വെള്ളിയാഴ്ച്ച മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാൻ കഴിയും; ഗതാഗതമന്ത്രി

തിരുവനന്തപുരം: വെള്ളിയാഴ്ച്ച മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയെ നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റ് വിചാരിച്ചാൽ മാത്രം ശമ്പളം കൊടുക്കാനാകില്ല. അതുകൊണ്ടാണ് സർക്കാർ ഇടപെടുന്നതെന്നത്. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുമായി ഇന്നും ചർച്ച നടത്തി. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ധനവകുപ്പിന് കത്തു നൽകിയിട്ടുണ്ടെന്നും ഹൈദരാബാദിലുള്ള ധനമന്ത്രി ഇന്ന് തിരികെയെത്തിയാലുടൻ ഇക്കാര്യത്തിൽ താൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അഡീഷണൽ തുക അനുവദിക്കുന്നത് കടമാണോ ധനസഹായമാണോ വേണ്ടതെന്ന് ധനവകുപ്പ് തീരുമാനിക്കും. ശാശ്വത പരിഹാരത്തിനായി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ വാങ്ങുവാൻ മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നത്.

കെഎസ്ആർടിസി റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്. 2017-ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആർടിസി-സ്വിഫ്റ്റിനായി സർവ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. പുതിയ ബസുകൾ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.