കേരളത്തില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു. രോഗതീവ്രതയിലോ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലോ വര്‍ധനയില്ലെങ്കിലും 19ന് അവസാനിച്ച ആഴ്ചയില്‍, സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതലാണന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവുമധികം എറണാകുളം ജില്ലയില്‍ 35 ശതമാനവും ആലപ്പുഴയില്‍ 20 ശതമാനവുമാണ് ടിപിആര്‍. സംസ്ഥാനത്തെ ആകെ ടിപിആര്‍ 28.25% ആണ്.

അതേസമയം, ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ സമൂഹവ്യാപന സൂചനയാണ്. രാജ്യത്ത് ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവുമധികം ടിപിആര്‍ കേരളത്തിലാണ്. ഒരു മാസം മുന്‍പു സംസ്ഥാനത്ത് 5 ശതമാനത്തില്‍ താഴെയായിരുന്നു ടിപിആര്‍. സംസ്ഥാനത്ത് ജാഗ്രതയും മുന്‍കരുതല്‍ നടപടിയും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ കേരള ആരോഗ്യവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനു കഴിഞ്ഞദിവസം കത്തു നല്‍കി. യുപി, തമിഴ്നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തു നല്‍കി.

‘ഏപ്രില്‍ 20ന് അവസാനിച്ച ആഴ്ചയില്‍ 10,262 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാര്‍ച്ച് മുതല്‍ രാജ്യത്ത് കോവിഡ് -19 കേസുകളുടെ സ്ഥിരമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. കോവിഡ് -19 മൂലമുള്ള ആശുപത്രിവാസവും മരണനിരക്കും കുറവാണെങ്കിലും, കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളോ ജില്ലകളോ അണുബാധയുടെ പ്രാദേശിക വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍, ഉയര്‍ന്ന പ്രതിദിന കേസുകള്‍ കൂടാതെ/അല്ലെങ്കില്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളുള്ള ഈ സംസ്ഥാനങ്ങളെയോ ജില്ലകളെയോ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്, കൂടാതെ പ്രാരംഭ ഘട്ടത്തില്‍ കുതിച്ചുചാട്ടം നിയന്ത്രിക്കാനും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കണം. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുന്നതിന് സഹായിക്കുന്നതിന് സമയബന്ധിതവും ക്രമാനുഗതവുമായ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നത് ഉറപ്പാക്കേണ്ടതും പ്രധാനമാണ്. ഉയര്‍ന്നു വരുന്ന അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനം കര്‍ശനമായ നിരീക്ഷണം നടത്തുകയും ആവശ്യമെങ്കില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പതിവ് നിരീക്ഷണവും തുടര്‍നടപടികളും നിര്‍ണായകമാണ്’- ഭൂഷണ്‍ ചൂണ്ടിക്കാട്ടി.