മഴ തുടരുന്നു; കൊച്ചി വെള്ളത്തില്‍; ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: കനത്ത മഴയില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം, കൊല്ലം ജില്ലയില്‍യെല്ലോ അലര്‍ട്ടും, മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്.

കൊച്ചിയിലെ കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും വീടുകളില്‍ വെള്ളം കയറി. തൃപ്പുണിത്തുറയില്‍ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എംജി റോഡ്, കലൂര്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടര്‍ന്ന് കടകളിലേക്ക് വെള്ളം കയറി. പശ്ചിമ കൊച്ചിയിലും പലയിടത്തും വെള്ളം കയറി.
കോട്ടയം ജില്ലയിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മീനച്ചില്‍ മണിമല ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. മഴ കനത്തതോടെ കാസര്‍കോട് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കും. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. കനത്തമഴയില്‍ ഇരിങ്ങാലക്കുട കാറളത്തും പൂമംഗലത്തും കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ രാവിലേയും തുടരുകയാണ്.

അതേസമയം, ജലനിരപ്പ് ഉയര്‍ന്നതിനേ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇപ്പോഴത്തെ നില 32.10 ആണ് ഇടമലയാറില്‍ നിന്നും ലോവര്‍പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ചക്രവാതച്ചുഴിയാണ് കേരളത്തില്‍ കനത്ത മഴക്ക് കാരണം. നിലവില്‍ ചക്രവാതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്.