മറുനാടൻ മലയാളി മലയാളിക്ക് ആവശ്യമോ??

മറുനാടൻ മലയാളി

ലോക്ഡൗണ് കാലത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ ചാനലുകളും സോഷ്യൽ മീഡിയകളും മാറിമാറി കണ്ടുകൊണ്ട് ഇരിക്കുമ്പോഴാണ് മറുനാടൻമലയാളി എന്ന ഒരു ഫേസ്ബുക്ക് പേജ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. കേരളത്തിൽ ബഹുനില കെട്ടിടങ്ങളും അത്യാധുനിക സ്റ്റുഡിയോകളും ഉപയോഗിച്ച് മുൻനിര ചാനലുകൾ ചെയ്യുന്ന അതേ ജോലി താരതമ്യേന ഒരു ചെറിയ സൗകര്യത്തിൽ അത്രത്തോളം ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത സ്റ്റുഡിയോയിൽ ഇരുന്ന് ഒരു മനുഷ്യൻ ‘തകർക്കുന്നു’. സത്യത്തിൽ അതിശയിച്ചുപോയി. അതുവരെ സോഷ്യൽ മീഡിയകൾ വലുതായി ശ്രദ്ധിക്കാതെ ഇരുന്ന എനിക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു അത്. പിന്നെ കൂടുതൽ ആഴത്തിൽ പഠിച്ചപ്പോൾ കോടിക്കണക്കിന് രൂപ മുടക്കി പ്രവർത്തിക്കുന്ന മുൻനിര ചാനലുകളോടൊപ്പം മലയാളിയുടെ മനസ്സിൽ മറുനാടന് സ്ഥാനം നേടാൻ കഴിഞ്ഞതായി എനിക്ക് ബോധ്യമായി. ഇതിന് കാരണം മറ്റൊന്നുമല്ല മറുനാടന്റെ മാധ്യമ ശൈലി തന്നെയാണ്. ഒരു കഷണം പേപ്പറും ഒരു പേനയും ഉണ്ടെങ്കിൽ കഴിവുള്ള ഒരു മാധ്യമപ്രവർത്തകന് സമൂഹത്തിന്റെ ചിന്തയെ തന്നെ മാറ്റിമറിക്കാൻ കഴിയും അതാണ് സത്യം. യഥാർത്ഥത്തിൽ എനിക്ക് സോഷ്യൽ മീഡിയയിൽ ഒരു ന്യൂസ് പോർട്ടൽ തുടങ്ങാൻ പ്രേരണയായത് മറുനാടൻ മലയാളിയാണ്. മാത്രമല്ല എന്റെ ഉള്ളിലെ ഒരു മാധ്യമ പാരമ്പര്യം എന്നെ അതിലേക്ക് വേഗത്തിൽ അടുപ്പിക്കാൻ സഹായിച്ചു.

കേരളത്തിലെ മാധ്യമപ്രവർത്തകരുടെ ഇടയിൽ സമൂഹത്തിനോട് പ്രതിബദ്ധതയുള്ള ഒരു മാധ്യമപ്രവർത്തകനാണ് ഷാജൻ സ്കറിയ എന്നാണ് എന്റെ അഭിപ്രായം. വ്യക്തിപരമായി ഷാജൻ സ്കറിയയെക്കുറിച്ച് പല അപവാദങ്ങളും കേൾക്കുന്നുണ്ടെങ്കിലും അതെല്ലാം സത്യം പറയുന്ന ഒരു വ്യക്തിയെ കുറിച്ച് സമൂഹത്തിനുള്ള സ്വാഭാവിക എതിർപ്പാണ് എന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. ഭഗവാൻമാരെ പോലും അപവാദ ത്തിൽ നിന്നും ഒഴിവാക്കി നിർത്താത്ത നാടാണല്ലോ നമ്മുടെ ഈ കൊച്ചു കേരളം. സ്വാഭാവികമായി മനുഷ്യനുണ്ടാകുന്ന ചില സ്വാർത്ഥതകളും ചില ചാപല്യങ്ങളും ഷാജൻ സ്കറിയക്കും ഉണ്ടാകാം. പക്ഷേ ഒരു വ്യക്തിയുടെ തെറ്റുകളെക്കാൾ ശരികൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് ഞാൻ കരുതുന്നു. ചില വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന വാർത്തകൾ മാറ്റി നിർത്തിയാൽ മറ്റെല്ലാവാർത്തകളും
കഴമ്പുള്ളതും പ്രാധാന്യമുള്ളതുമാണ്. സമൂഹത്തിലെ സാധാരണക്കാരന്റെ വിഷയങ്ങൾ ആത്മാർത്ഥമായും ധൈര്യമായും കൈകാര്യം ചെയ്യുന്ന മറുനാടന്റെ ശൈലി പ്രശംസനീയമാണ്. ഉദാഹരണത്തിന് കിംസ് ഹോസ്പിറ്റലിലെ ഡോക്ടറിന്റെ അശ്രദ്ധയെ കുറിച്ചും, വിവാഹം കഴിഞ്ഞ് 14-ാം ദിവസം കുഴഞ്ഞു വീണുമരിച്ച ശ്രുതി എന്ന പെൺകുട്ടിയുടെ വിഷയത്തെക്കുറിച്ചും അങ്ങനെ പലതും…പക്ഷേ ഇതിനെല്ലാം പരിഹാരം കണ്ടപ്പോൾ അതിന്റെ ക്രെഡിറ്റ് ചില മുൻനിര ചാനലുകൾ അടിച്ചു കൊണ്ടുപോയി അതും സ്വാഭാവികം.ഇതൊക്കെയാണെങ്കിലും എത്ര ശ്രമിച്ചിട്ടും കേരളത്തിലെ ചില വമ്പന്മാരുടെ കറണ്ട് ബില്ലിനെ പോലുള്ള പല വാർത്തകളും ശ്രദ്ധിക്കാതെയും പോകുന്നു.
എന്നിട്ടും തളരാതെയുള്ള ഷാജന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം കൂടുന്നതായി തോന്നുന്നു.

കേരളത്തിലെ ഒരു ഐഎഎസ് കാരന്റെ ഭാഷയിൽ പറഞ്ഞാൽ വമ്പൻ മാധ്യമ സ്രാവുകളുടെ ഇടയിൽ ഷാജൻ ഒരു ചെറു മത്സ്യമായി നീങ്ങുകയാണ്. ഭാവിയിൽ ആ ചെറു മത്സ്യം ഒരു വമ്പൻ മത്സ്യ കൂട്ടമായി മാറട്ടെ. അതിന്റെ അമരത്തിരുന്ന് പുതിയ ഒരു മാധ്യമ സംസ്കാരത്തിന് തുടക്കം കുറിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

കലാനിലയം ഹരികൃഷ്ണൻ