ഫുട്‌ബോള്‍ ആരാധകര്‍ക്ക് പുതിയ സേവനവുമായി ജിയോ

ഫുട്‌ബോള്‍ ആരാധകര്‍ക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് ജിയോ. ഒടിടി വിപണിയിലെ അവസരങ്ങള്‍ മുന്നില്‍ കണ്ടാണ് ജിയോ സിനിമ ആപ്പിലൂടെ വിയാകോം 18 ഖത്തര്‍ ലോകകപ്പ് സൗജന്യമായി സംപ്രേഷണം ചെയ്യുന്നത്. ഇതാദ്യമായാണ് രാജ്യത്ത് സൗജന്യ സ്ട്രീമിംഗ് അനുവദിക്കുന്നത്.

ഇതോടെ നിബന്ധനകള്‍ ഇല്ലാതെ തന്നെ എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും മത്സരങ്ങള്‍ കാണാന്‍ സാധിക്കാവുന്നതാണ്. പ്രധാനമായും പരസ്യ വിപണിയെ ലക്ഷ്യമിട്ടാണ് ഇത്തരം സേവനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഏകദേശം 300 കോടിയോളം രൂപ പരസ്യ വരുമാനമായി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

റിലയന്‍സിന്റെ ടിവി18, വിയാകോം സിബിഎസ് എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം 18. ലോകകപ്പിന്റെ ടിവി ബ്രോഡ്കാസ്റ്റിംഗ് അവകാശം നേടിയിരിക്കുന്നത് വിയാകോം ആണ്. നിലവില്‍, വിയാകോമുമായി നിരവധി ബ്രാന്‍ഡുകള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മഹീന്ദ്ര, അമൂല്‍, എസ്ബിഐ, ഇന്റല്‍ അടക്കമുള്ള ബ്രാന്‍ഡുകളാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.