Technology (Page 93)

ഗൂഗിള്‍ സേവനങ്ങളെല്ലാം നമുക്ക് കൂടുതല്‍ സൗകര്യപ്രദവും സ്വകാര്യവുമാക്കുന്നതിനായി ഒരൊറ്റ അക്കൗണ്ടുമായി ഈ സേവനങ്ങള്‍ ലിങ്ക് ചെയ്യാന്‍ നിലവില്‍ ഗൂഗിള്‍ അനുവദിക്കുന്നുണ്ട്. ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത നഷ്ടങ്ങള്‍ തന്നെയാവും നമുക്ക് സംഭവിക്കുക. അതിനാല്‍, ഇത്തരം ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താമെന്നാണ് ഇവിടെ പറയുന്നത്.

അക്കൗണ്ട് ഹാക്ക് ചെയ്താല്‍ ഒരു സ്‌കാമര്‍ ആദ്യം ചെയ്യുക അതിന്റെ പാസ്‌വേര്‍ഡ് മാറ്റുക എന്നതാണ്. അതിനാല്‍, നിങ്ങളുടെ അക്കൗണ്ടില്‍ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ അക്കൗണ്ട് സെറ്റിംഗ്സില്‍ പോയി നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവിധ ആപ്ലിക്കേഷനുകളുടെയും പാസ്‌വേര്‍ഡ് മാറ്റുക.

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം

ഘട്ടം – 1: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറന്ന് ഇടത് നാവിഗേഷന്‍ പാനലില്‍ നിന്ന് ‘സെക്യൂരിറ്റി’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഘട്ടം – 2: അടുത്തതായി, ‘റീസെന്റ് സെക്യൂരിറ്റി ഇവന്റ്സ്’ പാനലിന് കീഴിലുള്ള ‘റിവ്യൂ സെക്യൂരിറ്റി ഇവന്റ്സ്’ ക്ലിക്കു ചെയ്യുക.

ഘട്ടം – 3: ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയിലെ വിവരങ്ങളില്‍ സംശയാസ്പദമായ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുക. അതില്‍ നിങ്ങള്‍ക്ക് അറിയാത്ത ഒരു പ്രവര്‍ത്തനം കണ്ടെത്തിയാല്‍ ‘നോ, ഇറ്റ് വാസ് നോട്ട് മീ’ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം ‘യെസ്’ തിരഞ്ഞെടുക്കുക.

ആരെങ്കിലും പുതിയൊരു ഡിവൈസിലൂടെ നിങ്ങളുടെ അക്കൗണ്ട് ക്രെഡന്‍ഷ്യലുകളിലേക്ക് കടന്നു കയറിയാല്‍ എന്ത് ചെയ്യാം?

ഘട്ടം – 1: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറന്ന്, ഇടത് നാവിഗേഷന്‍ പാനലില്‍ നിന്ന് ‘സെക്യൂരിറ്റി’ തിരഞ്ഞെടുക്കുക.

ഘട്ടം – 2: ഇപ്പോള്‍, ‘യുവര്‍ ഡിവൈസ് പാനല്‍’ ഓപ്ഷനിലെ ‘മാനേജ് ഡിവൈസ്’ തിരഞ്ഞെടുക്കുക.

ഘട്ടം – 3: അപ്പോള്‍ നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട് വഴി ലോഗിന്‍ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളുടെയും ലിസ്റ്റ് കാണാം.

ഘട്ടം – 4: ഇതില്‍ നിങ്ങള്‍ക്ക് പരിചിതമല്ലാത്ത ഒരു ഡിവൈസ് കണ്ടെത്തുകയാണെങ്കില്‍, ആ ഉപകരണത്തിന്റെ പേരിന് താഴെയുള്ള ‘മോര്‍ ഡീറ്റെയില്‍സ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം – 5: ഇനി, ‘ഡോണ്ട് റെക്കഗ്‌നൈസ് ദിസ് ഡിവൈസ്?’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം, അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യാനും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാനുമുള്ള തുടര്‍നടപടികള്‍ പിന്തുടരുക.

പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് പലപ്പോഴും ഉപയോക്താക്കളെ അമ്പരപ്പിക്കാറുണ്ട്. വോയ്സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഓഡിയോ താല്‍ക്കാലികമായി നിര്‍ത്താനും പുനരാരംഭിക്കാനും സാധിക്കുന്ന വിധത്തിലുള്ള ഫീച്ചര്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ് ഇപ്പോള്‍. തങ്ങളുടെ വോയിസ് മെസേജിങ് വിഭാഗത്തില്‍ പുതിയ പോസ് ബട്ടണ്‍ അവതരിപ്പിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. താല്‍ക്കാലികമായി റെക്കോര്‍ഡിങ് നിര്‍ത്താനുള്ള ബട്ടണ്‍ ടാപ്പുചെയ്താല്‍ നിങ്ങള്‍ റിസ്യൂം ചെയ്യുന്നത് വരെ അത് പോസ് ആയി കിടക്കുന്നു. തുടര്‍ന്ന് റെക്കോര്‍ഡ് ചെയ്യുന്ന വോയിസ് ഇടവേള ഇല്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുകയും ചെയ്യും.

പുതിയ ഫീച്ചര്‍ വരുന്നതോടെ ദൈര്‍ഘ്യമേറിയ വോയിസ് നോട്ടുകള്‍ അയക്കുന്നവര്‍ക്ക് ഏറെ സഹായകരമാകും. ഈ ഫീച്ചര്‍ ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആന്‍ഡ്രോയിഡ് 2.22.6.7 ബീറ്റ അപ്ഡേറ്റിലാണ് ഈ പുതിയ ഫീച്ചര്‍ വാട്‌സ്അപ്പ് നല്‍കിയിട്ടുള്ളത്.

അതേസമയം, വാട്‌സ്ആപ്പ് കോളുകളില്‍ ചേരുന്നതിന് ലിങ്കുകള്‍ ക്രിയേറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനകം ഗ്രൂപ്പ് കോളില്‍ ആഡ് ചെയ്ത് കോള്‍ എടുക്കാത്ത ആളുകള്‍ക്ക് ആ കോള്‍ മറ്റുള്ളവര്‍ കട്ട് ചെയ്തില്ലെങ്കില്‍ അതില്‍ ജോയിന്‍ ചെയ്യാനുള്ള സംവിധാനം വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇനി വാട്‌സ്ആപ്പ് കോളുകള്‍ക്കായി ഒരു ലിങ്ക് ക്രിയേറ്റ് ചെയ്യാനും മറ്റ് കോണ്‍ടാക്റ്റുകളെ ഇന്‍വൈറ്റ് ചെയ്യാനും ഹോസ്റ്റിന് സാധിക്കുന്ന വിധത്തിലുള്ള ഒരു ഫീച്ചറാണ് വരാന്‍ പോകുന്നത്.

.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പുടിനും റഷ്യയ്ക്കുമെതിരെയുള്ള വിദ്വേഷ പ്രസംഗത്തിനും അക്രമണാഹ്വാനത്തിനും അനുവാദം നല്‍കി ഫേസ്ബുക്ക്. റഷ്യന്‍ സൈന്യത്തിനെതിരെ വധഭീഷണി വരെ ഉയര്‍ത്താനുള്ള അനുവാദമാണ് താല്‍കാലികമായെങ്കിലും ഫേസ്ബുക്ക് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കം. അതേസമയം, റഷ്യയിലെ പൊതുജനങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും ആക്രമണ ആഹ്വാനവും അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

യുക്രൈനില്‍ ആക്രമണം നടത്തുന്ന റഷ്യന്‍ സൈന്യത്തിനെതിരെ അക്രമാസക്തമായ വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതിന് യുദ്ധത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് താല്‍കാലിക ഇളവ് നല്‍കുകയാണെന്നാണ് മെറ്റ വക്താവ് അറിയിച്ചത്. ഇതുവഴി റഷ്യ, യുക്രൈന്‍, പോളണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെയും ബെലാറുസ് പ്രസിഡന്റ് ലുകഷെന്‍കോയ്‌ക്കെതിരെയും വധഭീഷണി വരെ ഉയര്‍ത്താം. എന്നാല്‍, സാധാരണ ജനങ്ങള്‍ക്കെതിരെ ഇത് അനുവദനീയമല്ല. കൂടാതെ, യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്റുകള്‍ മാത്രമേ ഈ രീതിയില്‍ അനുവദിക്കുകയുമുള്ളൂ.

ഫേസ്ബുക്കിന്റെ നയത്തിലുണ്ടായ ഈ മാറ്റം സംബന്ധിച്ച ചില ഇ-മെയില്‍ സന്ദേശങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്തയാക്കിയ പശ്ചാത്തലത്തിലാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ച് രംഗത്ത് വരുന്നത്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം കാണിക്കുന്നുവെന്ന് കാണിച്ച് നിലവില്‍ ഫേസ്ബുക്കിന് റഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് Face ‘n’ View Kondotty Block Panchayath എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് യൂട്യൂബ് ചാനല്‍ തുടങ്ങുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ വികസന-ക്ഷേമ പദ്ധതികള്‍, കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ വികസന പദ്ധതികള്‍, ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, മാലിന്യസംസ്‌കരണം, ദുരന്തനിവാരണ മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച അറിയിപ്പുകള്‍ തുടങ്ങിയവ സമയാസമയങ്ങളില്‍ യൂട്യൂബ് ചാനലില്‍ ലഭ്യമാകും. സര്‍ക്കാര്‍ – പൊതുമേഖലകളിലെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച് വിശദമായ അറിയിപ്പുകളും ചാനലില്‍ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

യുവതലമുറക്ക് പ്രാദേശിക സര്‍ക്കാറിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതിന് അവസരമുണ്ടാക്കുക, ഓരോ പദ്ധതിയും സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച് കുറ്റമറ്റതാക്കി ജനപങ്കാളിത്തം ഉറപ്പുവരുത്തി പരമാവധിയാളുകള്‍ക്ക് പദ്ധതികളുടെ പ്രയോജനം ഉറപ്പുവരുത്തുക, വികസന-ക്ഷേമ മേഖലകളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍ സ്വീകരിക്കുന്നതിനും സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുമായി ഇവ പങ്കുവെക്കുന്നതിനും പുതിയ കാലത്തിനൊത്ത് സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയുമാണ് യൂട്യൂബ് ചാനലിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് ചാനല്‍ പ്രവര്‍ത്തനം നിയന്ത്രിക്കുക. വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിന് മുമ്പ്് സ്റ്റിയറിങ് കമ്മറ്റി അംഗങ്ങള്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കും. ഓരോ 24 മണിക്കൂറിലും ചാനല്‍ അപ്‌ഡേറ്റ് ചെയ്യും.

ഇന്ത്യയില്‍ യൂ ട്യൂബ് ക്രിയേറ്റര്‍മാര്‍ 2020 ല്‍ ഇന്ത്യന്‍ ജിഡിപിയിലേക്ക് 6,800 കോടി രൂപ സംഭാവന ചെയ്യുകയും 6.83 ലക്ഷത്തിലധികം ജോലികള്‍ സൃഷ്ടിക്കുകയും ചെയ്തതായി ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ട്. രാജ്യത്ത് ഉയര്‍ന്നുവരുന്ന സാമ്പത്തിക, തൊഴില്‍ മേഖലയായി യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ മാറുന്നുവെന്നതിന്റെ പ്രധാന തെളിവാണ് ഇത്.

6,000-ത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളും ബിസിനസുകാരുമായി നടത്തിയ സര്‍വേകളെ അടിസ്ഥാനമാക്കയാണ് പഠനം പുറത്തു വിട്ടത്. ‘ഇന്ത്യയിലെ വിവിധ തരം ആളുകളുമായി യൂട്യൂബ് വീഡോയകള്‍ എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഞങ്ങള്‍ക്ക് ആഴത്തിലുള്ള ബോധ്യമുണ്ട്. 2020-ല്‍ യൂ ട്യൂബില്‍ കണ്ടന്റ് സൃഷ്ടിക്കുന്നവര്‍ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം പഠിക്കാന്‍ ഞങ്ങള്‍ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിലെ വിദഗ്ധരോട് ആവശ്യപ്പെട്ടു’- അപാക് യൂട്യൂബ് പാര്‍ട്ട്ണര്‍ഷിപ്പ് റീജിയണല്‍ ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍ ദേശീയമാധ്യമമായ ദ ഹിന്ദുവിനോട് പറഞ്ഞു.

‘രാജ്യത്തെ കണ്ടന്റ് ക്രിയേറ്റേഴ്സിന് സാമ്പത്തിക വളര്‍ച്ചയെയും തൊഴിലവസരത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കുന്ന ശക്തിയായി ഉയര്‍ന്നുവരാനുള്ള കഴിവുണ്ട്. ക്രിയറ്റേഴ്സും കലാകാരന്മാരും ആഗോളതലത്തില്‍ കാഴ്ചക്കാരുള്ള അടുത്ത തലമുറ മാധ്യമങ്ങളെ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള വിജയത്തില്‍ അവരുടെ സ്വാധീനവും ഉണ്ടാകും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്‌കോ: യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ രാജ്യത്ത് പോണ്‍ഹബ്ബ് നിരോധിച്ചുവെന്നതും, എന്നാല്‍, റഷ്യയില്‍ നിന്നുളള യൂസര്‍മാരെ പോണ്‍ഹബ്ബാണ് തടഞ്ഞതെന്നും ലോഗിന്‍ ചെയ്താല്‍ യുക്രൈനിന് ഐക്യദാര്‍ഢ്യം അറിയിച്ചുളള പോസ്റ്റാണ് കാണുക എന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഇത്തരം പോസ്റ്റുകള്‍ പ്രചരിച്ചതോടെ റഷ്യയിലെ ജനങ്ങള്‍ക്കുണ്ടായത് വലിയ അമ്പരപ്പായിരുന്നു. കാരണം, പോണോഗ്രാഫി സൈറ്റായ പോണ്‍ഹബ്ബിന് നേരത്തെ റഷ്യയില്‍ വിലക്കുണ്ടായിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും ഈ വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചതോടെ വീണ്ടും നിരോധനം വരുമോയെന്ന് ഉപഭോക്താക്കള്‍ ആശങ്കപ്പെട്ടു. രാജ്യത്തുളളവര്‍ക്ക് ഉളളടക്കം കാണാനാകില്ലെന്ന് സൈറ്റില്‍ കാണാമായിരുന്നെന്നും പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പ്രചരിച്ച കാര്യങ്ങള്‍ക്കൊന്നും തെളിവ് ലഭിച്ചില്ലെന്ന് ഫാക്ട് ചെക്ക് നടത്തിയ വിദഗ്ദര്‍ വ്യക്തമാക്കി.

എന്നാല്‍, വെബ്‌സൈറ്റ് ഇപ്പോഴും റഷ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ പ്രചാരണത്തില്‍ പോണ്‍ഹബ്ബ് നിലവില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ലോകത്തേറ്റവും ജനപ്രിയമായ സോഷ്യല്‍മീഡിയ ആപ്പുകളില്‍ ഒന്നാണ് ട്വിറ്റര്‍. ട്വിറ്ററിലെ ഫോട്ടോ, വീഡിയോ ട്വീറ്റുകളില്‍ വാര്‍ണിങ് ലേബലുകള്‍ ഇടാന്‍ യൂസേഴ്‌സിന് കഴിയും. നഗ്‌നത, അക്രമം, മള്‍ട്ടിമീഡിയ ട്വീറ്റുകള്‍ക്കുള്ള ‘സെന്‍സിറ്റീവ്’ എന്നീ ലേബലുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ട്വിറ്ററിലെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വാര്‍ണിങ് ലേബലുകള്‍ നല്‍കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. യൂസേഴ്‌സിന് കാണാന്‍ താല്‍പര്യമില്ലാത്തതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ ദൃശ്യങ്ങള്‍, പ്രായത്തിന് ചേരാത്ത ഉള്ളടക്കം, സുരക്ഷിതമല്ലാത്ത ഉള്ളടക്കങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം അകലം പാലിക്കാന്‍ യൂസേഴ്‌സിനെ സഹായിക്കുന്ന ഫീച്ചര്‍ ആണിത്.

മള്‍ട്ടിമീഡിയ ട്വീറ്റുകളില്‍ കണ്ടന്റ് വാണിങ് ലേബലുകള്‍ നല്‍കുന്നതെങ്ങനെ?

ആദ്യം ട്വിറ്റര്‍ ആപ്പ് തുറക്കുക

പുതിയ ട്വീറ്റ് കമ്പോസ് ചെയ്യുക

കോമ്പോസിഷന്‍ ഡാഷ്ബോര്‍ഡിന്റെ മുകളില്‍ ഫ്‌ലാഗ് ഐക്കണ്‍ കാണാന്‍ കഴിയും

ഫ്‌ലാഗ് ഐക്കണില്‍ ടാപ്പ് ചെയ്യുക

നഗ്‌നത, അക്രമം അല്ലെങ്കില്‍ സെന്‍സിറ്റീവ് പോലുള്ള ഓപ്ഷനുകളില്‍ നിന്ന് നിങ്ങളുടെ ട്വീറ്റിന് ചേരുന്ന ഒന്നോ അതില്‍ അധികമോ വാര്‍ണിങ് ലേബലുകള്‍ തിരഞ്ഞെടുക്കുക

ശേഷം ‘ട്വീറ്റ്’ ഓപ്ഷന്‍ ടാപ്പ് ചെയ്യുക

ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഇടക്കിടെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഒരു കിടിലന്‍ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ് ഇപ്പോള്‍. പുതിയ സെര്‍ച്ച് ഓപ്ഷനും മെസേജ് റിയാക്ഷനും ശേഷം, മെസേജിംഗ് ആപ്പില്‍ കോളുകളില്‍ ചേരുന്നതിന് ലിങ്കുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സ്ആപ്പ്.

പുതിയ ഫീച്ചര്‍ പ്രകാരം കോള്‍ ഹോസ്റ്റിന് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ലിങ്കുകള്‍ സൃഷ്ടിക്കാനും അവ ആരുമായും പങ്കിടാനും കഴിയും. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ചേര്‍ക്കാത്ത ആളുകളുമായി പോലും ഈ ലിങ്ക് പങ്കിടാനാകും. മെസഞ്ചര്‍ റൂമില്‍ ഫേസ്ബുക്ക് ഇതര ഉപയോക്താവിനും ചേരാം. എന്നാല്‍, അക്കൗണ്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ വാട്‌സ്ആപ്പ് കോളില്‍ ചേരാനാകൂ.

ഈ ഫീച്ചര്‍ നിലവില്‍ മെസേജിംഗ് ആപ്പാണ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും വാട്‌സ്ആപ്പ് ഫീച്ചര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ കാത്തിരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

റഷ്യക്ക് തിരിച്ചടി നല്‍കി ആപ്പിളും. ഐഫോണുകള്‍, ഐപാഡുകള്‍, മാക്‌സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ റഷ്യയിലെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. റഷ്യയിലെ എല്ലാ വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തിയതായി ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്.

നേരത്തെ ആപ്പിള്‍ പേ നിയന്ത്രിക്കുകയും റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്നിക്ക്, ആര്‍ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും യുക്രൈനിന് പിന്തുണ കാണിച്ച് ആപ്പിള്‍ മാപ്സില്‍ യുക്രൈനി ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച, ആപ്പിള്‍ റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികളും നിര്‍ത്തിയിരുന്നു. ആപ്പിളിനെ കൂടാതെ, ഗൂഗിള്‍, മെറ്റ (ഫേസ്ബുക്ക്), നെറ്റ്ഫ്ലിക്സ് തുടങ്ങിയ മറ്റ് സാങ്കേതിക കമ്പനികളും റഷ്യയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റഷ്യയെ അതിന്റെ ആഗോള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ കഴിഞ്ഞ ആഴ്ച യുക്രൈന്‍ ഉപ പ്രധാനമന്ത്രി മൈഖൈലോ ഫെഡോറോവ് ആപ്പിളിന് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. റഷ്യന്‍ ഫെഡറേഷനിലേക്ക് ആപ്പിള്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കുന്നത് നിര്‍ത്തണമെന്നാണ് അദ്ദേഹം ആപ്പിളിനോട് ആവശ്യപ്പെട്ടത്. കൂടാതെ, ആപ്പ് സ്റ്റോറിലേക്കുള്ള റഷ്യയുടെ ആക്സസ് തടയാനും നിര്‍ബന്ധിച്ചിരുന്നു.

ഏറ്റവും ജനപ്രിയ ആപ്പുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. എന്നാല്‍, വാട്‌സ്ആപ്പിന് ഏത് നിമിഷവും നിങ്ങളുടെ അക്കൌണ്ട് ബ്ലോക്ക് ചെയ്യാനോ ബാന്‍ ചെയ്യാനോ കഴിയും. ഇങ്ങനെ ചെയ്യാന്‍ നിങ്ങളെ അറിയിക്കുക പോലും വേണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അക്കൗണ്ട് ആക്റ്റിവിറ്റി വാട്‌സ്ആപ്പിന്റെ സേവന നിബന്ധനകളുടെ ലംഘനമാണെന്ന് ബോധ്യപ്പെട്ടാല്‍ ഞങ്ങള്‍ക്ക് അക്കൗണ്ടുകള്‍ നിരോധിക്കാന്‍ കഴിയും. വാട്‌സ്ആപ്പില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നാണ് ഇവിടെ പറയുന്നത്.

വാട്‌സ്ആപ്പിലൂടെ വൈറസുകളോ മാല്‍വെയറോ അയയ്ക്കുന്നത്

വൈറസുകളോ മാല്‍വെയറോ അടങ്ങിയ ഫയലുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഷെയര്‍ ചെയ്യുന്നത് വാട്‌സ്ആപ്പ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മറ്റ് ഉപയോക്താക്കളുടെ ഡിവൈസുകളെ ദോഷകരമായി ബാധിക്കാവുന്നതാണ് ഇത്തരം ഫയലുകള്‍. ഇത് പോലെയുള്ള ഫയലുകള്‍ അയയ്ക്കാന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് ബാന്‍ ലഭിക്കാന്‍ കാരണമായേക്കും.

മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും ഉപയോഗിക്കുന്നതും

ഓട്ടോമേറ്റഡ് അല്ലെങ്കില്‍ മാനുവല്‍ ടൂള്‍ ഉപയോഗിച്ചും അല്ലാതെയും വാട്‌സ്ആപ്പ് യൂസേഴ്‌സിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നത് ബാന്‍ ലഭിക്കാവുന്ന കുറ്റമാണ്. ഇങ്ങനെ ചോര്‍ത്തിയ പ്രൊഫൈല്‍ ചിത്രങ്ങളും സ്റ്റാറ്റസുകളും മറ്റ് വിവരങ്ങളും അനുവദനീയമല്ലാത്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും പാടില്ല. അനുവാദമില്ലാതെ കൈക്കലാക്കാന്‍ പാടില്ലാത്ത വിവരങ്ങളില്‍ ഫോണ്‍ നമ്പറുകള്‍, ഉപയോക്തൃ പ്രൊഫൈല്‍ ചിത്രങ്ങള്‍, വാട്‌സ്ആപ്പില്‍ നിന്നുള്ള സ്റ്റാറ്റസുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നു.

ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യുന്നതും അപരിചതര്‍ക്ക് സന്ദേശമയക്കുന്നതും

അനുവാദമില്ലാതെ വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ പങ്ക് വയ്ക്കുന്നതും പരിചയമില്ലാത്ത നമ്പരുകളിലേക്ക് സന്ദേശം അയയ്ക്കുന്നതും സൈബര്‍ ക്രൈം ആണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പരുകളാണ് മിക്കവാറും ഇങ്ങനെ പങ്ക് വയ്ക്കപ്പെടുന്നത്. അത് പോലെ തന്നെ അനധികൃത മാര്‍ഗങ്ങളിലൂടെ ആളുകളുടെ ഫോണ്‍ നമ്പരുകള്‍ കൈക്കലാക്കുന്നതും അവര്‍ക്ക് സന്ദേശമയയ്ക്കുന്നതും പതിവായി നടക്കുന്ന സൈബര്‍ ക്രൈമുകളില്‍ ഒന്നാണ്. ഇതും വാട്‌സ്ആപ്പില്‍ ബാന്‍ കിട്ടാന്‍ കാരണമാകും.

വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നത്

വാട്‌സ്ആപ്പിലെ വ്യാജ അക്കൗണ്ടുകളും ആള്‍മാറാട്ടങ്ങളും പുതിയ കാര്യമല്ല. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുകയും ചെയ്യുന്നുണ്ട്. വാട്‌സ്ആപ്പ് ബിസിനസിലാണ് ഏറ്റവും അധികം തട്ടിപ്പുകള്‍ നടക്കുന്നത്. വ്യാജ അക്കൌണ്ടുകള്‍ സൃഷ്ടിച്ച് യൂസേഴ്‌സിനെ കബളിപ്പിക്കുന്നതാണ് ഇത്തരക്കാരുടെ രീതി. വാട്‌സ്ആപ്പില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിക്കുകയോ ആള്‍മാറാട്ടം നടത്തുകയോ ചെയ്താല്‍ നിങ്ങളെ പ്ലാറ്റ്ഫോമില്‍ നിന്ന് വിലക്കാന്‍ കമ്പനിക്ക് കഴിയും.

അംഗീകൃതമല്ലാത്ത രീതികളില്‍ അക്കൗണ്ട് ഉണ്ടാക്കുന്നത്

അംഗീകൃതമല്ലാത്ത രീതികളും ഓട്ടോമാറ്റിക് ടൂളുകളും ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കുന്നതും നടപടി നേരിടാന്‍ കാരണമാകും. ഇതേ രീതികളില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതും നടപടി നേരിടാന്‍ കാരണം ആകും. വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതും നടപടി നേരിടാന്‍ കാരണം ആകും.

ഓട്ടോമേറ്റഡ്, ബള്‍ക്ക് മെസേജസ്

വാട്‌സ്ആപ്പ് ഉപയോഗിച്ച് ബള്‍ക്കായി മെസേജസ് അയയ്ക്കാതിരിക്കുക. ഓട്ടോ മെസേജ്, ഓട്ടോ ഡയല്‍ എന്നിവയും വാട്‌സ്ആപ്പില്‍ ഉപയോഗിക്കാതിരിക്കുക.

ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളുടെ അമിത ഉപയോഗം

ബ്രോഡ്കാസ്റ്റ് മെസേജുകള്‍ അമിതമായി അയച്ചാല്‍ ആളുകള്‍ നിങ്ങളുടെ മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ട്. ഇങ്ങന്‍െ ഒന്നിലധികം തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ കമ്പനിക്ക് നിരോധിക്കേണ്ടി വന്നേക്കാം.

ആവശ്യമില്ലാത്ത സന്ദേശങ്ങള്‍ അയയ്ക്കുന്നത്

വാട്‌സ്ആപ്പിലൂടെ മറ്റുള്ളവര്‍ക്ക് ആവശ്യമില്ലാതെ മെസേജുകള്‍ അയയ്ക്കുന്നതും ബാന്‍ കിട്ടാന്‍ കാരണം ആകും. ഒരു കോണ്‍ടാക്റ്റ് അവര്‍ക്ക് സന്ദേശമയയ്ക്കുന്നത് നിര്‍ത്താന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കില്‍ അതിന് തയ്യാറാകണം. മാത്രമല്ല, നിങ്ങളുടെ അഡ്രസ് ബുക്കില്‍ നിന്ന് അവരെ നീക്കം ചെയ്യണം.

വാട്‌സ്ആപ്പ് ആപ്പ് കോഡ് മാറ്റാനോ പരിഷ്‌ക്കരിക്കാനോ ശ്രമിക്കുന്നത്

കമ്പനി അതിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും പറയുന്നത് പോലെ, ‘റിവേഴ്‌സ് എഞ്ചിനീയറിങ്, ഓള്‍ട്ടറിങ്, മോഡിഫൈ ചെയ്യുന്നത്, ഡെറിവേറ്റീവ് വര്‍ക്കുകള്‍ ക്രിയേറ്റ് ചെയ്യുന്നത്, ഡീകംപൈല്‍ ചെയ്യുന്നത്, ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് കോഡ് എക്‌സ്ട്രാക്റ്റ് ചെയ്യുന്നത്.’ ഇവയൊക്കെ ബാന്‍ ലഭിക്കാനുള്ള കാരണങ്ങളാണ്.