വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെടുന്ന സൈനികർക്കെതിരെ നടപടി സ്വീകരിക്കാം; സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെടുന്ന സൈനികർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് കെ എം ജോസഫിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. 2018 ലെ വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധിയിലാണ് ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തിയത്. 2018ലെ വിധി സൈനിക നിയമത്തിന് ബാധകമല്ലെന്ന് കോടതി അറിയിച്ചു.

വിവാഹേതര ബന്ധം സംബന്ധിച്ച ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 497 ഭരണഘടനാവിരുദ്ധമാണെന്നും കാട്ടി കോടതി 2018ൽ എടുത്തുകളഞ്ഞിരുന്നു. എന്നാൽ ഇത് സായുധ സേനാംഗങ്ങൾക്ക് ബാധകമാണോയെന്ന് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് കോടതി വിധിപ്രസ്താവം നടത്തിയത്. ഭരണഘടനയുടെ 33-ാം അനുഛേദ പ്രകാരം ചില മൗലികാവകാശങ്ങളിൽ നിന്ന് സൈനികരെ ഒഴിവാക്കിയുള്ള നിയമനിർമാണങ്ങൾ ആകാമെന്നും കോടതി ചൂണ്ടിക്കാട്ടി.

2018ൽ നിയമത്തിലെ 497-ാം വകുപ്പും ക്രിമിനൽ നടപടി ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാ വിരുദ്ധമെന്ന് വിധി പ്രഖ്യാപിച്ചത് ജസ്റ്റിസ് നരിമാൻ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്.