കലോത്സവം: കലാപ്രതിഭകൾക്ക് മാനസിക പിന്തുണയുമായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി

കോഴിക്കോട്: മാനസിക സംഘർഷങ്ങൾ ഇല്ലാതെ കലോത്സവത്തെ ആഘോഷമാക്കാൻ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി. കലോത്സവ വേദിയിൽ മത്സരത്തിനെത്തിയ വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയും കരുതലും നിയമ സഹായങ്ങളും നൽകുന്നതിനായി വിദഗ്ധരുടെ കൗൺസിലിംഗാണ് ഇവിടെ നൽകുന്നത്.

വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കും കൗൺസിലിംഗ് നൽകുന്നുണ്ട്. 4 ഡോക്ടർമാർ, 4 കൗൺസിലർമാർ എന്നിവരാണ് കൗൺസിലിംഗ് സേവനം ലഭ്യമാക്കുന്നത്. പൊതുജനങ്ങൾക്ക് നിയമങ്ങൾ സംബന്ധിച്ച ബോധവത്കരണവും നിയമ സഹായവും നൽകും. നിയമ ബോധവത്കരണം നടത്തുക, നിയമ അറിവുകൾ പങ്കുവെക്കുക, സഹായങ്ങൾ നൽകുക, നിയമ സംബന്ധിയായ പുസ്തകങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഇവിടെ ചെയ്യുന്നുണ്ട്. കൂടാതെ ലീഗൽ സർവീസസ് അതോറിറ്റി പരിഗണിക്കുന്ന വിഭാഗത്തിലുള്ള പരാതികൾ നേരിട്ട് സ്വീകരിക്കുകയും ചെയ്യും.

ജില്ലാ കോടതി ജഡ്ജ് കൃഷ്ണകുമാർ, സബ് ജഡ്ജ് എം.പി ഷൈജൽ എന്നിവരുടെ നേതൃത്വത്തിൽ പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.