ഇന്ത്യയിലെ യൂട്യൂബേഴ്സ് ജി.ഡി.പിയിലേക്ക് സംഭാവന ചെയ്തത് 10000 കോടിയിലധികം രൂപ; റിപ്പോര്‍ട്ട്‌

ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2021ല്‍ മാത്രം ഇന്ത്യയിലെ യൂട്യൂബേഴ്സ് ജി.ഡി.പിയിലേക്ക് സംഭാവന ചെയ്തത് 10000 കോടിയിലധികം രൂപ. ഇന്ത്യയിലെ പല യൂട്യൂബര്‍മാരും ജനകീയരാണ്. യാത്ര, സംഗീതം, നൃത്തം, ഗെയിമിങ്, ഭക്ഷണ രുചിക്കൂട്ടുകള്‍, സാമ്ബത്തിക കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 4500ല്‍ അധികം യൂട്യൂബ് ചാനലുകള്‍ക്ക് 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. കൂടാതെ ഒരു ലക്ഷമോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനം നേടുന്ന ഇന്ത്യയിലെ യൂട്യൂബ് ചാനലുകളുടെ എണ്ണം വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ കണ്ടത് 30 ബില്യണിലധികം ആളുകളാണ്. 2021-ല്‍ യൂട്യൂബിന്റെ സ്വാധീനം വിശകലനം ചെയ്യുന്നതിനായി ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ഉപയോക്താക്കളെയും കണ്ടന്റ് ക്രിയേറ്റേഴ്സിനെയും അടിസ്ഥാനമാക്കി സര്‍വേ നടത്തിയിരുന്നു. പലരും വിവിധ ആവശ്യാനുസരണം യൂട്യൂബിനെ വിവര ശേഖരണത്തിനായുള്ള മാര്‍ഗമായി ഉപയോഗിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. കരിയര്‍ സംബന്ധമായ സൃഷ്ടികള്‍ക്കും കാഴ്ച്ചക്കാര്‍ കൂടുതലാണ്. യൂട്യൂബിന്റെ സഹായത്തോടെ കുട്ടികളുടെ പഠനം കൂടുതല്‍ രസകരമാകുന്നുണ്ടെന്ന് അമ്മമാര്‍ പ്രതികരിച്ചതായും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഓഹരി വിപണിയും ക്രിപ്റ്റോകറന്‍സികളും, മറ്റ് വ്യക്തിഗത സാമ്ബത്തിക വിവരങ്ങളും നല്‍കുന്ന യൂട്യൂബ് ചാനലുകള്‍ എല്ലാ ഭാഷകളിലും ജനകീയമാണ്. യൂട്യൂബര്‍മാര്‍ മാത്രമല്ല ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നത്. വിഡിയോ എഡിറ്റര്‍മാര്‍, വിഡിയോ ഗ്രാഫിക് ഡിസൈനര്‍മാര്‍, നിര്‍മാതാക്കള്‍, ശബ്ദ, ചിത്ര സംയോജനക്കാര്‍ എന്നിവരെല്ലാം ഈ യൂട്യൂബ് വഴി പണമുണ്ടാക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ യൂട്യൂബിനെ കൂടുതല്‍ ജനകീയമാക്കുന്ന പദ്ധതികള്‍ കൊണ്ടുവരും എന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.