അന്വേഷണങ്ങൾ പൂർത്തീകരിച്ച് കുറ്റക്കാരനല്ല എന്ന വിധിക്ക് ശേഷമാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്; ഇ പി ജയരാജൻ

തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അന്വേഷണങ്ങളും നടപടികളും പൂർത്തീകരിച്ച് കുറ്റക്കാരനല്ല എന്ന വിധിക്ക് ശേഷമാണ് അദ്ദേഹം വീണ്ടും മന്ത്രിസ്ഥാനത്തേക്ക് വരുന്നതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രസംഗം വളച്ചൊടിച്ചും തെറ്റായ പ്രയോഗങ്ങൾ നടത്തിയും അവ്യക്തതയുണ്ടാക്കി സജി ചെറിയാനെതിരെ ആക്ഷേപം ഉന്നയിച്ച് മാധ്യമങ്ങളിലൂടെ ബഹളം സൃഷ്ടിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നിരപരാധിത്വം തെളിയിക്കാൻ, സ്വന്തം ജനങ്ങളുടെ മുന്നിൽ സത്യം തെളിയിക്കാൻ മന്ത്രി സ്ഥാനത്ത് നിന്ന് മാറിനിന്ന ആളാണ് സജി ചെറിയാൻ. അതിന്റെ ഭാഗമായി നടന്ന അന്വേഷണങ്ങളും നടപടികളും പൂർത്തീകരിച്ച് സജിചെറിയാൻ കുറ്റക്കാരനല്ല എന്ന വിധിക്ക് ശേഷമാണ് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. പ്രസംഗം വിശദമായി പരിശോധിച്ചാണ് നീതിപീഠം വിധിപ്രസ്താവിച്ചത്. തെറ്റായെന്ന ഒരു പരാമർശവും ബഹുമാനപ്പെട്ട കോടതിയിൽ നിന്നുണ്ടായില്ല. സത്യപ്രതിജ്ഞാ ദിനം പ്രഖ്യാപിച്ചപ്പോഴാണ് ബഹിഷ്‌ക്കരണവുമായി യുഡിഎഫ് വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നത്. ഈ സംസ്ഥാനത്ത് നടക്കുന്ന ഒരു നല്ല കാര്യത്തിനും ക്രിയാത്മകമായ ഒരു നിലപാട് സ്വീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ല. പ്രത്യേകിച്ച് കോൺഗ്രസിന്. ജനകീയപ്രശ്നങ്ങളായി ഉയർത്തിക്കാട്ടാനും സംഘടിപ്പിക്കാനും ഒരു താൽപര്യവുമില്ല, വിഷയവുമില്ല. ഒരു ജനകീയ പ്രശ്നങ്ങളിലും ഇടപെടാൻ നിലവിൽ കോൺഗ്രസിന് കഴിയുന്നില്ലെന്നു മാത്രമല്ല സ്വന്തം സംഘടനയിലെ തമ്മിൽത്തല്ല് കൊണ്ട് പൊറുതിമുട്ടുകയുമാണ്. യുഡിഎഫിന് ആവശ്യം ഈ നാടിന്റെ സുഖകരമായ വളർച്ചയും പുരോഗതിയും അല്ല. അടിസ്ഥാനരഹിതമായ പ്രശ്നങ്ങൾ ഉന്നയിച്ച് അന്തരീക്ഷം വഷളാക്കി ഈ നാടിന്റെ പൊതുജീവിതത്തെ ദുസഹമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സഖാവ് സജി ചെറിയാൻ നാളെ വൈകുന്നേരം 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയുടെ ഭാഗമായി ഗവർണർ സത്യപ്രതിജ്ഞയ്ക്ക് സമയം നിശ്ചയിച്ച് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കും എന്ന യുഡിഎഫ് പ്രഖ്യാപനം.

തന്റെ പ്രസംഗം വളച്ചൊടിച്ചും തെറ്റായ പ്രയോഗങ്ങൾ നടത്തിയും അവ്യക്തതയുണ്ടാക്കി സജി ചെറിയാനെതിരെ ആക്ഷേപം ഉന്നയിച്ച് മാധ്യമങ്ങളിലൂടെ ബഹളം സൃഷ്ടിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നിരപരാധിത്വം തെളിയിക്കാൻ, സ്വന്തം ജനങ്ങളുടെ മുന്നിൽ സത്യം തെളിയിക്കാൻ മന്ത്രി സ്ഥാനത്ത് നിന്ന് മാറിനിന്ന ആളാണ് സജി ചെറിയാൻ. അതിന്റെ ഭാഗമായി നടന്ന അന്വേഷണങ്ങളും നടപടികളും പൂർത്തീകരിച്ച് സജിചെറിയാൻ കുറ്റക്കാരനല്ല എന്ന വിധിക്ക് ശേഷമാണ് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. പ്രസംഗം വിശദമായി പരിശോധിച്ചാണ് നീതിപീഠം വിധിപ്രസ്താവിച്ചത്. തെറ്റായെന്ന ഒരു പരാമർശവും ബഹുമാനപ്പെട്ട കോടതിയിൽ നിന്നുണ്ടായില്ല. സത്യപ്രതിജ്ഞാ ദിനം പ്രഖ്യാപിച്ചപ്പോഴാണ് ബഹിഷ്‌ക്കരണവുമായി യുഡിഎഫ് വരുന്നത്.

പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നത്. ഈ സംസ്ഥാനത്ത് നടക്കുന്ന ഒരു നല്ല കാര്യത്തിനും ക്രിയാത്മകമായ ഒരു നിലപാട് സ്വീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ല. പ്രത്യേകിച്ച് കോൺഗ്രസിന്. ജനകീയപ്രശ്നങ്ങളായി ഉയർത്തിക്കാട്ടാനും സംഘടിപ്പിക്കാനും ഒരു താൽപര്യവുമില്ല, വിഷയവുമില്ല. ഒരു ജനകീയ പ്രശ്നങ്ങളിലും ഇടപെടാൻ നിലവിൽ കോൺഗ്രസിന് കഴിയുന്നില്ലെന്നു മാത്രമല്ല സ്വന്തം സംഘടനയിലെ തമ്മിൽത്തല്ല് കൊണ്ട് പൊറുതിമുട്ടുകയുമാണ്. യുഡിഎഫിന് ആവശ്യം ഈ നാടിന്റെ സുഖകരമായ വളർച്ചയും പുരോഗതിയും അല്ല. അടിസ്ഥാനരഹിതമായ പ്രശ്നങ്ങൾ ഉന്നയിച്ച് അന്തരീക്ഷം വഷളാക്കി ഈ നാടിന്റെ പൊതുജീവിതത്തെ ദുസഹമാക്കുകയാണ് അവരുടെ ലക്ഷ്യം.

ഒരാൾ മന്ത്രിയാകുന്നതും ആകാതിരിക്കുന്നതും കൊണ്ട് എന്താണ് കോൺഗ്രസിനും യുഡിഎഫിനും പ്രശ്നം. മന്ത്രിയാകുന്നതിലൂടെ ഒരു വകുപ്പിനെ കൂടുതൽ ശ്രദ്ധിച്ച് സംസ്ഥാന ഭരണത്തിൽ മുഖ്യമന്ത്രിയെ സഹായിക്കുക എന്നതാണ് നടക്കുന്നത്. അത് നാടിന്റെ പൊതുവളർച്ചയ്ക്ക് ഗുണകരമാക്കു താനും. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് വകുപ്പുമായി ബന്ധപ്പെട്ടുള്ള വിവിധങ്ങളായ ബഹുജന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാധിക്കും. ഇത് എല്ലാവർക്കും ഗുണമുള്ളതാണ്.

നിലവിൽ സർക്കാരിനെതിരെ ഉയർത്തിവിടാൻ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാലും ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കാൻ കഴിയാത്തതിനാലും കോൺഗ്രസിനകത്ത് നടക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്. കോൺഗ്രസിനകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ശശിതരൂരിന്റെ വെളിപ്പെടുത്തൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പടെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് തിരിഞ്ഞ് സംഘർഷം നടക്കുകയാണ്. പ്രശ്നം കൂടുതൽ രൂക്ഷമാവുകയാണ്. സംഘടനാപരമായി കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണ്.

സിപിഐഎം നടത്തുന്ന പരിപാടികളിലും പാർട്ടിക്ക് ലഭിക്കുന്ന ജനപിന്തുണയിലും അസൂയപൂണ്ട് ദുഷ്ടലാക്കോടെയാണ് യുഡിഫ് മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമാണ് ബഹിഷ്‌കരണവും കരിദിനം ആചരിക്കലുമെല്ലാം. ഇതിനെ കുറിച്ചെല്ലാം യുഡിഎഫ് ഘടക കക്ഷികൾ ചിന്തിക്കുന്നത് നല്ലതാണ്. കോൺഗ്രസിന്റെ ഇത്തരം നിലപാടുകൾക്കൊപ്പം സഞ്ചരിക്കേണ്ടതുണ്ടോ എന്ന് ഘടക പാർട്ടികൾ ആലോചിക്കണം. ഇത്തരം അപക്വമായ നിലപാടുകളെ തള്ളിക്കളയാനും ജനങ്ങളുടെ പൊതുവായ വിഷയങ്ങൾ പരിഹരിക്കുന്നതിന് മുന്നോട്ടുവരാനുമാണ് യുഡിഎഫിലെ ഘടകകക്ഷികളായ പാർട്ടികളോടും അവരുടെ പിന്നിൽ അണിനിരക്കുന്ന ജനങ്ങളോടും അഭ്യർത്ഥിക്കാനുള്ളത്.