വീണ്ടും സ്‌കൈ മാജിക്; ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

മൗണ്ട്മോഗനൂയി: രണ്ടാം ടി20യില്‍ ന്യൂസിലാന്‍ഡിനെതിരെ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് ഇന്ത്യ നേടിയത്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു.

ഇഷന്‍ കിഷന്‍ 36 റണ്‍സ് നേടി. എന്നാല്‍ ടി20 ലോകകപ്പിലെ തകര്‍പ്പന്‍ ഫോമുമായി ന്യൂസിലാന്‍ഡിലെത്തിയ സൂര്യകുമാര്‍ നിരാശപ്പെടുത്തിയില്ല. ന്യൂസിലാന്‍ഡ് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. 51 പന്തില്‍ നിന്ന് നേടിയത് 111 റണ്‍സ്. പതിനൊന്ന് ഫോറും ഏഴ് സിക്സറുകളു സൂര്യ അടിച്ചെടുത്തു. സൂര്യയെ പുറത്താക്കാനും ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്കായില്ല. മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായി തിളങ്ങാനായില്ല. സൂര്യക്ക് പിന്തുണ കൊടുക്കേണ്ട ചുമതലയെ സൂര്യക്കുണ്ടായിരുന്നുള്ളൂ. ശ്രേയസ് അയ്യര്‍(13) നായകന്‍ ഹാര്‍ദിക് പാണ്ഡ്യ(13) എന്നിവര്‍ക്കൊന്നും സ്‌കോര്‍ബോര്‍ഡ് അതികം ചലിപ്പിക്കാനായില്ല. സ്‌കോറിങ് വേഗത കൂട്ടാനുള്ള ശ്രമത്തിനിടെ ദീപക് ഹൂഡക്കും വാഷിങ്ടണ്‍ സുന്ദറിനുമൊന്നും അക്കൗണ്ട് തുറക്കാനായില്ല. സൗത്തി നാല് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഇഷ് സോധി ഒരു വിക്കറ്റും സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ ഇടം നേടാനായില്ല.