Technology (Page 53)

ഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ വെബ് വേര്‍ഷനിലാണ് തകരാര്‍ സംഭവിച്ചത്. നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നില്ലെന്നും ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതിപ്പെട്ടു.

രാവിലെ 6.05 മുതലാണ് പ്രശ്നം ആരംഭിച്ചത്. തകരാര്‍ നേരിടുന്നത് സംബന്ധിച്ച പരാതികളുമായി ഏകദേശം പതിനായിരത്തോളം ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്വിറ്റര്‍ സേവനത്തില്‍ തകരാര്‍ സംഭവിച്ചുവെന്നാണ് വിവരം. രാവിലെ 9.30ഓടെ ട്വിറ്റര്‍ സേവനം പുനരാരംഭിച്ചിട്ടുണ്ട്.

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് മൈക്രോ ബ്ലോഗിങ് സൈറ്റില്‍ തകരാര്‍ നേരിടുന്നത്.

അബുദാബി: ഗാര്‍ഹിക പീഡനം വാട്സ്ആപ്പ് വഴിയും ഇനി ദുബായില്‍ റിപ്പോര്‍ട്ട് ചെയ്യാം. ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രനാണ് പരാതികള്‍ അറിയിക്കാനും സഹായം തേടാനും വാട്‌സ്ആപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗാര്‍ഹിക പീഡനം, മനുഷ്യക്കടത്ത്, ഭീഷണി തുടങ്ങിയ അതിക്രമങ്ങള്‍ വാട്സ്ആപ്പ് വഴി അറിയിക്കാം. ഇരകള്‍ക്ക് മാനസികവും സാമൂഹികവും നിയമപരവുമായ സഹായങ്ങള്‍ക്ക് അപേക്ഷിക്കാനും സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഫൗണ്ടേഷന്റെ സേവനങ്ങള്‍ സുഗമമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹോട്ട്‌ലൈന്‍ നമ്ബറിലെ വാട്ട്‌സ്ആപ്പ് വഴിയാണ് ഫൗണ്ടേഷനിലേക്ക് സന്ദേശമയക്കേണ്ടത്.

ഫൗണ്ടേഷന്റെ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാനും ആശയവിനിമയം എളുപ്പമാക്കും സ്മാര്‍ട്ട് ചാനലുകള്‍ സജീവമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ സേവനം ഒരുക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. വെബ്സൈറ്റ് വഴിയും സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയും നിലവില്‍ ഫൗണ്ടേഷന്‍ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.

ഒരു ഫോണ്‍ സെലക്ട് ചെയ്യുമ്പോള്‍ പ്രോസസ്സര്‍ തുടങ്ങി ബാറ്ററി ബാക്കപ്പ് വരെ ഒരുപാട് കാര്യങ്ങള്‍ നോക്കിയ ശേഷമാണ് ഫോണ്‍ എടുക്കുക. അതില്‍ തന്നെ ബാറ്ററി ബാക്കപ് ആയിരിക്കും എല്ലാവരും പ്രധാനമായും നോക്കുന്നത്. എല്ലാവരെയും ആശങ്കപ്പെടുത്തുന്ന കാര്യവും ബാറ്ററി തന്നെയാണ്. എത്ര ബാറ്ററി ബാക്കപ്പ് നോക്കി എടുത്താലും ഫോണ്‍ ചാര്‍ജ് വേഗം കുറയുന്നത് ഒരു പ്രശ്‌നമായി പലരും പറയാറുണ്ട്. എന്നാല്‍ അതിനുള്ള കാരണം കൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം.

നമ്മുടെ സ്മാര്‍ട്ട്ഫോണുകളിലുള്ള ചില ആപ്പുകളാണ് ഫോണിലെ ചാര്‍ജ് വേഗം തീരാന്‍ കാരണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള നിരവധി മികച്ച ആപ്പുകള്‍ ഉണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ആപ്പുകള്‍ അവര്‍ ഡൗണ്‍ലോഡും ചെയ്യാറുണ്ട്. എന്നാല്‍ നമ്മള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാ ആപ്പുകളും ഫോണിന് നല്ലതല്ല. ചില ആപ്പുകള്‍ നമ്മുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി കപ്പാസിറ്റി ഇല്ലാതാക്കുന്നു. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ബാറ്ററി ഏറ്റവും കൂടുതല്‍ കളയുന്നതെന്ന് നോക്കാം…

1) Fitbit

2) Uber

3) Skype

4) Facebook

5) Airbnb

6) Instagram

7) Tinder

8) Bumble

9) Snapchat

10 ) WhatsApp

ഈ പത്ത് ആപ്പുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി നഷ്ടപ്പെടുന്നതിന് ഈ ആപ്പുകള്‍ ഉപയോഗിക്കണമെന്നില്ല. അധികം ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും ഇവ ഫോണ്‍ ചാര്‍ജ് തീര്‍ക്കും. ചില ഡേറ്റിങ് ആപ്പുകളും ഫോണ്‍ ബാറ്ററി ഇല്ലാതാക്കും.

ട്വിറ്ററിലെ സെര്‍ച്ച് ഫീച്ചറിലെ തകരാറുകള്‍ പരിഹരിക്കാനായി മസ്‌ക് നിയോഗിച്ച ഹാക്കര്‍ ട്വിറ്റര്‍ വിട്ടു. സ്ഥാപനത്തിലെത്തി ഒരുമാസം തികയുന്നതിന് മുന്‍പാണ് ജോര്‍ജ് ഹോട്സ് എന്ന ഹാക്കര്‍ ട്വിറ്റര്‍ വിട്ടത്. കമ്ബനി വിടുകയാണെന്നും ഇനി താന്‍ ട്വിറ്റര്‍ കുടുംബത്തിലെ അംഗമല്ലെന്നുമാണ് ഹോട്സ് അറിയിച്ചത്. ഒരുപാട് കാലം കമ്ബനിയില്‍ ജോലി ചെയ്യാന്‍ തനിക്ക് താല്‍പര്യം ഇല്ലെന്ന് തുടക്കത്തിലെ ഹോട്സ് അറിയിച്ചിരുന്നു.

ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാതെ ഹോട്‌സ് കമ്ബനി വിട്ടതിന്റെ കാരണം വ്യക്തമല്ല. മസ്‌കും ഹോട്‌സും ഏറ്റുമുട്ടിയോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. മസ്‌കിന്റെ വര്‍ക്ക് കള്‍ച്ചറുമായി ഹോട്സിന് ഒത്തുപോകാന്‍ സാധിച്ചിക്കാത്തതാണ് കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

2007 ല്‍ ഐഫോണ്‍ ഹാക്ക് ചെയ്ത ഹാക്കറാണ് ഹോട്‌സ്. അനവധി വിദഗ്ധര്‍ വര്‍ഷങ്ങളോളം ശ്രമിച്ചിട്ടും വിജയകരമാകാത്ത ട്വിറ്ററിലെ സെര്‍ച്ച് ഫീച്ചറുകള്‍ പരിഹരിക്കുകയായിരുന്നു ഹോട്‌സിന്റെ ജോലി.കമ്ബ്യൂട്ടര്‍ ബിരുദദാരിയാണ് ഹോട്‌സ്.

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഉടമസ്ഥാവകാശം ഫോണ്‍പേ വേര്‍പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ, ഇരുകമ്ബനികളും സ്വതന്ത്രമായി. ഉടമസ്ഥാവകാശം വേര്‍പ്പെടുത്തിയെങ്കിലും, ഇരുകമ്ബനികളുടെയും പ്രധാന ഓഹരിയുടമകള്‍ വാള്‍ട്ട്മാര്‍ട്ട് തന്നെയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വേര്‍പ്പെടുത്തലമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്ബനികളുടെ പുതിയ നീക്കം.

ഫോണ്‍പേ സ്വതന്ത്ര കമ്ബനിയായതോടെ വളര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ്, വായ്പ തുടങ്ങിയ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് ഫോണ്‍പേ. ഏകദേശം 40 കോടിയിലധികം ഉപഭോക്താക്കളാണ് ഫോണ്‍പേയ്ക്ക് ഉള്ളത്. 2016- ലാണ് ഫോണ്‍പേയെ ഇ- കൊമേഴ്‌സ് ഭീമനായ ഫ്‌ലിപ്കാര്‍ട്ട് ഏറ്റെടുത്തത്. ഇതോടെ, ഫോണ്‍പേയുടെ ഉടമസ്ഥാവകാശം ഫ്‌ളിപ്കാര്‍ട്ടിന്റെ കൈകളിലായിരുന്നു.

ട്വിറ്ററിലെ ശ്രദ്ധേയമായ പ്രൊഫൈലുകള്‍ക്ക് ഇനി വിവിധ നിറത്തിലുള്ള ടിക് മാര്‍ക്കുകളാണ് നല്‍കുക. കൂടാതെ, പ്രൊഫൈല്‍ ചിത്രങ്ങളുടെ ആകൃതി, വലിപ്പം എന്നിവയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബ്ലൂ ടിക്കിന് പുറമേ, ട്വിറ്ററില്‍ പുതുതായി അവതരിപ്പിച്ച ടിക്കുകളെ കുറിച്ച് അറിയാം.

ബ്ലൂ ടിക്ക്

വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് സാധാരണയായി ബ്ലൂ ടിക്ക് ആണ് ട്വിറ്റര്‍ നല്‍കുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നതിന് മുന്‍പ് അക്കൗണ്ടിന്റെ ആധികാരികത പരിശോധിച്ചു ഉറപ്പിച്ചതിനുശേഷമാണ് ബ്ലൂ ടിക്ക് നല്‍കിയിരുന്നത്. എന്നാല്‍, പുതിയ അപ്‌ഡേറ്റില്‍ പ്രതിമാസം സബ്‌സ്‌ക്രിപ്ഷന്‍ തുക അടയ്ക്കുന്ന ഏതൊരു വ്യക്തിക്കും അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക്ക് ലഭിക്കുന്നതാണ്.

ഗോള്‍ഡന്‍ ടിക്ക്

ട്വിറ്റര്‍ പുതുതായി അവതരിപ്പിച്ചതാണ് ഗോള്‍ഡന്‍ ടിക്ക്. ഈ ടിക്ക് ഒഫീഷ്യല്‍ ബിസിനസ് അക്കൗണ്ടുകള്‍ക്കാണ് നല്‍കുന്നത്. ഇതോടെ, ബിസിനസ് അക്കൗണ്ടുകളെ പ്രത്യേകം വേര്‍തിരിച്ചറിയാന്‍ സാധിക്കും. ബിസിനസ് അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ചതുരാകൃതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഗ്രേ ടിക്ക്

വിവിധ രാജ്യങ്ങളുടെ തലവന്മാര്‍, ഔദ്യോഗിക വക്താക്കള്‍, നയതന്ത്ര നേതാക്കള്‍, സര്‍ക്കാര്‍ പ്രൊഫൈലുകള്‍, രാജ്യാന്തര സംഘടനകള്‍, എംബസികള്‍ തുടങ്ങിയ ഔദ്യോഗിക വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ട്വിറ്റര്‍ ഗ്രേ ടിക്ക് നല്‍കുന്നത്.

ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും അക്കൗണ്ടുകളിലെ കണ്ടന്റുകള്‍ക്കെതിരെ നടപടിയുമായി മെറ്റ. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഇന്ത്യന്‍ ഉപയോക്താക്കളില്‍ ചിലര്‍ പോസ്റ്റ് ചെയ്ത കണ്ടന്റുകള്‍ക്കെതിരെ മെറ്റ നടപടിയെടുത്തതായി സൂചന. 2.29 കോടിയിലധികം കണ്ടന്റുകള്‍ക്കെതിരെയാണ് നടപടി.

നവംബറില്‍ കമ്ബനി എടുത്ത നടപടിയെ കുറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്ത്യയിലെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് പറയുന്നത്. റിപ്പോര്‍ട്ടിലെ ഡേറ്റ അനുസരിച്ച് ഫേസ്ബുക്കിലെ 1.95 കോടിയിലധികവും ഇന്‍സ്റ്റാഗ്രാമിലെ 33.9 ലക്ഷം കണ്ടന്റുകള്‍ക്കെതിരെയും കമ്ബനി നടപടിയെടുത്തു. ഇതില്‍ 1.49 കോടി പോസ്റ്റുകളും സ്പാമാണ്. നഗ്നതയും ലൈംഗികതയുമായി ബന്ധപ്പെട്ട 18 ലക്ഷം കണ്ടന്റുകളുമുണ്ട്.

അക്രമം, മുറിവേല്‍പ്പിക്കലുമായി ബന്ധപ്പെട്ടുള്ള 12 ലക്ഷം പോസ്റ്റുകളും ഇത് കൂടാതെ കമ്ബനി എടുത്തുകളഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍! ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 10 ലക്ഷം കണ്ടന്റുകളും, അക്രമാസക്തമായ 7.27 ലക്ഷം പോസ്റ്റുകളും എടുത്തുകളഞ്ഞു. കൂടാതെ 7.12 ലക്ഷം പോസ്റ്റുകള്‍ മുതിര്‍ന്നവരുടെ നഗ്നത, ലൈംഗിക കണ്ടന്റുകള്‍ എന്നിവയാണ് ഉള്ളത്. ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ട 4.84 ലക്ഷം പോസ്റ്റുകളും കമ്ബനി മാറ്റിയിട്ടുണ്ട്. കമ്ബനിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന കണ്ടന്റുകള്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

വാട്‌സ്ആപ്പ് ഗ്രൂപ്പിലോ, വ്യക്തിക്കോ അയച്ച തെറ്റായ സന്ദേശം എല്ലാവരും കാണും മുന്‍പ് ഡിലീറ്റ് ചെയ്യാനായി ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ നാം നോക്കും. പക്ഷെ അബദ്ധത്തില്‍ നമ്മുക്ക് മാത്രം ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനാകും നാം ക്ലിക്ക് ചെയ്യുക. വളരെ ലജ്ജാകരമായ ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ തന്നെ ചെയ്യണം. അതിനായി ‘ഡിലീറ്റ് ഫോര്‍ മി’ എന്നതില്‍ അബദ്ധത്തില്‍ അമര്‍ത്തിയ സന്ദേശം പഴയപടിയാക്കണം. അതിന് കഴിയുന്ന ഒരു പുതിയ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് ഇപ്പോള്‍ അവതരിപ്പിച്ചു.

ഇത് ‘accidental delete’ എന്ന് അറിയപ്പെടും, കൂടാതെ ഉപയോക്താക്കള്‍ക്ക് ഒരു സന്ദേശം ഇല്ലാതാക്കാനുള്ള അവരുടെ തീരുമാനം പഴയപടിയാക്കാന്‍ അഞ്ച് സെക്കന്‍ഡ് വിന്‍ഡോ നല്‍കും. തുടര്‍ന്ന് അത് എല്ലാവര്‍ക്കുമായി ഇല്ലാതാക്കും. ആന്‍ഡ്രോയിഡിലും ഐഫോണിലുമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഈ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

വാട്‌സ്ആപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇത് വ്യക്തമാക്കുന്നു. ‘ഡിലീറ്റ് ഫോര്‍ മി’ എന്ന് ക്ലിക്ക് ചെയ്ത് പോയി, എന്നാല്‍ നിങ്ങള്‍ക്കായി എല്ലാവര്‍ക്കുമായി ഇല്ലാതാക്കാന്‍ ഉദ്ദേശിച്ച ഒരു സന്ദേശം നിങ്ങള്‍ അബദ്ധവശാല്‍ ഇല്ലാതാക്കുമ്‌ബോള്‍ നിങ്ങള്‍ക്ക് ആ സന്ദേശം UNDO ചെയ്യാം!’ – വീഡിയോ അടക്കം ഈ ട്വീറ്റ് പറയുന്നു. വാട്‌സ്ആപ്പ് ഫീച്ചര്‍ ട്രാക്കര്‍ വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയുടെ യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഓഗസ്റ്റ് മുതല്‍ അതിന്റെ ബീറ്റ ടെസ്റ്റിംഗ് ലഭിക്കുന്നുണ്ടായിരുന്നു. ഇത് ഇപ്പോഴാണ് എല്ലാവര്‍ക്കും ലഭിച്ചത്.

ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ള സേവനങ്ങളില്‍ ഏറ്റവും സ്വീകാര്യതയുള്ളവയില്‍ ഒന്നാണ് ഗൂഗിള്‍ ലെന്‍സ്. അറിയാത്ത ഭാഷകള്‍ തര്‍ജമ ചെയ്യാനൊക്കെ ഗൂഗിള്‍ ലെന്‍സ് ഉപകാരപ്രദമാണ്. ഇപ്പോഴിതാ പുതിയൊരു ഫീച്ചര്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ ലെന്‍സ്.

ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണല്‍സും എഴുതുന്ന കുറിപ്പടികള്‍ വായിക്കാനുള്ള സംവിധാനം ഗൂഗിള്‍ ലെന്‍സില്‍ വരികയാണ്. വായിക്കാന്‍ ഏറെ പ്രയാസമുള്ള ഇത്തരം കുറിപ്പടികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്യാനുള്ള ഫീച്ചറിന്റെ പണിപ്പുരയിലാണ് കമ്ബനിയിപ്പോള്‍ .

മെഡിക്കല്‍ പ്രൊഫഷണല്‍സിനായിട്ടാകും പുതിയ ഫീച്ചര്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുകയെന്നാണ് വിവരങ്ങള്‍. മെഡിക്കല്‍ കുറിപ്പുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ പേര് പ്രത്യേകമായി ഡിജിറ്റല്‍ രൂപത്തില്‍ എഴുതിക്കാണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2021ല്‍ മാത്രം ഇന്ത്യയിലെ യൂട്യൂബേഴ്സ് ജി.ഡി.പിയിലേക്ക് സംഭാവന ചെയ്തത് 10000 കോടിയിലധികം രൂപ. ഇന്ത്യയിലെ പല യൂട്യൂബര്‍മാരും ജനകീയരാണ്. യാത്ര, സംഗീതം, നൃത്തം, ഗെയിമിങ്, ഭക്ഷണ രുചിക്കൂട്ടുകള്‍, സാമ്ബത്തിക കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 4500ല്‍ അധികം യൂട്യൂബ് ചാനലുകള്‍ക്ക് 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. കൂടാതെ ഒരു ലക്ഷമോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനം നേടുന്ന ഇന്ത്യയിലെ യൂട്യൂബ് ചാനലുകളുടെ എണ്ണം വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ കണ്ടത് 30 ബില്യണിലധികം ആളുകളാണ്. 2021-ല്‍ യൂട്യൂബിന്റെ സ്വാധീനം വിശകലനം ചെയ്യുന്നതിനായി ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ഉപയോക്താക്കളെയും കണ്ടന്റ് ക്രിയേറ്റേഴ്സിനെയും അടിസ്ഥാനമാക്കി സര്‍വേ നടത്തിയിരുന്നു. പലരും വിവിധ ആവശ്യാനുസരണം യൂട്യൂബിനെ വിവര ശേഖരണത്തിനായുള്ള മാര്‍ഗമായി ഉപയോഗിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. കരിയര്‍ സംബന്ധമായ സൃഷ്ടികള്‍ക്കും കാഴ്ച്ചക്കാര്‍ കൂടുതലാണ്. യൂട്യൂബിന്റെ സഹായത്തോടെ കുട്ടികളുടെ പഠനം കൂടുതല്‍ രസകരമാകുന്നുണ്ടെന്ന് അമ്മമാര്‍ പ്രതികരിച്ചതായും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഓഹരി വിപണിയും ക്രിപ്റ്റോകറന്‍സികളും, മറ്റ് വ്യക്തിഗത സാമ്ബത്തിക വിവരങ്ങളും നല്‍കുന്ന യൂട്യൂബ് ചാനലുകള്‍ എല്ലാ ഭാഷകളിലും ജനകീയമാണ്. യൂട്യൂബര്‍മാര്‍ മാത്രമല്ല ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നത്. വിഡിയോ എഡിറ്റര്‍മാര്‍, വിഡിയോ ഗ്രാഫിക് ഡിസൈനര്‍മാര്‍, നിര്‍മാതാക്കള്‍, ശബ്ദ, ചിത്ര സംയോജനക്കാര്‍ എന്നിവരെല്ലാം ഈ യൂട്യൂബ് വഴി പണമുണ്ടാക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ യൂട്യൂബിനെ കൂടുതല്‍ ജനകീയമാക്കുന്ന പദ്ധതികള്‍ കൊണ്ടുവരും എന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.