10 ജന്റം വോൾവോ ബസുകൾ ആക്രി വിലയ്ക്ക് വിൽക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന്റം വോൾവോ ബസുകൾ ആക്രി വിലയ്ക്ക് വിൽക്കാൻ കെഎസ്ആർടിസി. രണ്ടു വർഷമായി ഓടിക്കാതെ തേവര യാർഡിൽ ഇട്ടിരിക്കുന്ന 28 ബസുകളാണ് സാങ്കേതിക സമിതി പരിശോധിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് കെഎസ്ആർടിസി ഇത്തരമൊരു നടപടി സ്വീകരിച്ചത്.

കെഎസ്ആർടിസി എൻജിനിയർമാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജിലെ അദ്ധ്യാപകർ എന്നിവരടങ്ങുന്ന സമിതിയാണ് വാഹനങ്ങളിൽ പരിശോധന നടത്തിയത്. പൊളിക്കാൻ തീരുമാനിച്ച ബസുകൾ നന്നാക്കണമെങ്കിൽ 45 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും.

മറ്റ് നോൺ എ.സി ബസ്സുകൾ 920 എണ്ണം പൊളിച്ച് വിൽക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. സ്‌ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസ്സുകളിൽ 300 എണ്ണത്തിന്റെ ലേല നടപടികൾ അന്തിമ ഘട്ടത്തിലുമാണ്. ഇതിൽ 620 ബസ്സുകൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എംഎസ്ടിസി വഴി ലേലം ചെയ്യും. 300 എണ്ണം ഷോപ്പ് ഓൺ വീലാക്കും. 212 ബസുകൾ ഇതിനോടകം വിറ്റുപോയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, സ്‌ക്രാപ്പ് ചെയ്ത ബസ്സുകളുടെ എഞ്ചിനും മറ്റും മറ്റ് ബസ്സുകൾക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. പാറശാല, ഈഞ്ചക്കൽ, ചടയമംഗലം, ചാത്തന്നൂർ, കായംകുളം, ഇടപ്പാൾ , ചിറ്റൂർ യാർഡുകളിലുള്ള ഉപയോഗ യോഗ്യമായ ബസുകൾ നിരത്തിൽ ഇറക്കിയിട്ടുണ്ട്.