‘എത്രയും വേഗം അസുഖം മാറി തിരിച്ചെത്തട്ടെ’; കോടിയേരിക്ക് ആശംസകളുമായി വിവിധ രാഷ്ട്രീയ നേതാക്കള്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് ചികിത്സയ്ക്കായി വിശ്രമത്തില്‍ പ്രവേശിക്കുന്ന കോടിയേരി ബാലകൃഷ്ണന് പല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം പറയുന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. കൊച്ചുമക്കള്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന കോടിയേരി ബാലകൃഷ്ണന്റെ പഴയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 15 ദിവസത്തെ വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയിലേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് കോടിയേരിയ്ക്ക് സ്‌നേഹാശംസകളുമായി രാഷ്ട്രീയ കേരളം രംഗത്തെത്തിയത്.

മുസ്ലീം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ പി കെ അബ്ദുറബ്ബ്, കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് തുടങ്ങിയവര്‍ കോടിയേരി ബാലകൃഷ്ണന് ആശംസകള്‍ നേര്‍ന്നു. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പക്വതയോടെ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ആളാണ് കോടിയേരിയെന്നും അദ്ദേഹം എത്രയും വേഗം അസുഖം മാറി തിരിച്ചെത്തട്ടെയെന്നും പി കെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള കോടിയേരിയുടെ ചിത്രം സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു സിദ്ദിഖിന്റെ ആശംസ. എത്രയും വേഗം അസുഖം മാറി കര്‍മപഥത്തില്‍ തിരിച്ചെത്താന്‍ കോടിയേരിയ്ക്ക് കഴിയട്ടെ എന്ന് ടി സിദ്ദിഖ് ആശംസിച്ചു. രാഷ്ട്രീയവൈര്യം മറന്ന് ആര്‍എംപി പേജുകളില്‍ പോലും കോടിയേരിയ്ക്കായി ആശംസകള്‍ പ്രത്യക്ഷപ്പെട്ടു.

അതേസമയം, ചികിത്സയ്ക്കായി അവധി നല്‍കാമെന്നും താല്‍ക്കാലിക ചുമതല നല്‍കി ആരെയെങ്കിലും നിയോഗിച്ചാല്‍ പോരേയെന്നും നേതൃത്വം നിര്‍ദേശിച്ചെങ്കിലും സ്ഥിരം അധ്യക്ഷന്‍ വേണമെന്നായിരുന്നു കോടിയേരിയുടെ മറുപടി. ഈ സാഹചര്യത്തിലാണ് മന്ത്രി എം.വി ഗോവിന്ദനെ അടുത്ത സംസ്ഥാന സെക്രട്ടറിയായി ഇന്നലെ ചേര്‍ന്ന അവൈലബിള്‍ പിബി യോഗം തീരുമാനിച്ചത്.