത്രമാണ്. ഈ വേലികെട്ടിനപ്പുറത്തേക്ക് അവയവ ദാനം എന്ന മഹാദാനം എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സന്നദ്ധ സംഘടനകളും. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്‍റെ കാരുണ്യം കൂടെ ചേർത്തു വച്ചു മാത്രമേ അവയവമാറ്റിവയ്ക്കൽ സാധ്യകാവുകയുള്ളൂ. അവയവമാറ്റിവയ്ക്കൽ സാധ്യമാവണമെങ്കിൽ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യൻ ഈ രീതിയിൽ പ്രകടിപ്പിച്ചാൽ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ. കേരളത്തിൽ അവയവദാനം ഇന്ന് സാധാരണമായി കഴിഞ്ഞു. അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ അതിനോടുള്ള ആളുകളുടെ മനോഭാവത്തിലും വലിയ മാറ്റമാണ് പ്രകടമാവുന്നത്. എന്നാൽ നിയമപരമായ അവയവദാനത്തെ കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ലെന്നതാണ് വാസ്തവം. അവയവ ദാനത്തിൽ ഓർക്കേണ്ട പ്രധാനപ്പെട്ട കാര്യം, സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കിൽ കണ്ണിന്റെ നേത്രപടലങ്ങൾ മാത്രമേ ദാനം ചെയ്യാനാകൂ. മസ്തിഷ്ക മരണം സംഭവിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് മറ്റ് അവയവങ്ങൾ ദാനം ചെയ്യാനാകുക. അത്തരം സാഹചര്യത്തിൽ ഹൃദയവും കരളും വൃക്കകളും പാൻക്രിയാസും ശ്വാസകോശവും ഉൾപ്പെടെയുള്ള വിലപ്പെട്ട അവയവങ്ങളെല്ലാം ദാനം ചെയ്യാം. അവയവദാന സമ്മതപത്രം സ്വബോധത്തോടെ ജീവിച്ചിരിക്കുമ്പോൾ ചെയ്യേണ്ട ഒന്നാണ്. അതിനായി ഒരു സമ്മതപത്രം തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. ആ സമ്മതം നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയും വേണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് മസ്തിഷ്ക മരണം സംഭവിക്കുന്ന പക്ഷം അവയവം ദാനം ചെയ്യാൻ നിങ്ങൾ തയ്യാറാണെന്ന വിവരം അവർക്ക് അറിയാൻ സാധിക്കൂ. ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ മരണാനന്തരം ദാനം ചെയ്യാൻ സാധിക്കുകയുള്ളൂ. അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുതാര്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ചിട്ടുള്ളതാണ് മൃതസഞ്ജീവനി പദ്ധതി. നിങ്ങൾ അവയവദാതാവാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ knos.org.inഎന്ന വെബ്സൈറ്റ് വഴി നിങ്ങൾക്ക് അക്കാര്യം ഉറപ്പാക്കാം. അതിൽ Donor Card എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്യാനുള്ള ഫോം പ്രത്യക്ഷപ്പെടും. പേര്, ജനനത്തിയതി, വയസ്സ്, രക്തഗ്രൂപ്പ് എന്നിവയ്ക്കൊപ്പം ഏതെല്ലാം അവയവങ്ങളാണ് മരണാനന്തരം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന വിവരവും കൃത്യമായി പൂരിപ്പിക്കുക. അതിനുശേഷം നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. അതിനു താഴെയായി അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട അടുത്ത ബന്ധുവിന്റെ ഫോൺ നമ്പറും അഡ്രസും രേഖപ്പെടുത്തണം. ആവശ്യമായ വിവരങ്ങൾ എല്ലാം നൽകിയ ശേഷം Confirm എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾ രേഖപ്പെടുത്തിയ വിവരങ്ങൾക്ക് അനുസരിച്ച് ഫോട്ടോ പതിച്ച ഒരു കാർഡ് ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് പ്ലാസ്റ്റിക് കാർഡാക്കി ലാമിനേറ്റ് ചെയ്തോ അല്ലാതെയോ നിങ്ങൾക്ക് സൂക്ഷിക്കാം. നിങ്ങൾ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധനാണെന്നുള്ളതിന്റെ സാക്ഷ്യപത്രമായിരിക്കും ഈ കാർഡ്. ഇക്കാര്യം അടുത്ത ബന്ധക്കളോടും നിങ്ങൾ പങ്കുവച്ചിരിക്കണം. അവയവങ്ങൾ ആവശ്യമുള്ളവർ ഈ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കണം. യോജിക്കുന്ന അവയവം ലഭ്യമാകുമ്പോൾ സീനിയോറിട്ടി പ്രകാരം അത് ആവശ്യക്കാർക്ക് ലഭ്യമാക്കും.കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗ് (കെനോസ്) എന്ന വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളുമുണ്ട്. കേന്ദ്രസർക്കാറിന്റെ ഉദ്യമത്തിൽ പങ്കാളിയാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ NOTTOഎന്ന വെബ്സൈറ്റിലെ സേവനങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. അതുകൊണ്ട് ഇനിയും മടിച്ചുനിൽക്കാതെ സർക്കാർ സംവിധാനത്തിലൂടെ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാനുള്ള ഉദ്യമത്തിൽ പങ്കാളികളാകുക. മരണത്തിലൂടെ ജീർണിച്ചുപോയേക്കാവുന്ന നിങ്ങളുടെ അവയവങ്ങൾ പലരിലൂടെ വീണ്ടും ജീവിക്കുന്നുവെങ്കിൽ അതിൽപരം പുണ്യം മറ്റെന്തുണ്ട്?