ഏറ്റവും ജനപ്രിയ ആപ്പുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. എന്നാല്‍, വാട്‌സ്ആപ്പിന് ഏത് നിമിഷവും നിങ്ങളുടെ അക്കൌണ്ട് ബ്ലോക്ക് ചെയ്യാനോ ബാന്‍ ചെയ്യാനോ കഴിയും. ഇങ്ങനെ ചെയ്യാന്‍ നിങ്ങളെ അറിയിക്കുക പോലും വേണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അക്കൗണ്ട് ആക്റ്റിവിറ്റി വാട്‌സ്ആപ്പിന്റെ സേവന നിബന്ധനകളുടെ ലംഘനമാണെന്ന് ബോധ്യപ്പെട്ടാല്‍ ഞങ്ങള്‍ക്ക് അക്കൗണ്ടുകള്‍ നിരോധിക്കാന്‍ കഴിയും. വാട്‌സ്ആപ്പില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നാണ് ഇവിടെ പറയുന്നത്.
വാട്‌സ്ആപ്പിലൂടെ വൈറസുകളോ മാല്‍വെയറോ അയയ്ക്കുന്നത്
വൈറസുകളോ മാല്‍വെയറോ അടങ്ങിയ ഫയലുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഷെയര്‍ ചെയ്യുന്നത് വാട്‌സ്ആപ്പ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മറ്റ് ഉപയോക്താക്കളുടെ ഡിവൈസുകളെ ദോഷകരമായി ബാധിക്കാവുന്നതാണ് ഇത്തരം ഫയലുകള്‍. ഇത് പോലെയുള്ള ഫയലുകള്‍ അയയ്ക്കാന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് ബാന്‍ ലഭിക്കാന്‍ കാരണമായേക്കും.
മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും ഉപയോഗിക്കുന്നതും
ഓട്ടോമേറ്റഡ് അല്ലെങ്കില്‍ മാനുവല്‍ ടൂള്‍ ഉപയോഗിച്ചും അല്ലാതെയും വാട്‌സ്ആപ്പ് യൂസേഴ്‌സിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നത് ബാന്‍ ലഭിക്കാവുന്ന കുറ്റമാണ്. ഇങ്ങനെ ചോര്‍ത്തിയ പ്രൊഫൈല്‍ ചിത്രങ്ങളും സ്റ്റാറ്റസുകളും മറ്റ് വിവരങ്ങളും അനുവദനീയമല്ലാത്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും പാടില്ല. അനുവാദമില്ലാതെ കൈക്കലാക്കാന്‍ പാടില്ലാത്ത വിവരങ്ങളില്‍ ഫോണ്‍ നമ്പറുകള്‍, ഉപയോക്തൃ പ്രൊഫൈല്‍ ചിത്രങ്ങള്‍, വാട്‌സ്ആപ്പില്‍ നിന്നുള്ള സ്റ്റാറ്റസുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നു.
ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യുന്നതും അപരിചതര്‍ക്ക് സന്ദേശമയക്കുന്നതും
അനുവാദമില്ലാതെ വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ പങ്ക് വയ്ക്കുന്നതും പരിചയമില്ലാത്ത നമ്പരുകളിലേക്ക് സന്ദേശം അയയ്ക്കുന്നതും സൈബര്‍ ക്രൈം ആണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പരുകളാണ് മിക്കവാറും ഇങ്ങനെ പങ്ക് വയ്ക്കപ്പെടുന്നത്. അത് പോലെ തന്നെ അനധികൃത മാര്‍ഗങ്ങളിലൂടെ ആളുകളുടെ ഫോണ്‍ നമ്പരുകള്‍ കൈക്കലാക്കുന്നതും അവര്‍ക്ക് സന്ദേശമയയ്ക്കുന്നതും പതിവായി നടക്കുന്ന സൈബര്‍ ക്രൈമുകളില്‍ ഒന്നാണ്. ഇതും വാട്‌സ്ആപ്പില്‍ ബാന്‍ കിട്ടാന്‍ കാരണമാകും.
വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നത്
വാട്‌സ്ആപ്പിലെ വ്യാജ അക്കൗണ്ടുകളും ആള്‍മാറാട്ടങ്ങളും പുതിയ കാര്യമല്ല. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുകയും ചെയ്യുന്നുണ്ട്. വാട്‌സ്ആപ്പ് ബിസിനസിലാണ് ഏറ്റവും അധികം തട്ടിപ്പുകള്‍ നടക്കുന്നത്. വ്യാജ അക്കൌണ്ടുകള്‍ സൃഷ്ടിച്ച് യൂസേഴ്‌സിനെ കബളിപ്പിക്കുന്നതാണ് ഇത്തരക്കാരുടെ രീതി. വാട്‌സ്ആപ്പില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിക്കുകയോ ആള്‍മാറാട്ടം നടത്തുകയോ ചെയ്താല്‍ നിങ്ങളെ പ്ലാറ്റ്ഫോമില്‍ നിന്ന് വിലക്കാന്‍ കമ്പനിക്ക് കഴിയും.
അംഗീകൃതമല്ലാത്ത രീതികളില്‍ അക്കൗണ്ട് ഉണ്ടാക്കുന്നത്
അംഗീകൃതമല്ലാത്ത രീതികളും ഓട്ടോമാറ്റിക് ടൂളുകളും ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കുന്നതും നടപടി നേരിടാന്‍ കാരണമാകും. ഇതേ രീതികളില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതും നടപടി നേരിടാന്‍ കാരണം ആകും. വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതും നടപടി നേരിടാന്‍ കാരണം ആകും.
ഓട്ടോമേറ്റഡ്, ബള്‍ക്ക് മെസേജസ്
വാട്‌സ്ആപ്പ് ഉപയോഗിച്ച് ബള്‍ക്കായി മെസേജസ് അയയ്ക്കാതിരിക്കുക. ഓട്ടോ മെസേജ്, ഓട്ടോ ഡയല്‍ എന്നിവയും വാട്‌സ്ആപ്പില്‍ ഉപയോഗിക്കാതിരിക്കുക.
ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളുടെ അമിത ഉപയോഗം
ബ്രോഡ്കാസ്റ്റ് മെസേജുകള്‍ അമിതമായി അയച്ചാല്‍ ആളുകള്‍ നിങ്ങളുടെ മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ട്. ഇങ്ങന്‍െ ഒന്നിലധികം തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ കമ്പനിക്ക് നിരോധിക്കേണ്ടി വന്നേക്കാം.
ആവശ്യമില്ലാത്ത സന്ദേശങ്ങള്‍ അയയ്ക്കുന്നത്
വാട്‌സ്ആപ്പിലൂടെ മറ്റുള്ളവര്‍ക്ക് ആവശ്യമില്ലാതെ മെസേജുകള്‍ അയയ്ക്കുന്നതും ബാന്‍ കിട്ടാന്‍ കാരണം ആകും. ഒരു കോണ്‍ടാക്റ്റ് അവര്‍ക്ക് സന്ദേശമയയ്ക്കുന്നത് നിര്‍ത്താന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കില്‍ അതിന് തയ്യാറാകണം. മാത്രമല്ല, നിങ്ങളുടെ അഡ്രസ് ബുക്കില്‍ നിന്ന് അവരെ നീക്കം ചെയ്യണം.
വാട്‌സ്ആപ്പ് ആപ്പ് കോഡ് മാറ്റാനോ പരിഷ്‌ക്കരിക്കാനോ ശ്രമിക്കുന്നത്
കമ്പനി അതിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും പറയുന്നത് പോലെ, ‘റിവേഴ്‌സ് എഞ്ചിനീയറിങ്, ഓള്‍ട്ടറിങ്, മോഡിഫൈ ചെയ്യുന്നത്, ഡെറിവേറ്റീവ് വര്‍ക്കുകള്‍ ക്രിയേറ്റ് ചെയ്യുന്നത്, ഡീകംപൈല്‍ ചെയ്യുന്നത്, ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് കോഡ് എക്‌സ്ട്രാക്റ്റ് ചെയ്യുന്നത്.’ ഇവയൊക്കെ ബാന്‍ ലഭിക്കാനുള്ള കാരണങ്ങളാണ്.

