ലോക ഭാരോദ്വഹന ചാമ്ബ്യന്‍ഷിപ്പ്: മീരാബായി ചാനുവിന് വെള്ളി

കൊളംബിയ: കൊളംബിയയിലെ ബൊഗോട്ടയില്‍ നടന്ന ലോക ഭാരോദ്വഹന ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മീരാബായി ചാനുവിന് വെള്ളി നേട്ടം. 200 കിലോ ഭാരമുയര്‍ത്തിയാണ് ഇന്ത്യയ്ക്കായി മീരാബായി വെള്ളി കരസ്ഥമാക്കിയത്. 49 കിലോ വിഭാഗത്തിലായിരുന്നു മത്സരം. സ്നാച്ചില്‍ 87 കിലോഗ്രാം ഉയര്‍ത്താനും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 113 കിലോയും ഉയര്‍ത്താനായി. മൊത്തം 206 കിലോഗ്രാം ഉയര്‍ത്തി സ്വര്‍ണം നേടിയ ചൈനയുടെ ജിയാങ് ഹുയ്ഹുവെ പിന്നിലാക്കിയാണ് താരം ഫിനിഷ് ചെയ്തത്.

താരത്തിന് പരിക്കുള്ളതിനാല്‍ പ്രത്യേകമായി പരിശീലനം നല്‍കാന്‍ കഴിഞ്ഞില്ലെന്നും ലോക ചാമ്ബ്യന്‍ഷിപ്പിലെ പ്രകടനം മീരാബായി സ്ഥിരമായി ഉയര്‍ത്തുന്ന ഭാരമാണെന്നും പരിശീലകന്‍ വിജയ് ശര്‍മ പറഞ്ഞു. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് പിന്നാലെ ഉയര്‍ത്തുന്ന ഭാരം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ പരിശീലനത്തിനിടയിലാണ് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ഒക്ടോബറില്‍ ദേശീയ ഗെയിംസിലും താരം പങ്കെടുത്തിരുന്നു.

2024 ലെ പാരീസ് ഒളിമ്ബിക്സിനുള്ള ആദ്യ യോഗ്യതാ മത്സരമാണ് 2022 ലോക ചാമ്ബ്യന്‍ഷിപ്പ്. 2024 ഒളിമ്ബിക് യോഗ്യത നിയമമനുസരിച്ച് ലിഫ്റ്റര്‍ നിര്‍ബന്ധമായും 2023 ലോക ചാമ്ബ്യന്‍ഷിപ്പിലും 2024 ലോകകപ്പിലും മത്സരിക്കണം. 2022-ലെ ലോക ചാമ്ബ്യന്‍ഷിപ്പുകള്‍, 2023 കോണ്ടിനെന്റല്‍ ചാമ്ബ്യന്‍ഷിപ്പുകള്‍, 2023 ഗ്രാന്‍ഡ് പ്രിക്സ് 1, 2023 ഗ്രാന്‍ഡ് പ്രിക്സ് 2, 2024 കോണ്ടിനെന്റല്‍ ചാമ്ബ്യന്‍ഷിപ്പുകളിലും പങ്കെടുക്കണം. 2017-ല്‍ ലോക ചാമ്ബ്യന്‍ഷിപ്പില്‍ ചാനു സ്വര്‍ണം നേടിയിരുന്നു. ദേശീയ റെക്കോഡോടെയായിരുന്നു ചാനുവിന്റെ സ്വര്‍ണ നേട്ടം. സ്നാച്ചില്‍ 85 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 109 കിലോഗോമും അടക്കം ആകെ 194 കിലോഗ്രാം ഉയര്‍ത്തിയായിരുന്നു സ്വര്‍ണനേട്ടം.