ദേശീയ ടാറ്റു/പച്ചകുത്തല്‍ ദിനം (National Tattoo Day)

പച്ചകുത്തല്‍ ദിനം

ഇന്ന് ജൂലൈ 17 ദേശീയ ടാറ്റു ദിനം. ടാറ്റൂ ഇന്നത്തെ കാലത്തെ ട്രെന്‍ഡ് ആണ്. നഗരങ്ങളില്‍ പടര്‍ന്നു പിടിച്ച ഈ ട്രെന്‍ഡ് ഇന്ന് ഗ്രാമങ്ങളിലും എത്തി നില്‍ക്കുന്നു. ചിലര്‍ ചെറിയ ചിത്രങ്ങള്‍ ടാറ്റൂ ചെയ്യുമ്പോള്‍ മറ്റുചിലര്‍ക്ക് പ്രിയം ദേഹം മുഴുവന്‍ ടാറ്റൂ കുത്താനാണ്‌. പെർമനന്റ് ടാറ്റൂവും ടെംപററി ടാറ്റൂവും ഇപ്പോൾ ലഭ്യമാണ്.
എന്നാല്‍ ട്രെന്‍ഡിനു പിന്നാലെ പായുന്നവര്‍ ടാറ്റു ചെയ്യുന്നതിനു മുൻപ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള വഴികൾ കൂടി അറിഞ്ഞിരിക്കണം.

എങ്ങനെയാണ് ടാറ്റൂ ചെയ്യുന്നത്? ടാറ്റൂ കുത്താന്‍ തീരുമാനിച്ചാല്‍ ഒരു ടാറ്റൂ വിദഗ്ധനെ സമീപിക്കാന്‍ ശ്രദ്ധിക്കണം. ലൈസെന്‍സഡ് ടാറ്റൂ വിദഗ്ധര്‍ ഈ രംഗത്തുണ്ട്. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്താണ് ടാറ്റൂ ചെയ്യുന്നത്. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാ(dermis)ണ് ഈ മഷി ആഴ്ന്നിറങ്ങുന്നത്. ടാറ്റൂ ചെയ്തതിനുശേഷം അവര്‍ നിർദേശിച്ച പരിചരണരീതി പിന്തുടരണം. ശരീരത്തിലുണ്ടായ മുറിവിനെപ്പോലെത്തന്നെ കുറച്ചു ദിവസത്തേക്ക് ഇതില്‍ ശ്രദ്ധ നല്‍കണം. ആദ്യമായി ടാറ്റൂ ചെയ്യുമ്പോള്‍ ചെറിയ നീറ്റലും വേദനയും സാധാരണമാണ്. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തിടത്ത് പുതിയ ചർമം വന്നു മൂടും. തുടർന്ന് ചർമം പഴയരൂപത്തിലാവും. പ്രമേഹരോഗികൾക്ക് മുറിവുണങ്ങാൻ ദീർഘസമയമെടുക്കുമെന്നതിനാൽ ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഹൃദയസംബന്ധിയായ രോഗമുള്ളവർ, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരും ടാറ്റൂ ചെയ്യും മുന്‍പ് ഡോക്ടറോട് അഭിപ്രായം തേടണം.

ടാറ്റൂ ചെയ്യുന്ന ചിലര്‍ക്ക് വളരെ അപൂര്‍വമായി അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ട്.ടാറ്റൂ ചെയ്യുന്ന മഷിയില്‍ നിന്നുണ്ടാകുന്ന അണുബാധയാണ് പ്രധാനമായും ഇവിടെ വില്ലന്‍. ഇതിനായി ചർമരോഗമുള്ളവർ ആദ്യം ഒരു ‘ടെസ്റ്റ് ഡോസ്’ എടുത്തതിനുശേഷം മാത്രം ടാറ്റൂചെയ്യുന്നതാണ് സുരക്ഷിതം.
വിറയലോടെയുള്ള കടുത്ത പനി, ടാറ്റൂ ചെയ്ത സ്ഥലത്ത് കഠിനമായ വേദന, ചുവന്നു തടിക്കുക, വെള്ളയോ മഞ്ഞയോ നിറത്തില്‍ സ്രവം വരുക, ശരീരവേദന, കൈകാല്‍ കഴപ്പ്, വയറിളക്കം, അമിതദാഹം, ഛർദ്ദി, തലചുറ്റല്‍ എന്നിവയുണ്ടായാല്‍ ഉടന്‍ വിദഗ്ധചികിത്സ തേടണം. റോഡരികിൽനിന്ന്‌ പച്ചകുത്തുന്നവരെ സമീപിക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന വസ്തുക്കൾ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ഇത് അണുവിമുക്തമാക്കണം എന്നതും നിര്‍ബന്ധമാണ്.
ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ (Bacterial infections) അണുവിമുക്തമല്ലാത്ത സൂചിയോ ഉപകരണങ്ങളോ ഉപയോഗിച്ചുള്ള ടാറ്റൂയിങ് വഴിയാണ് ഇതുണ്ടാകുന്നത്. ഒരു ടാറ്റൂ പ്രൊഫഷണലിൽനിന്ന് ടാറ്റൂ ചെയ്യുക എന്നതാണ് ആദ്യത്തെ പ്രതിരോധനടപടി. ടാറ്റൂചെയ്യുന്ന സലൂണുകൾക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണെങ്കിലും മിക്കയിടങ്ങളിലും ഇത് പാലിക്കാറില്ല.

ടാറ്റൂ ചെയ്ത ആദ്യ ആഴ്ചയിൽ വെയിൽകൊള്ളിക്കാതിരിക്കുക, പുഴയിലോ നീന്തൽക്കുളത്തിലോ കുളിക്കാതിരിക്കുക, ഏതെങ്കിലും തരത്തിലെ ക്രീമുകളോ മരുന്നുകളോ ഉപയോഗിക്കാതെയിരിക്കുക, എന്നാല്‍ നീറ്റലോ പുകച്ചിലോ ഉണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ക്രീമുകള്‍ പുരട്ടുക. എല്ലാറ്റിനുമുപരിയായി പച്ച കുത്തിയഭാഗം ശുചിയായി സൂക്ഷിക്കുക. വളരെ ചുരുക്കംപേര്‍ക്ക് മാത്രമാണ് ടാറ്റൂ ചെയ്യുന്നത് കൊണ്ട് ദീര്‍ഘകാലത്തേക്ക് അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്.