വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്; പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്ന് പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും റിയാസ് ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ വക്കാലത്ത് ഏറ്റുപിടിക്കുകയാണ് വി ഡി സതീശൻ. കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ പ്രതിപക്ഷ നേതാവ് സംസ്ഥാനത്തെ പഴിക്കുകയാണെന്നും അവാസ്ഥവമായ കാര്യങ്ങൾ അദ്ദേഹം പറയുമ്പോൾ തനിക്ക് വാസ്ഥവമായത് പറയേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു മരണത്തെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ്. അപകടമുണ്ടായത് ദേശീയ പാതയിലാണെന്ന് അറിഞ്ഞിട്ടും പൊതുമരാമത്തിനും ഇതിൽ പങ്കുണ്ടെന്ന് ആരോപണമുന്നയിക്കുകയാണ്. മരണവീട്ടിൽ വച്ചാണ് അദ്ദേഹമിത് പറഞ്ഞത്. പ്രീ മൺസൂൺ വർക്ക് നടന്നില്ലെന്നത് വിചിത്രമായ വാദമാണെന്നും പ്രീ മൺസൂൺ വർക്ക് കൃത്യമായി നടക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പറഞ്ഞ കാര്യം വസ്തുതാ വിരുദ്ധമാണെന്നായിരുന്നു വി ഡി സതീശന്റെ പരാമർശം. പൊതുമരാമത്ത് വകുപ്പിലെ തർക്കം മൂലം പല പണികളും വൈകി. ദേശീയപാത റോഡുകളിൽ പിഡബ്ല്യുഡി പണി നടത്തുന്നത് എന്തിനാണ്. റോഡിലെ കുഴികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവാദികളാണ്. ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിന്റനൻസ് വൈകുകയാണെന്നും വി ഡി സതീശൻ ആരോപിച്ചിരുന്നു.

മന്ത്രി മുഹമ്മദ് റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങൾ തേടണം. പറയുന്ന കാര്യങ്ങൾ സുധാകരൻ ഗൗരവത്തിൽ എടുക്കാറുണ്ടായിരുന്നുവെന്നും ഉപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. റോഡ് നിർമ്മാണവും അറ്റകുറ്റ പണികളും കൃത്യമായി നടക്കുന്നില്ലെന്ന് മന്ത്രി അറിയണം. ജോലികൾ നടന്നിട്ടില്ല. വകുപ്പിലെ തർക്കം കാരണം പല ജോലികളും ടെൻഡർ ചെയ്യാൻ വൈകി. പൈസ അനുവദിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി അറിയണം. വായ്ത്താരിയും പിആർഡി വർക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.