സിറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം; ഇരുവിഭാഗങ്ങളുടെയും പോര് ശക്തമാകുന്നു

കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തില്‍ എറണാകുളം-അങ്കമാലി അതിരൂപയും സഭാ സിനഡും തമ്മിലുള്ള തര്‍ക്കം തുടരുന്നു. അടുത്ത ഞായറാഴ്ച രാവിലെ എട്ട് മണിക്ക് കൊച്ചിയില്‍ സഭാ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നെ പുതിയ ആരാധനാ ക്രമത്തില്‍ കുര്‍ബാന അര്‍പ്പിക്കും.

അതേസമയം, അന്നേദിവസം വൈകിട്ട് നിലവിലെ ആരാധനാക്രമത്തില്‍ കുര്‍ബാര്‍ അര്‍പ്പിച്ച് പ്രതിഷേധിക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. എറണാകുളം അങ്കമാലി അതിരൂപതിയിലെ മുന്നൂറോളം വൈദികരും പങ്കെടുക്കും. സിറോ മലബാര്‍ സഭയില്‍ നിലവിലെ രീതിയിലുളള ജനാഭിമുഖ കുര്‍ബാനക്ക് തുടക്കം കുറിച്ച കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ സ്മൃതി ദിനമായി ആചരിച്ചുകൊണ്ടാണ് പ്രതിഷേധം.

എറണാകുളം സെന്റ് മേരീസ് കത്തീട്രലില്‍ ഇന്നു രാവിലത്തെ കുര്‍ബാന സമയത്ത് ഇടവക വികാരി തന്നെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. റോമില്‍ നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സിനഡ് അംഗീകരിച്ചതുപോലെ തന്നെ പുതുക്കിയ കുര്‍ബാന ക്രമം അടുത്ത ഞായറാഴ്ച സഭയില്‍ നിലവില്‍ വരും. എറണാകുളം സെന്റ് മേരീസ് കത്തീട്രലില്‍ ആദ്യ കുര്‍ബാന അര്‍പ്പിക്കുമെങ്കിലും മറ്റ് ഇടവകകള്‍ക്ക് അടുത്ത ഈസ്റ്റര്‍ വരെ സാവകാശം അനുവദിച്ചിട്ടുണ്ട്.