പ്രതിദിന വേതനം വര്‍ധിപ്പിക്കണം; നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്‌

പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. സമരത്തിന്റെ ഭാഗമായി നാളെ തൃശൂര്‍ ജില്ലയില്‍ സ്വകാര്യ നഴ്‌സിംഗ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് നടക്കും. ഇതില്‍ ഒ.പി ബഹിഷ്‌കരിക്കുകയും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കുകയും ചെയ്യും.

അതേസമയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം തുടങ്ങാനാണ് യുഎന്‍എയുടെ തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട് രണ്ട് തവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫീസിലും തൃശ്ശൂര്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, കൊച്ചിയിലെ ചര്‍ച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചര്‍ച്ചയിലെ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്താതിരിക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ സംഘടന തീരുമാനിച്ചത്.

സംസ്ഥാന തൊഴില്‍ വകുപ്പിന്റെ നിയമങ്ങളെ വെല്ലുവിളിച്ചാണ് സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആവശ്യപ്പെട്ട വേതന വര്‍ധനവിന്റെ അന്‍പത് ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎന്‍എ ചൂണ്ടിക്കാട്ടി.