പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി ചോര്‍ന്നത് ഇങ്ങനെ; ജപ്പാന്‍ മോഡല്‍ ആക്രമണം ലക്ഷ്യമിട്ടെന്നും സൂചന

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്ക് ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ്കുമാര്‍ തയ്യാറാക്കിയ സുരക്ഷാ പദ്ധതി ചോര്‍ന്നത് തിരുവനന്തപുരം സിറ്റി പൊലീസില്‍ നിന്നാണെന്ന്ഇന്റലിജന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. സുരക്ഷാ പദ്ധതി ഡി.ജി.പി, എ.ഡി.ജി.പിമാര്‍, ഐ.ജിമാര്‍, റേഞ്ച് ഡി.ഐ.ജിമാര്‍ എന്നിവരെ കൂടാതെ തിരുവനന്തപുരം, കൊല്ലം കമ്മിഷണര്‍മാര്‍ക്കും അയച്ചുകൊടുത്തിരുന്നു. തിരുവനന്തപുരം കമ്മിഷണര്‍ക്ക് അയച്ച റിപ്പോര്‍ട്ട് അദ്ദേഹം അസി.കമ്മിഷണര്‍മാര്‍ക്കും ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള എസ്.എച്ച്.ഒമാര്‍ക്കും കൈമാറി. ഇതേത്തുടര്‍ന്നാണ്
പദ്ധതി ചോര്‍ന്നതെന്നാണ് കണ്ടെത്തല്‍.

അതേസമയം, ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രക്ഷോഭകാലത്ത് സുരക്ഷ, തൃശൂര്‍ പൂരം, ചില വി.ഐ.പികളുടെ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും സമാനമായി ചോര്‍ത്തിയിരുന്നു. തിരുവനന്തപുരം സിറ്റിയില്‍ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. അതിനിടെ, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്കുനേരേയുണ്ടായുണ്ടായ ആക്രമണത്തിന്റെ മാതൃകയിലാണ് ഇവിടെയും ആക്രമണത്തിന് ലക്ഷ്യമിട്ടതെന്നാണ് ഇന്റലിജന്‍സിന്റെ സംശയം. അതിനാലാണ് കൊച്ചിയിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ട്, പി.ഡി.പി, വെല്‍ഫയര്‍ പാര്‍ട്ടി, മാവോയിസ്റ്റുകള്‍ തുടങ്ങിയ സംഘടനകളില്‍ നിന്നാണ് പ്രധാനമായും ഭീഷണിയുയരുന്നത്. ‘പ്രധാനമന്ത്രിക്കു നേരെ ഉയരാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളുടെയും കരിങ്കൊടി പ്രകടനങ്ങളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിക്കണം. കേരളത്തില്‍ സി.പി.എമ്മും ആര്‍.എസ്.എസുമായി നിലനില്‍ക്കുന്ന ശത്രുത, വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധം, കേരളത്തിലുള്ളവര്‍ക്ക് ഐസ്‌ഐഎസുമായുള്ള ബന്ധം ഇതെല്ലാം ഗൗരവത്തോടെ കാണണം. പ്രാദേശിക സാഹചര്യങ്ങളും സുരക്ഷയ്ക്കായി കണക്കിലെടുക്കണം’- ഇന്റലിജന്‍സ് മേധാവി നിര്‍ദ്ദേശിച്ചു.