വാട്സ്ആപ്പ് ബാങ്കിംഗ് എന്നാല്‍ എന്ത്?

ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മെസെഞ്ചര്‍ ആപ്പാണ് വാട്സ്ആപ്പ്. നിലവില്‍ വാട്സാപ്പിലൂടെയും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ ആക്‌സിസ് ബാങ്ക് പോലുള്ള രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവങ്ങള്‍ നല്‍കുന്നു. വാട്ട്‌സ്ആപ്പ് സേവങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമം നോക്കാം…

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ്

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്തിടെ ഉപഭോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ആരംഭിച്ചു. ഈ സംരംഭത്തിലൂടെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് പരിശോധിക്കാനും മിനി സ്റ്റേറ്റ്‌മെന്റുകള്‍ പോലുള്ള ബാങ്കിംഗ് സേവനങ്ങള്‍ നടത്താനും സാധിക്കുന്നു.അതിനായി ഉപഭോക്താക്കള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് ‘90226 90226’ എന്നതിലേക്ക് ‘ഹായ്’ എന്ന് സന്ദേശമയച്ച് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിനായി സൈന്‍ അപ്പ് ചെയ്യാം.

ഇത് ചെയ്തതിന് ശേഷം, എസ്ബിഐ ഉപഭോക്താക്കള്‍ക്ക് അവരുടെ വാട്ട്‌സ്ആപ്പില്‍ എസ്ബിഐയില്‍ നിന്ന് ഈ മറുപടി ലഭിക്കും; ‘നിങ്ങള്‍ എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ സമ്മതം നല്‍കുന്നതിനും, ബാങ്കില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് +917208933148 എന്ന നമ്ബറിലേക്ക്അക്കൗണ്ട് നമ്ബര്‍ എസ്എംഎസ് അയയ്ക്കുക. ഇതിലൂടെ ബാങ്കിംഗ് സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

എച്ച്ഡിഎഫ്‌സി ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ്

എച്ച്ഡിഎഫ്‌സി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിലൂടെ 24 മണിക്കൂര്‍ സേവനം ഉപയോക്താവിന് ലഭ്യമാകും. ഈ ഓഫര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ മാത്രമേ ലഭ്യമാകൂ. അതിനായി 70700 22222 എന്ന നമ്ബറിലേക്ക് ‘ഹായ്’ എന്ന സന്ദേശം അയക്കുക. എച്ച്ഡിഎഫ്‌സി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് രജിസ്ട്രേഷന്‍ ലളിതമായ രണ്ട് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ എസ്എംഎസ് വഴി ലഭിച്ച നിങ്ങളുടെ ഉപഭോക്തൃ ഐഡിയും ഒറ്റത്തവണ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

എച്ച്ഡിഎഫ്‌സി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിലൂടെ 90-ലധികം ഇടപാടുകളും സേവനങ്ങളും നടത്താം. ക്രെഡിറ്റ് കാര്‍ഡുകള്‍, ലോണുകള്‍ എന്നിവയ്ക്കായി അപേക്ഷിക്കാം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങള്‍ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് വഴി ചോദിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും.

ഐസിഐസിഐ ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ്

അവധി ദിവസങ്ങളില്‍ പോലും, ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിച്ച് തല്‍ക്ഷണ വായ്പകള്‍ക്ക് അപേക്ഷിക്കാം, ഫിക്സഡ് ഡെപ്പോസിറ്റ് നടത്താം. ബില്ലുകള്‍ അടയ്ക്കാം, വ്യാപാര സേവനങ്ങള്‍, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചെക്ക്ബുക്ക്, പാസ്ബുക്ക് എന്നിവയ്ക്ക് അപേക്ഷിക്കാം.

ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ബാലന്‍സ്, അവസാനത്തെ മൂന്ന് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി എന്നിവ പരിശോധിക്കാം. കൂടാതെ, അവരുടെ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുക അല്ലെങ്കില്‍ അണ്‍ബ്ലോക്ക് ചെയ്യുക, എന്നിവ ചെയ്യാം. കൂടാതെ അവരുടെ ക്രെഡിറ്റ് കാര്‍ഡിന്റെ കാലഹരണ തീയതിയും ഓഫറുകളും പരിശോധിക്കാനും കഴിയും.

ഐസിഐസിഐ ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിനായി 8640086400 എന്ന നമ്ബറിലേക്ക് ‘ഹായ്’ എന്ന സന്ദേശം അയക്കുക.
നിങ്ങള്‍ക്ക് 9542000030 നമ്ബറിലൂടെയും ബാങ്കിംഗ് സേവങ്ങള്‍ ലഭിക്കും.