ഹിമാചലിന്റെ ‘പ്രിയങ്കരി’യായി പ്രിയങ്ക; ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്‌

പുതിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ കീഴില്‍ പ്രിയങ്കാ ഗാന്ധിയാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലും സോണിയ ഗാന്ധി ആരോഗ്യകാരണങ്ങളാല്‍ വീട്ടിലും ഒതുങ്ങിയപ്പോള്‍, ഹിമാചലില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം പ്രിയങ്ക ഏറ്റെടുത്തു.

അതേസമയം, ഹിമാചലില്‍ സ്വന്തമായി വീടുള്ള പ്രിയങ്ക, ഹിമാചലുകാരുടെ പ്രിയപ്പെട്ട നാട്ടുകാരി കൂടിയായതിനാല്‍ അവിടത്തെ ഗ്രാമീണരുടെ ‘പള്‍സ്’ അറിഞ്ഞായിരുന്നു പ്രിയങ്കയുടെ പ്രചരണം. ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പഴയ പെന്‍ഷന്‍ പദ്ധതി (ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം) പുനഃസ്ഥാപിക്കും, കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ അഗ്‌നിപഥ് പദ്ധതി അവസാനിപ്പിക്കും’. സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 680 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സര്‍ക്കാര്‍ ജോലി, യുവാക്കള്‍ക്ക് 5 ലക്ഷം തൊഴില്‍, ഓരോ നിയമസഭാ മണ്ഡലത്തിലും 4 വീതം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, മൊബൈല്‍ ചികിത്സാ ക്ലിനിക്കുകള്‍, ഫാം ഉടമകള്‍ക്ക് ഉല്‍പന്നങ്ങളുടെ വിലനിര്‍ണയാധികാരം നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളുമായി സ്ത്രീ വോട്ടര്‍മാരുടെ മനസില്‍ ഇടം നേടാനും പ്രിയങ്കയ്ക്കായി.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സ്വന്തം തട്ടകത്തിലാണ് ബിജെപിയെ ‘മലര്‍ത്തിയടിച്ച്’ കോണ്‍ഗ്രസ് വിജയം നേടിയത്. ഇത് പ്രിയങ്കയുടെ ‘സ്വകാര്യ’ വിജയം കൂടിയാണ്. 40 സീറ്റുകള്‍ കോണ്‍ഗ്രസിനു നേടാനായപ്പോള്‍ ബിജെപി 25 സീറ്റുകള്‍ നേടി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റും കോണ്‍ഗ്രസ് 22 സീറ്റുമാണ് നേടിയത്.