ഓർഡിനൻസ് വിവാദം; ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്ന് സിപിഎം; പ്രശ്‌ന പരിഹാരത്തിന് സിപിഎം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ഓർഡിനൻസ് വിവാദവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായം. പ്രശ്‌ന പരിഹാരത്തിന് സിപിഎം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. നിയമ നിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കാനും തീരുമാനിച്ചു. ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തുകയും ചെയ്യും.

ഓർഡിനൻസ് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ഓർഡിനൻസുകളിൽ ഒപ്പിടാനാകില്ലെന്നും കൂടുതൽ പരിശോധന വേണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കാലാവധി അവസാനിക്കുന്ന ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

താൻ ഡൽഹിയിലെത്തിയത് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് എന്നാൽ എത്തിയതിന്റെ പിറ്റേദിവസം പതിമൂന്ന്, പതിനാല് ഫയലുകളാണ് ലഭിച്ചത്. നാല് ദിവസം കൊണ്ട് എങ്ങനെയാണ് ഇത്രയും ഫയലുകൾ പഠിക്കാതെ ഒപ്പിടാൻ സാധിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. ഫയലിലുള്ളത് എന്താണെന്ന് തനിക്കറിയണമെന്നും ഗവർണർ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനങ്ങൾ നടന്നിട്ടും ഓർഡിനൻസുകൾ നിയമമാക്കിയില്ല. ഓർഡിനൻസ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും അദ്ദേഹം ചോദിച്ചിരുന്നു.