അമേരിക്കയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിൽ ചൈനീസ് ഹാക്കർമാർ പണം മോഷ്ടിച്ചു; നഷ്ടമായത് 165 കോടി രൂപ

വാഷിങ്ടൺ: ചൈനീസ് ഹാക്കർമാർ അമേരിക്കയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം മോഷ്ടിച്ചതായി റിപ്പോർട്ട്. 165 കോടിയോളം രൂപയാണ് (രണ്ടുകോടി ഡോളർ) മോഷ്ടിക്കപ്പെട്ടത്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള എപിടി 41 എന്ന ഹാക്കിങ് വിഭാഗമാണ് മോഷണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎസ്എയിലെ വിവിധ സ്റ്റേറ്റുകളിൽ ചെറിയ ബിസിനസ് ലോണുകൾ നൽകുന്നതിനും തൊഴിലില്ലായ്മാ ഫണ്ടിനുമായി വകയിരുത്തിയ പണമാണ് മോഷ്ടിക്കപ്പെട്ടത്.

ചൈനയിലെ ചെങ്ദു കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2000 അക്കൗണ്ടുകളിലൂടെയാണ് അമേരിക്കയുടെ കോവിഡ് ഫണ്ട് മോഷ്ടിച്ചെന്നാണ് പുറത്തു വരുന്ന വിവരം. 2020 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. നാൽപതിനായിരത്തോളം സാമ്പത്തിക ഇടപാടുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയതെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭരണകൂടത്തിന്റെ അറിവോടെ മറ്റൊരു രാജ്യത്തിന്റെ ദുരിതാശ്വാസ ഫണ്ട് മോഷ്ടിക്കുന്ന ലോകത്തെ ആദ്യത്തെ സംഭവമാണിതെന്നാണ് അമേരിക്കയുടെ ആരോപണം.