ഐപിഎൽ ലേലം; പുതിയ മാനദണ്ഡം ഏർപ്പെടുത്താനൊരുങ്ങി ബിസിസിഐ

ന്യൂഡൽഹി: ഐപിഎൽ ലേലത്തിൽ ഉൾപ്പെടാൻ പുതിയ മാനദണ്ഡം ഏർപ്പെടുത്താനൊരുങ്ങി ബിസിസിഐ. ഐപിഎൽ. കളിക്കണമെങ്കിൽ ഇനിമുതൽ കുറഞ്ഞത് മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും കളിച്ചിരിക്കണമെന്ന നിബന്ധനയാണ് പുതുതായി ഏർപ്പെടുത്തുന്നത്.

ഇഷാൻ കിഷനടക്കം രഞ്ജി ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതെന്നാണ് വിവരം.

പല താരങ്ങളും രഞ്ജി ട്രോഫി കളിക്കാതെ ഐപിഎൽ മാത്രം കളിക്കുന്ന പ്രവണത പുലർത്തുന്നുണ്ട്. ഇത് തടയാൻ കൂടിയാണ് ബിസിസിഐയുടെ നീക്കം. ദേശീയ ടീമിൽ നിറംമങ്ങി പുറത്തായാൽ, മുഷ്താഖ് അലി ട്രോഫിയിൽ മികച്ച കളി കളിക്കുന്നവരുണ്ട്. അവർ റെഡ്ബോൾ ക്രിക്കറ്റ് കളിക്കില്ല. ഈ പ്രവണത മറികടക്കാൻ മൂന്നോ നാലോ രഞ്ജി ട്രോഫിയിൽ കളിക്കണമെന്ന നിബന്ധന കൊണ്ടുവരുന്നതെന്നും അതിൽ പങ്കെടുക്കാത്ത പക്ഷം, അവർക്ക് ഐപിഎലിൽ കളിക്കാനോ ലേലത്തിൽ ഉൾപ്പെടാനോ പോലും പറ്റില്ലെന്നുമാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.