ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ബ്രസീലും. ദക്ഷിണ കൊറിയയെ തകര്‍ത്താണ് ബ്രസീലിന്റെ കുതിപ്പ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം.
കൊറിയയെ അടിമുടി തകര്‍ത്തുകളഞ്ഞ ആദ്യ പകുതിയിലാണ് ബ്രസീല്‍ നാല് ഗോളും നേടിയത്. ഏഴാം മിനിറ്റില്‍ വിനിഷ്യസാണ് ആദ്യ ഗോള്‍ നേടിയത്. ആറ് മിനിറ്റുകള്‍ക്ക് ശേഷം തകര്‍പ്പനൊരു പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിന്റെ ലീഡുയര്‍ത്തി. 29-ാം മിനിറ്റില്‍ കിടിലന്‍ ടീം വര്‍ക്കിലൂടെ റിച്ചാര്‍ലിസന്‍ ബ്രസീലിന്റെ ലീഡ് മൂന്ന് ഗോളാക്കി ഉയര്‍ത്തി. ഏഴ് മിനിറ്റിന് ശേഷം ലൂക്കാസ് പക്വേറ്റ, ബ്രസീലിന്റെ വിജയം ഉറപ്പിച്ച ഗോളും നേടി.
വിജയമുറപ്പാക്കിയ ശരീരഭാഷയുമായാണ് ബ്രസീല്‍ രണ്ടാം പകുതി കളിച്ചത്. അതിനാല്‍ തന്നെ തിടുക്കെപ്പെട്ടുള്ള ആക്രമണ നീക്കങ്ങളൊന്നും അധികമുണ്ടായില്ല. എങ്കിലും ദക്ഷിണകൊറിയന്‍ ഗോളിയുടെ മികച്ച പ്രകടനം ബ്രസീലിന്റെ ചില മികച്ച നീക്കങ്ങള്‍ നിര്‍വീര്യമാക്കി. മറുവശത്ത് കൊറിയ നടത്തിയ ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ക്ക് മുന്നില്‍ ബ്രസീലിന്റെ ഗോളി അലിസന്‍ ബക്കറും വന്മതില്‍ തീര്‍ത്തി. ഇതിനിടെ 76-ാം മിനിറ്റില്‍ സുങ് ഹോ പൈക്ക് നേടിയ കിടിലന്‍ ഗോള്‍ കൊറിയക്ക് ആശ്വസിക്കാന്‍ വക നല്‍കി.

