മരംമുറി കേസ്; സർക്കാരിനെതിരെ വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: മരംമുറി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരംകൊള്ളക്കേസിൽ സർക്കാരിന്റെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ് മരംമുറിക്കാൻ ഉത്തരവിട്ട റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകനെ ഇപ്പോഴും സംരക്ഷിക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിക്കു നേരെയുള്ള സർക്കാർ പീഡന അവസാനിപ്പിക്കുക, മാനദണ്ഡം ലംഘിച്ചു കൊണ്ടുള്ള സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഉപവാസ സമരം നടത്തുന്നത്.

കൊള്ളക്കാരെ സംരക്ഷിക്കുകയും സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ വിചിത്രനയം തിരുത്തും വരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ശാലിനിക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മരംമുറിക്കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്ന് യോഗത്തിൽ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എം എൽ എയും ആവശ്യപ്പെട്ടു.