സത്യപ്രതിജ്ഞാലംഘനം : ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും വീണ്ടും ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി. ഇത് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.മേയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രഫസര്‍ ആര്‍.ബിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്

ഡോ. ആര്‍.ബിന്ദുവെന്ന് തിരുത്തിയതായി അറിയിച്ചു കൊണ്ടാണ് ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ പ്രഫസര്‍ ആര്‍.ബിന്ദുവെന്ന പേരിലാണ് മന്ത്രി ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. പക്ഷെ, ഡോ. ബിന്ദു പ്രഫസറല്ലെന്നും ഇത് ആള്‍മാറാട്ടത്തിന് തുല്യവും ഭരണഘടനാ ലംഘനവുമാണെന്നും ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സര്‍ക്കാര്‍ തന്നെ തിരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സത്യപ്രതിജ്ഞ നടത്താന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്.