Sports (Page 72)

ദോഹ: പോളണ്ടിനെതിരായ ആദ്യ മത്സരത്തില്‍ പെനാല്‍റ്റി സേവ് ചെയ്ത് മെക്‌സിക്കോയ്ക്ക് സമനില സമ്മാനിച്ച് ഒച്ചോവ. മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല.

മതസരത്തിന്റെ 56-ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സികിയെ പിടിച്ച് വലിച്ചിട്ടതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുക്കാനെത്തിയത് ലെവന്‍ഡോവ്‌സ്‌കി തന്നെയായിരുന്നു. എന്നാല്‍ കൃത്യമായ ഡൈവിംഗിലൂടെ ഒച്ചോവ പെനാല്‍റ്റി തടുത്തിട്ടു. ലോകകപ്പിലെ ആദ്യ ഗോള്‍ നേടാനുള്ള ലെവന്റെ അവസരമാണ് ഒച്ചോവ തടുത്തിട്ടത്. ഷൂട്ടൗട്ടിലല്ലാതെ ഒച്ചോവയുടെ കരിയറിലെ 17-ാമത് പെനാല്‍റ്റി സേവായിരുന്നു ഇത്. മെക്‌സിക്കോയ്ക്ക് വേണ്ടി നടത്തുന്ന നാലാമത്തെ പെനാല്‍റ്റി സേവും. ലോകകപ്പില്‍ പെനാല്‍റ്റി സേവ് ചെയ്യുന്ന ആദ്യ മെക്‌സിക്കന്‍ ഗോളിയാണ് ഒച്ചോവ.ഇദ്ദേഹത്തിന്റെ അഞ്ചാമത്തെ ലോകകപ്പായിരുന്നു ഇത്.

പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി ഫ്രഞ്ചുകാരു സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട് ചരിത്രം കുറിച്ചു. ഇന്നലെ മെക്‌സിക്കോയും പോളണ്ടും തമ്മിലുള്ള മത്സരമാണ് 38കാരിയായ സ്റ്റെഫാനി നിയന്ത്രിച്ചത്.

ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ അട്ടിമറി ജയവുമായി സൗദി അറേബ്യ. ആദ്യ പകുതിയില്‍ മെസ്സിയുടെ പെനാല്‍ട്ടി ഗോളില്‍ മുന്നിട്ടു നിന്നിരുന്ന അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ സൗദി ഇല്ലാതാക്കി.

രണ്ടാം പകുതിയില്‍ 48-ാം മിനിറ്റിലാണ് അര്‍ജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അല്‍ ശെഹ്രിയുടെ ഗോള്‍ പിറന്നത്.53-ാം മിനിറ്റില്‍ സലിം അല്‍ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തില്‍ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടര്‍ന്ന് അര്‍ജന്റീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അര്‍ജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. ഒടുവില്‍ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയവും സൗദി നേടി. തുടര്‍ച്ചയായ 36 വിജയവുമായി നീങ്ങിയിരുന്ന അര്‍ജന്റീനയുടെ കുതിപ്പിനാണ് അവര്‍ തടയിട്ടത്. 37 വിജയമുള്ള ഇറ്റലിക്കൊപ്പമെത്താനുള്ള അവസരമാണ് സൗദി കണ്ണീരില്‍ കുതിര്‍ത്തത്. പല അവസരങ്ങള്‍ ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. 80ാം മിനുട്ടില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്കാണടിച്ചത്.

മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് അര്‍ജന്റീനയ്ക്ക് പെനാല്‍ട്ടി ലഭിച്ചത്. തുടര്‍ന്ന് നായകന്‍ മെസ്സി നിലംചേര്‍ത്തടിച്ച ഷോട്ടിലൂടെ സൗദിയുടെ വല കുലുക്കുകയായിരുന്നു. പിന്നീട് ഒരു വട്ടം കൂടി മെസ്സി പന്ത് വലയില്‍ കയറ്റിയെങ്കിലും ഓഫ്സൈഡ് റഫറി ഓഫ്സൈഡ് കൊടിയുയര്‍ത്തി. 27ാം മിനുട്ടില്‍ ലൗറ്റാരോ മാര്‍ട്ടിനെസ സൗദി ഗോളിയെ മറികടന്നു വലകുലുക്കി. പക്ഷേ അപ്പോഴും വാര്‍ കെണിയില്‍ കുരുങ്ങി. പിന്നീട് മറ്റൊരു ഓഫ്സൈഡ് കൊടി അര്‍ജന്റീനക്കെതിരെ ഉയര്‍ന്നു. മാര്‍ട്ടിനന്‍സിനെതിരെ തന്നെയായിരുന്നു ഇക്കുറിയും വാര്‍ വാള്‍ വീശിയത്.

ദോഹ: ഗ്രൂപ്പ് എയില്‍ സെനഗലിനെ പിടിച്ചു കെട്ടി നെതര്‍ലന്‍ഡ്‌സ്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ വിജയം. എണ്‍പത്തിനാലാം മിനിറ്റില്‍ ഗാക്‌പോയാണ് നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന ഘട്ടത്തില്‍ ക്ലാസന്റെ വകയായിരുന്നു രണ്ടാം ഗോള്‍.

അവസരങ്ങള്‍ പാഴാക്കാന്‍ ഇരുകൂട്ടരും മത്സരിച്ചപ്പോള്‍, മികച്ച പ്രതിരോധ ഫുട്‌ബോളിനാണ് അല്‍ തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പതിനേഴാം മിനിറ്റില്‍ ഗാക്‌പോ സൃഷ്ടിച്ച അവസരം ബ്ലൈന്‍ഡിന് മുതലാക്കാനായില്ല. ബ്ലൈന്‍ഡിന്റെ ഹെഡര്‍ പിഴച്ചതോടെ, തുടക്കത്തില്‍ മുന്നേറാനുള്ള അവസരം ഡച്ച് ടീമിന് നഷ്ടമായി.

പത്തൊന്‍പതാം മിനിറ്റിലും ഇരുപത്തിയഞ്ചാം മിനിറ്റിലും നെതര്‍ലന്‍ഡസ് അവസരങ്ങള്‍ പാഴാക്കി. എഴുപത്തി മൂന്നാം മിനിറ്റില്‍ സെനെഗല്‍ സൃഷ്ടിച്ച അവസരം ഡച്ച് ഗോള്‍ കീപ്പര്‍ ഫലപ്രദമായി തടുത്തു. കാര്യമായ മറ്റ് അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ മത്സരത്തില്‍ സെനഗലിന് സാധിച്ചില്ല.

ദോഹ: ലോകകപ്പില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇറാനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6-2 നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

35-ാം മിനിറ്റില്‍ ജ്യൂഡ് ബെല്ലിങാമാണ് ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റില്‍ ബുഖായോ സഖ ഇംഗ്ലണ്ടിന്റെ ലീഡ് രണ്ടാക്കി. ആദ്യ പകുതിയിലെ അവസാന നിമിഷത്തില്‍ റഹീം സ്റ്റെര്‍ലിങിലൂടെ ഇംഗ്ലണ്ട് ഇറാനെ വീണ്ടും ഞെട്ടിച്ചു. 62-ാം മിനിറ്റില്‍ ബുഖായോ സഖ തന്റെ രണ്ടാം ഗോളും ഇംഗ്ലണ്ടിന്റെ നാലാം ഗോളും നേടി. 65-ാം മിനിറ്റില്‍ മെഹ്ദി തരെമിയാണ് ഇറാന്റെ ആദ്യ ഗോള്‍ കണ്ടെത്തിയത്. 71-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ട്ട് ഇംഗ്ലണ്ടിന് വേണ്ടി വലകുലുക്കിയതോടെ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഗോള്‍ നേട്ടം അഞ്ചായി. 89-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷിലൂടെ ഇംഗ്ലണ്ട് ആറാം ഗോള്‍ സ്വന്തമാക്കി. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മെഹ്ദി തരെമി ഇറാന്റെ രണ്ടാം ഗോള്‍ നേടി.

കളിയിലുടനീളം ഇംഗ്ലണ്ടിന്റെ അപ്രമാദിത്യമായിരുന്നു. 80 ശതമാനമായിരുന്നു ഇംഗ്ലണ്ടിന്റെ ബോള്‍ പൊസഷന്‍. വെറും 20 ശതമാനമായിരുന്നു ഇറാന്റെ ബോള്‍ പൊസഷന്‍.

ദോഹ: ലോകകപ്പ് ചരിത്രത്തിലാദ്യമായി സൂപ്പര്‍ താരങ്ങളെ നിയന്ത്രിക്കാന്‍ വനിതാ റഫരറിമാരെ ഉള്‍പ്പെടുത്തുന്നു. മൂന്ന് വനിതകളെയാണ് ഉള്‍പ്പെടുത്തിയത്.

ഫ്രാന്‍സില്‍ നിന്ന് സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, റുവാണ്ടയില്‍ നിന്ന് സലീമ മുകാന്‍സംഗ, ജപ്പാനില്‍ നിന്ന് യോഷിമ യമാഷിത എന്നിവരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക. 2009 മുതല്‍ ഫിഫ ഇന്റര്‍നാഷണല്‍ റഫറിമാരുടെ പട്ടികയില്‍ സ്റ്റെഫാനി ഫ്രാപ്പാര്‍ട്ടുണ്ട്. മൂന്ന് വര്‍ഷം മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ റഫറിയാകുന്ന ആദ്യ വനിതയാണ് സലീമ മുകാന്‍ സംഗ. വനിതാ ലോകകപ്പ്, വിമന്‍സ് ചാമ്ബ്യന്‍സ് ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളും അവര്‍ നിയന്ത്രിച്ചിട്ടുണ്ട്.

2019-ലെ വനിതാ ലോകകപ്പിലും 2020-ലെ സമ്മര്‍ ഒളിമ്ബിക്‌സിലും കളി നിയന്ത്രിച്ച പരിചയമുള്ള വനിതയാണ് യോഷിമ യമാഷിത.എഎഫ്‌സി ചാമ്ബ്യന്‍ സ് ലീഗില്‍ ഉള്‍പ്പെടെ അനുഭവ പരിചയവുമുണ്ട്. ഇവരെ കൂടാതെ ബ്രസീലില്‍ നിന്നുള്ള ന്യൂസ ബാക്ക്, മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡിയാസ് മദീന, അമേരിക്കയില്‍ നിന്നുള്ള കാതറിന്‍ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റന്റ് റഫറിമാരും ഖത്തറിലുണ്ടാകും.

ഫുട്‌ബോള്‍ ആരാധകര്‍ക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് ജിയോ. ഒടിടി വിപണിയിലെ അവസരങ്ങള്‍ മുന്നില്‍ കണ്ടാണ് ജിയോ സിനിമ ആപ്പിലൂടെ വിയാകോം 18 ഖത്തര്‍ ലോകകപ്പ് സൗജന്യമായി സംപ്രേഷണം ചെയ്യുന്നത്. ഇതാദ്യമായാണ് രാജ്യത്ത് സൗജന്യ സ്ട്രീമിംഗ് അനുവദിക്കുന്നത്.

ഇതോടെ നിബന്ധനകള്‍ ഇല്ലാതെ തന്നെ എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും മത്സരങ്ങള്‍ കാണാന്‍ സാധിക്കാവുന്നതാണ്. പ്രധാനമായും പരസ്യ വിപണിയെ ലക്ഷ്യമിട്ടാണ് ഇത്തരം സേവനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഏകദേശം 300 കോടിയോളം രൂപ പരസ്യ വരുമാനമായി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

റിലയന്‍സിന്റെ ടിവി18, വിയാകോം സിബിഎസ് എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം 18. ലോകകപ്പിന്റെ ടിവി ബ്രോഡ്കാസ്റ്റിംഗ് അവകാശം നേടിയിരിക്കുന്നത് വിയാകോം ആണ്. നിലവില്‍, വിയാകോമുമായി നിരവധി ബ്രാന്‍ഡുകള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മഹീന്ദ്ര, അമൂല്‍, എസ്ബിഐ, ഇന്റല്‍ അടക്കമുള്ള ബ്രാന്‍ഡുകളാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ലോകകപ്പിലെ ആദ്യമത്സരത്തില്‍ ആതിഥേയരെ പരാജയപ്പെടുത്തി ഇക്വഡോര്‍. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇക്വഡോര്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ത്തന്നെ നായകന്‍ എന്നര്‍ വലന്‍സിയയിലൂടെയാണ് ഇക്വഡോര്‍ രണ്ട് ഗോളുകളും നേടിയത്.

15-ാം മിനിട്ടില്‍ പെനാല്‍റ്റിയില്‍ നിന്നാണ് വലന്‍സിയ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഗോളടിച്ചത്. ഖത്തര്‍ ഗോളി അല്‍ ഷീബ് ബോക്‌സിനുള്ളില്‍ വലന്‍സിയയെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഇതോടെ വലന്‍സിയ ഇക്വഡോറിന് വേണ്ടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി. 31-ാംമിനിട്ടില്‍ വലന്‍സിയ മനോഹരമായൊരു ഹെഡറിലൂടെ വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ 2-0ത്തിന് ലീഡെടുത്തു.

മൗണ്ട്മോഗനൂയി: രണ്ടാം ടി20യില്‍ ന്യൂസിലാന്‍ഡിനെതിരെ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് ഇന്ത്യ നേടിയത്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു.

ഇഷന്‍ കിഷന്‍ 36 റണ്‍സ് നേടി. എന്നാല്‍ ടി20 ലോകകപ്പിലെ തകര്‍പ്പന്‍ ഫോമുമായി ന്യൂസിലാന്‍ഡിലെത്തിയ സൂര്യകുമാര്‍ നിരാശപ്പെടുത്തിയില്ല. ന്യൂസിലാന്‍ഡ് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. 51 പന്തില്‍ നിന്ന് നേടിയത് 111 റണ്‍സ്. പതിനൊന്ന് ഫോറും ഏഴ് സിക്സറുകളു സൂര്യ അടിച്ചെടുത്തു. സൂര്യയെ പുറത്താക്കാനും ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്കായില്ല. മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായി തിളങ്ങാനായില്ല. സൂര്യക്ക് പിന്തുണ കൊടുക്കേണ്ട ചുമതലയെ സൂര്യക്കുണ്ടായിരുന്നുള്ളൂ. ശ്രേയസ് അയ്യര്‍(13) നായകന്‍ ഹാര്‍ദിക് പാണ്ഡ്യ(13) എന്നിവര്‍ക്കൊന്നും സ്‌കോര്‍ബോര്‍ഡ് അതികം ചലിപ്പിക്കാനായില്ല. സ്‌കോറിങ് വേഗത കൂട്ടാനുള്ള ശ്രമത്തിനിടെ ദീപക് ഹൂഡക്കും വാഷിങ്ടണ്‍ സുന്ദറിനുമൊന്നും അക്കൗണ്ട് തുറക്കാനായില്ല. സൗത്തി നാല് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഇഷ് സോധി ഒരു വിക്കറ്റും സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ ഇടം നേടാനായില്ല.

ഹൈദരാബാദ്: ഐ.എസ്.എല്ലില്‍ കഴിഞ്ഞ സീസണിലെ ഫൈനലില്‍ തങ്ങളെ കീഴടക്കി ചാമ്ബ്യന്‍മാരായ ഹൈദരാബാദ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. 18ാം മിനിട്ടില്‍ ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.

ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും തുടര്‍ച്ചയായ മൂന്നാം ജയമാണിത്. തോല്‍വിയറിയാതെ മുന്നേറിയ ഹൈദരാബാദിന്റെ സീസണിലെ ആദ്യ തോല്‍വി കൂടിയാണിത്. ജയത്തോടെ ഏഴ് കളിയില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു ബ്ലാസ്റ്റേഴ്സ്. മത്സരത്തിന് മുമ്ബ് ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. മറ്റൊരു മത്സരത്തില്‍ ചെന്നൈയിന്‍ 3-1ന് ജംഷഡ്പൂരിനെ കീഴടക്കി

ദോഹ: ലോകകപ്പിന് ഖത്തറില്‍ അരങ്ങുണരുമ്‌ബോള്‍ ലോകമെമ്ബാടുമുള്ള ആരാധകര്‍ ആഹ്ലാദ ലഹരിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം, സമ്മാനത്തുകയുടെ കാര്യത്തിലും പെരുമ കാക്കുയാണ്. 440 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഖത്തര്‍ ലോകകപ്പിന്റെ ആകെ സമ്മാന തുകയെന്ന് ഫിഫ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഖത്തര്‍ ലോകകപ്പിലെ അവസാന സ്ഥാനക്കാര്‍ മുതല്‍ ചാമ്ബ്യന്മാര്‍ വരെയുള്ളവരുടെ സമ്മാന തുക എത്രയായിരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു കഴിഞ്ഞു. 17 മുതല്‍ 32 വരെ സ്ഥാനക്കാര്‍ക്ക് 9 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് സമ്മാന തുക. അതായത് ഏകദേശം 74 കോടി ഇന്ത്യന്‍ രൂപ. 9 മുതല്‍ 16 വരെ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 13 മില്ല്യണ്‍ ഡോളറാണ് ലഭിക്കുക, ഏകദേശം 106 കോടി രൂപ.

5 മുതല്‍ 8 വരെ സ്ഥാനങ്ങള്‍: 17 മില്ല്യണ്‍ ഡോളര്‍ (138 കോടി രൂപ)

നാലാം സ്ഥാനം: 25 മില്ല്യണ്‍ ഡോളര്‍ (204 കോടി രൂപ)

മൂന്നാം സ്ഥാനം: 27 മില്ല്യണ്‍ ഡോളര്‍ (220 കോടി രൂപ)

റണ്ണര്‍ അപ്പുകള്‍ക്ക് ലഭിക്കുക 30 മില്ല്യണ്‍ ഡോളറാണ്. ഏകദേശം 245 കോടി ഇന്ത്യന്‍ രൂപ. വിജയികള്‍ക്ക് ലഭിക്കുക 42 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. അതായത്, ഏകദേശം 344 കോടി ഇന്ത്യന്‍ രൂപ.