ഇന്ന് ലോക ഗൗളി/പല്ലി ദിനം(World Lizard Day)

ഇന്ന് ലോക ഗൗളി/പല്ലി ദിനം(World Lizard Day)

ഓഗസ്റ്റ് 14 ലോക ഗൗളി/പല്ലി ദിനം. ദക്ഷിണ പൂർവേഷ്യയാണ് ഇവയുടെ സ്വദേശം. കപ്പലുകളിലൂടെ ലോകം മുഴുവൻ പടർന്നിട്ടുള്ള ഇവ അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ പകുതിയിലും ആസ്ട്രേലിയയിലും, മദ്ധ്യ, ദക്ഷിണ അമേരിക്കയിലെ മിക്ക രാജ്യങ്ങളും, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലും മറ്റും കാണപ്പെടുന്നുണ്ട്. ഓന്ത്, അരണ തുടങ്ങിയവ ഇവയുടെ വിഭാഗത്തിൽ ഉൾപ്പെടുന്നു. അതിൽ ഏറ്റവും വലിപ്പമേറിയവയാണ് ഉടുമ്പുകൾ. ചുമരുകളിലെ വിള്ളലുകളിലും, ഇരുളടഞ്ഞ ഇടങ്ങളിലും പകൽസമയം ഒളിച്ചിരുന്ന് സന്ധ്യയാകുന്നതോടെ ഇര തേടാനിറങ്ങുന്ന ഇവയാണ് മനുഷ്യരോട് ഏറ്റവും അടുത്ത് കഴിയുന്ന ഉരഗവർഗ്ഗം. ഇവ കൂടാതെ മരങ്ങളിലും പാറക്കെട്ടുകളിലും ജീവിക്കുന്നവയുമുണ്ട്. നീളമുള്ള വാലുകൾ സ്വയം മുറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഈ ജീവികൾക്ക് കഴിയും. ഏഴര മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഇവയ്ക്ക് നീളമുണ്ടാകും. ഇവ നിരുപദ്രവകാരികളാണ്. ഇവയ്ക്ക് വിഷമില്ല.

പല്ലുകളുടെ നെറ്റി അകത്തേയ്ക്ക് കുഴിഞ്ഞതും ചെവിയുടെ ദ്വാരം ചെറുതും വട്ടത്തിലുള്ളതുമായിരിക്കും. വിരലുകൾ സാമാന്യം വിടർന്നതും സ്വതന്ത്രവുമാണ്. അകത്തെ വിരലിൽ അനക്കാനാവാത്ത ഒരു നഖമുണ്ട്. ശരീരത്തിന്റെ മുകൾഭാഗത്ത് ചെറിയ തരികൾ (granules) മാതിരി കാണപ്പെടും. മൂക്കിലാണ് ഏറ്റവും വലിയ തരികൾ കാണപ്പെടുന്നത്. ഉടലിന്റെ പിന്നിലായി ഈ തരികൾക്കൊപ്പം ട്യൂബർക്കിളുകളും (tubercles) കാണപ്പെടാറൂണ്ട്. ഇവ ചിലപ്പോൾ ഇല്ലാതെയുമിരിക്കാം. വാൽ ഉരുണ്ടതും വളരെച്ചെറിയ ശൽക്കങ്ങളാൽ മൂടപ്പെട്ടതുമാണ്. പല ഇനങ്ങളിലും വാൽ ഊർജ്ജം ശേഖരിച്ചുവയ്ക്കാനാണ് ഉപയോഗിക്കുന്നത്. ഒരു പ്രദേശത്തിൽ തനിക്കുള്ള അധികാരം മറ്റു ഗൗളികൾക്കുമുന്നിൽ പ്രദർശിപ്പിക്കാനും ഇതുപയോഗിക്കുമത്രേ. ആൺ പല്ലികൾ വാലുയർത്തി വിറപ്പിച്ച് മറ്റുള്ള ആൺ ഗൗളികളെ അകറ്റും. അറ്റു പോയാലും വാൽ പഴയ നിലയിലേയ്ക്ക് വളർന്നെത്തും. നിറം ചാരനിറം മുതൽ പിങ്ക് വരെയാവാം. ശരീരമാസകലം ഒരേനിറമാവുകയോ പല നിറങ്ങൾ ഇടകലർന്നു കാണുകയോ ചെയ്യാം. തലയിൽ ബ്രൗൺ നിറം കലർന്നു കാണാറുണ്ട്. ഗൗളികളെ കൂട്ടിനുള്ളിൽ വളർത്താൻ സാധിക്കും. ചൂടു നൽകുന്ന ഒരു സ്രോതസ്സും മറഞ്ഞിരിക്കാൻ സാധിക്കുന്ന ഒരു ഭാഗവുമുണ്ടെങ്കിൽ പല്ലികൾക്ക് ശരീരതാപനില സംരക്ഷിക്കാൻ സാധിക്കും. വായുവിൽ ജലാംശം നൽകുന്ന സംവിധാനങ്ങളും ചെടികളും മറ്റും വെള്ളം ഗൗളികൾക്ക് ലഭിക്കാനായി നൽകാവുന്നതാണ്. പല്ലിയുമായി ബന്ധപ്പെടുത്തിയുള്ള ഭാവി ഫലപ്രവചനം കേരളത്തിൽ ഗൗളിശാസ്ത്രം എന്നറിയപ്പെടുന്നു. പല്ലിയുടെ ചിലയ്ക്കലും വീഴ്ച്ചയും മറ്റും അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യവ്യാപാരങ്ങളുടെ പരിസമാപ്തിയെപ്പറ്റി ശുഭസൂചനയോ ദുസ്സൂചനയോ നൽകുന്നു എന്ന വിശ്വാസമാണ് ഇതിനാധാരം. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും പല്ലികൾ വിഷമുള്ള ജീവികളാണെന്ന അന്ധവിശ്വാസം നിലവിലുണ്ട്. ദക്ഷിണപൂർവ്വേഷ്യയിൽ, പല്ലികൾ ഭാഗ്യം കൊണ്ടുവരുന്നവരായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്ന ശബ്ദം കേൾക്കുന്നത് നിർഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസമുണ്ട്. മറ്റു ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്നതിന് മുൻപ് സംസാരിച്ചുകൊണ്ടിരുന്നയാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യം സത്യമാണ് എന്ന സൂചനയായാണ് ചിലയ്ക്കലിനെ കണക്കാക്കുന്നത്. ഒരു കാര്യത്തിനായി പുറപ്പെടുമ്പോൾ വീട്ടിന്റെ കിഴക്കേ ഭിത്തിയിലിരുന്ന് പല്ലി ചിലച്ചാൽ അത് ശുഭസൂചനയായും മറ്റു ഭിത്തികളിൽ നിന്ന് ചിലച്ചാൽ അശുഭസൂചനയായും കണക്കാക്കപ്പെടുന്നുണ്ട്. വലതു തോളിൽ പല്ലി വീണാൽ നല്ലതാണെന്നും ഇടതു തോളിലാണെങ്കിൽ ചീത്തയാണെന്നും വിശ്വാസമുണ്ട്. പഞ്ചാബിൽ ഗൗളിയെ സ്പർശിക്കുന്നത് കുഷ്ടരോഗം വരാൻ കാരണമാകും എന്ന് വിശ്വാസമുണ്ട്. യമനിലും മറ്റ് അറബ് രാജ്യങ്ങളിലും ഉറങ്ങിക്കിടക്കുന്നയാളുടെ മുഖത്തിനു കുറുകേ പല്ലി ഓടുന്നതുകൊണ്ടാണ് ത്വക്ക് രോഗങ്ങളുണ്ടാകുന്നത് എന്നൊരു വിശ്വാസമുണ്ട്.