അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി; കണ്ണീരണിഞ്ഞ് മെസ്സിപ്പട

ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ അട്ടിമറി ജയവുമായി സൗദി അറേബ്യ. ആദ്യ പകുതിയില്‍ മെസ്സിയുടെ പെനാല്‍ട്ടി ഗോളില്‍ മുന്നിട്ടു നിന്നിരുന്ന അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ സൗദി ഇല്ലാതാക്കി.

രണ്ടാം പകുതിയില്‍ 48-ാം മിനിറ്റിലാണ് അര്‍ജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അല്‍ ശെഹ്രിയുടെ ഗോള്‍ പിറന്നത്.53-ാം മിനിറ്റില്‍ സലിം അല്‍ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തില്‍ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടര്‍ന്ന് അര്‍ജന്റീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അര്‍ജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. ഒടുവില്‍ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയവും സൗദി നേടി. തുടര്‍ച്ചയായ 36 വിജയവുമായി നീങ്ങിയിരുന്ന അര്‍ജന്റീനയുടെ കുതിപ്പിനാണ് അവര്‍ തടയിട്ടത്. 37 വിജയമുള്ള ഇറ്റലിക്കൊപ്പമെത്താനുള്ള അവസരമാണ് സൗദി കണ്ണീരില്‍ കുതിര്‍ത്തത്. പല അവസരങ്ങള്‍ ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. 80ാം മിനുട്ടില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്കാണടിച്ചത്.

മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് അര്‍ജന്റീനയ്ക്ക് പെനാല്‍ട്ടി ലഭിച്ചത്. തുടര്‍ന്ന് നായകന്‍ മെസ്സി നിലംചേര്‍ത്തടിച്ച ഷോട്ടിലൂടെ സൗദിയുടെ വല കുലുക്കുകയായിരുന്നു. പിന്നീട് ഒരു വട്ടം കൂടി മെസ്സി പന്ത് വലയില്‍ കയറ്റിയെങ്കിലും ഓഫ്സൈഡ് റഫറി ഓഫ്സൈഡ് കൊടിയുയര്‍ത്തി. 27ാം മിനുട്ടില്‍ ലൗറ്റാരോ മാര്‍ട്ടിനെസ സൗദി ഗോളിയെ മറികടന്നു വലകുലുക്കി. പക്ഷേ അപ്പോഴും വാര്‍ കെണിയില്‍ കുരുങ്ങി. പിന്നീട് മറ്റൊരു ഓഫ്സൈഡ് കൊടി അര്‍ജന്റീനക്കെതിരെ ഉയര്‍ന്നു. മാര്‍ട്ടിനന്‍സിനെതിരെ തന്നെയായിരുന്നു ഇക്കുറിയും വാര്‍ വാള്‍ വീശിയത്.