ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്ത് പകർന്ന് രണ്ടു പടക്കപ്പലുകൾ കൂടി; സൂററ്റ്, ഉദയഗിരി യുദ്ധക്കപ്പലുകൾ നീറ്റിലിറങ്ങും

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്ത് പകരാൻ രണ്ടു പടക്കപ്പലുകൾ കൂടി പുറത്തിറങ്ങി. സൂററ്റ്, ഉദയഗിരി എന്ന രണ്ട് യുദ്ധക്കപ്പലുകളാണ് ഇന്ത്യൻ നാവികസേനയിൽ ഇന്ന് അണിചേരുന്നത്. സൂറത്ത്, ഉദയഗിരി എന്നീ രണ്ട് മുൻനിര യുദ്ധക്കപ്പലുകൾ മുംബൈയിലെ മസഗോൺഡോക്‌സിൽ നടക്കുന്ന ചടങ്ങിൽ നീറ്റിലിറങ്ങും. നേവൽ ഡിസൈൻ ഡയറക്ടറേറ്റ് ആണ് രണ്ട് കപ്പലുകളും രൂപകല്പന ചെയ്തത്.

ഇന്ത്യ തദ്ദേശീയമായാണ് കപ്പലുകൾ നിർമ്മിച്ചിട്ടുള്ളത്. പ്രൊജക്റ്റ് 15 പിയുടെ ഭാഗമായി നിർമ്മിച്ച ഡിസ്‌ട്രോയർ വിഭാഗത്തിൽ വരുന്ന നാലാമത്തെയും അവസാനത്തെയും കപ്പലാണ് സൂററ്റ്. ബ്ലോക്ക് നിർമ്മാണ രീതിയിൽ രണ്ടിടങ്ങളിലായി നിർമ്മിച്ച മസഗോൺഡോക്‌സിൽ വെച്ച് സംയോജിപ്പിച്ചാണ് സൂററ്റ് നിർമ്മിച്ചത്. സൂറത്ത് നഗരത്തിന്റെ കപ്പൽ നിർമ്മാണ പാരമ്പര്യം അടയാളപ്പെടുത്താനായാണ് കപ്പലിന് സൂററ്റ് എന്ന പേര് നൽകിയത്.

പ്രോജക്ട് 17 എ യുടെ ഭാഗമായാണ് ഫ്രിഗേറ്റ് വിഭാഗത്തിൽ പെടുന്ന ഉദയഗിരി നിർമ്മിച്ചത്. അത്യാധുനിക ആയുധങ്ങളും സെൻസറുകളും ശിവാലിക് ക്ലാസിൽ പെടുന്ന ഉദയഗിരിയിലുണ്ട്.