റഷ്യക്ക് തിരിച്ചടി നല്‍കി ആപ്പിളും. ഐഫോണുകള്‍, ഐപാഡുകള്‍, മാക്‌സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ റഷ്യയിലെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. റഷ്യയിലെ എല്ലാ വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തിയതായി ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്.
നേരത്തെ ആപ്പിള്‍ പേ നിയന്ത്രിക്കുകയും റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്നിക്ക്, ആര്‍ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും യുക്രൈനിന് പിന്തുണ കാണിച്ച് ആപ്പിള്‍ മാപ്സില്‍ യുക്രൈനി ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച, ആപ്പിള്‍ റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികളും നിര്‍ത്തിയിരുന്നു. ആപ്പിളിനെ കൂടാതെ, ഗൂഗിള്‍, മെറ്റ (ഫേസ്ബുക്ക്), നെറ്റ്ഫ്ലിക്സ് തുടങ്ങിയ മറ്റ് സാങ്കേതിക കമ്പനികളും റഷ്യയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റഷ്യയെ അതിന്റെ ആഗോള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ കഴിഞ്ഞ ആഴ്ച യുക്രൈന്‍ ഉപ പ്രധാനമന്ത്രി മൈഖൈലോ ഫെഡോറോവ് ആപ്പിളിന് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. റഷ്യന്‍ ഫെഡറേഷനിലേക്ക് ആപ്പിള്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കുന്നത് നിര്‍ത്തണമെന്നാണ് അദ്ദേഹം ആപ്പിളിനോട് ആവശ്യപ്പെട്ടത്. കൂടാതെ, ആപ്പ് സ്റ്റോറിലേക്കുള്ള റഷ്യയുടെ ആക്സസ് തടയാനും നിര്‍ബന്ധിച്ചിരുന്നു.

