‘മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാല്‍; ഭക്ഷണശാലകളിലെ ഹലാല്‍ ബോര്‍ഡ് സര്‍ക്കാര്‍ നിരോധിക്കണം’: ബിജെപി നേതാവ് പി. സുധീര്‍

തിരുവനന്തപുരം: ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാല്‍ എന്നും പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാല്‍ ബോര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കണമെന്നും സുധീര്‍ പറഞ്ഞു.

‘സമീപകാലത്ത് എവിടെയെങ്കിലും ഹലാല്‍ ബോര്‍ഡുകള്‍ കണ്ടിട്ടുണ്ടോ? പൊടുന്നനെയാണ് എല്ലാ പ്രധാന സ്ഥലങ്ങളിലും ഹലാല്‍ ബോര്‍ഡുകള്‍ കാണാന്‍ കഴിഞ്ഞത്. ഇതിന് കാരണം തീവ്രവാദികള്‍ മതത്തെ കൂട്ടുപിടിക്കുന്നതാണ്. മത പണ്ഡിതന്മാര്‍ ഇത് തിരുത്താന്‍ തയ്യാറാകണം’- സുധീര്‍ ആവശ്യപ്പെട്ടു. ‘ഇസ്ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. ഇതിന് മതത്തിന്റെ മുഖാവരണം നല്‍കി കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുകയാണ്. അതിന് വേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണെന്നും’ അദ്ദേഹം ആരോപിച്ചു.

ഇത്തരത്തിലുള്ള തീവ്രവാദ സംഘടനകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് ആരോഗ്യപരമായ പ്രശ്നവും ഹലാലില്‍ വിശ്വസിക്കാത്ത ജനങ്ങളുടെ വിശ്വാസത്തിലേക്കുള്ള കടന്നു കയറ്റവുമാണ്. ഇത് മതത്തിന്റെ പേരിലാണ് ചെയ്യുന്നതെങ്കില്‍ ബന്ധപ്പെട്ട പണ്ഡിതന്‍മാര്‍ അത് തിരുത്തുവാന്‍ തയ്യാറാകണം. ഹലാലിനെ കുറിച്ച് പാര്‍ട്ടിക്ക് ഒറ്റ നിലപാടേയുള്ളൂ. അത് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. അതാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. പാര്‍ട്ടിയുടെ ഭാരവാഹികള്‍ വ്യക്തിപരമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അത് പാര്‍ട്ടി നിലപാടുമായി ചേര്‍ന്ന് പോകുന്നതാവണം. അല്ലാത്ത പക്ഷം അത് പാര്‍ട്ടി പരിശോധിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണ്. പോപ്പുലര്‍ഫ്രണ്ട് ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്നും സുധീര്‍ കുറ്റപ്പെടുത്തി.