ജി-7 ഉച്ചകോടി: ലോകനേതാക്കളുമായി സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി; വൈറലായി ചിത്രങ്ങള്‍

ബെര്‍ലിന്‍: ലോക നേതാക്കളുമായി ജി-7 ഉച്ചകോടിയില്‍ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമൊത്ത് ചായകുടിച്ച് സൗഹൃദം പങ്കിടുന്നതിന്റെയും ഇരുവരും ആലിംഗനം ചെയ്യുന്നതിന്റെയും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിന്റെയും ചിത്രങ്ങള്‍ വൈറലായി.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി മോദി കൈകോര്‍ത്ത് സംസാരിക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറകിലൂടെയെത്തി മോദിയെ തട്ടിവിളിക്കുന്നതിന്റെയും പിന്നാലെ പ്രധാനമന്ത്രി ബൈഡനുമായി കൈകോര്‍ത്ത് സൗഹൃദം പങ്കിടുന്നതിന്റെയും രസകരമായ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പുറമേ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ ഷുഗ എന്നീ നേതാക്കളാണ് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം, ഭക്ഷ്യസുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായി.