Sports (Page 63)

കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ കേരളം 4-1ന് ബീഹാറിനെ തോല്‍പ്പിച്ചു.കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് ഇരട്ട ഗോളുകള്‍ നേടി.

24-ാം മിനിറ്റില്‍ നിജോ ഗില്‍ബെര്‍ട്ടിലൂടെ കേരളം ലീഡ് നേടി. പിന്നാലെ 27-ാം മിനിറ്റില്‍ നിജോയുടെ ഷോട്ട് ബംഗാളിന്റെ രാഹുല്‍ യാദവിന്റെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് റഫറി കേരളത്തിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. 28-ാം മിനിറ്റില്‍ കിക്ക് വലയിലെത്തിച്ച് നിജോ കേരളത്തിന്റെ ലീഡുയര്‍ത്തി.

സാവോപോളോ: ഫുട്‌ബോള്‍ രാജാവ് പെലെക്ക് (82) വിട. കാന്‍സര്‍ ബാധിതനായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. പതിനഞ്ചാം വയസ്സില്‍ സാന്റോസിലൂടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍ എത്തി. മൂന്നു ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്.

1940 ഒക്ടോബര്‍ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. പത്താം നമ്ബര്‍ ജഴ്‌സി എന്നതു പെലെയുടെ മാത്രം ജഴ്‌സി എന്ന നിലയിലേക്ക് ഗോള്‍ വേട്ടകൊണ്ട് പെലെ എത്തി. വിരമിച്ച ശേഷം ഫുട്‌ബോള്‍ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം.

നേട്ടങ്ങള്‍

ലോകകപ്പ് വിജയം: 1958, 1962, 1970

കോപ അമേരിക്ക ടോപ് സ്‌കോറര്‍: 1959

ലോകകപ്പ് ആകെ മല്‍സരങ്ങള്‍: 14

ലോകകപ്പ് ഗോള്‍: സ്വീഡന്‍ 1958 ല്‍ 6, ചിലി 1962 ല്‍ 1 , ഇംഗ്ലണ്ട് 1966 ല്‍ 1 , മെക്‌സിക്കോ 1970 ല്‍ 4 , ആകെ 12 ഗോളുകള്‍

ബഹുമതികള്‍

ഫിഫാ പ്ലെയര്‍ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓര്‍ഡര്‍ ഓഫ് മെറിറ്റ്: 2004

ഐഒസി അത്‌ലറ്റ് ഓഫ് ദി ഇയര്‍, സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍: 1973

ഫിഫാ ലോകകപ്പ് മികച്ച കളിക്കാരന്‍: 1970

ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരന്‍: 1958

2036ലെ ഒളിമ്ബിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. 2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന ഐഒസി സെഷനില്‍ ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മുന്നില്‍ ഇത് സംബന്ധിച്ച രൂപരേഖ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

‘ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യന്‍ ഒളിമ്ബിക്സ് അസോസിയേഷന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. ഇന്ത്യക്ക് ഒളിമ്ബിക്സ് നടത്താനുള്ള അനുമതി ലഭിച്ചാല്‍ ഗുജറാത്തിലെ അഹമ്മദാബാദ് ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങളുള്ള ‘ആതിഥേയ നഗരം’ ആയിരിക്കും. മുമ്ബ് 1982 ഏഷ്യന്‍ ഗെയിംസിനും 2010 കോമണ്‍വെല്‍ത്ത് ഗെയിംസിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അതുകൊണ്ട് അടുത്ത ലക്ഷ്യം സമ്മര്‍ ഒളിമ്ബിക്‌സാണ്. മുംബൈയില്‍ നടക്കുന്ന ഐഒസി സെഷന്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. അവിടെ ഒളിമ്ബിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ലക്ഷ്യത്തിന് വേണ്ടി എന്ത് നടപടികളും സ്വീകരിക്കേണ്ടി വന്നാലും സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുന്നതാണ്. ഒളിമ്ബിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഗുജറാത്ത് പലതവണ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, വിമാനത്താവളങ്ങള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍ തുടങ്ങി ഗെയിംസ് നടത്താനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഗുജറാത്തിലുണ്ട്. ഗുജറാത്തില്‍ ഒളിമ്ബിക്‌സ് നടത്തും എന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ ഉണ്ട്’- അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി: ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കേരളത്തിന്റെ എച്ച്.എസ് പ്രണോയ് എട്ടാം സ്ഥാനത്ത്. പുരുഷ സിംഗിള്‍സില്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന പ്രണോയ് ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു.

2018 ല്‍ എട്ടാം സ്ഥാനത്തായിരുന്ന പ്രണോയ് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

നെടുമ്ബാശേരി: കൊച്ചി നെടുമ്ബാശേരിയില്‍ ലോകോത്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ബി.സി.സി.ഐ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി 60 ഏക്കറോളമുള്ള നിര്‍ദിഷ്ടസ്ഥലം ബി.സി.സി.ഐ സെക്രട്ടറി ജെയ്ഷായും സംഘവും സന്ദര്‍ശിച്ചു.

കൊച്ചിയില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിനടുത്തുള്ള മറ്റൊരു സ്ഥലവും പരിഗണനയിലുണ്ടെങ്കിലും വിമാനത്താവളത്തിന്റെ സാമീപ്യവും ദേശീയപാതയുമെല്ലാം പരിഗണിച്ചാണ് നെടുമ്ബാശേരിക്ക് മുന്‍ഗണന നല്‍കുന്നത്. സ്റ്റേഡിയത്തിന്റെ ഉയരവും ഫ്‌ളഡ്‌ലൈറ്റുകളുമെല്ലാം വിമാനസര്‍വീസിനെ ബാധിക്കുമോയെന്ന് പരിശോധിച്ച ശേഷമായിരിക്കും അന്തിമതീരുമാനം. ബി.സി.സി.ഐയുടെ സാങ്കേതികവിഭാഗം സ്ഥലം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.

കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്രസ്റ്റേഡിയം കേരള ബ്‌ളാസ്റ്റേഴ്‌സ് സ്ഥിരം പരിശീലനവേദിയാക്കിയ സാഹചര്യത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വേണമെന്ന ആവശ്യം ഉന്നയിച്ചത്.

ഡല്‍ഹി: 2023 മാര്‍ച്ച് വരെ ബിസിസിഐ ടൈറ്റില്‍ സ്‌പോണ്‍സറായി ബൈജൂസ് തുടരുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐയുടെ അപെക്‌സ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങള്‍ 2023 നവംബര്‍ വരെ നീട്ടാന്‍ ബൈജൂസ് ആദ്യം സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോര്‍ഡുമായുള്ള ജേഴ്‌സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ 35 മില്യണ്‍ ഡോളറിന് ബൈജൂസ് പുതുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കരാര്‍ റദ്ദാക്കണമെന്ന് ബൈജൂസ് ആവശ്യപ്പെടുകയായിരുന്നു.

അപെക്‌സ് കൗണ്‍സില്‍ യോഗത്തിന് ശേഷം, ബൈജൂസ് 2023 മാര്‍ച്ച് വരെ മാത്രമേ ഇന്ത്യന്‍ ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി തുടരൂ എന്ന് തീരുമാനിച്ചിട്ടുണ്ട്.

മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്ബരയ്ക്കുള്ള ടീമില്‍ സഞ്ജു സാംസണും. ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പേസ് കരുത്തായ ബുംമ്രയും ലോകോത്തര ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടി20 പട്ടികയില്‍ ഇടംപിടിച്ചില്ല.

കേരളത്തിന്റെ നായകനായി രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമാണ് സഞ്ജു നടത്തി ക്കൊണ്ടിരിക്കുന്നത്. ടീമിന്റെ നെടുംതൂണായി കളിക്കുന്ന സഞ്ജുവിനെ ഏകദിനത്തില്‍ പക്ഷെ പരിഗണിച്ചിട്ടില്ല. ടി20ടീമില്‍ അനിവാര്യനായിക്കഴിഞ്ഞ സഞ്ജു ന്യൂസിലാന്റി നെതിരായ പരമ്ബരയിലും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

ടി20 ടീം: ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ,രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചുവാങ്ങിയത്. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് ആണ് കേരളത്തിനായി വിജയഗോള്‍ സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സ് ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.11 മത്സരങ്ങളില്‍ നിന്ന് 22 പോയന്റാണ് ടീമിനുള്ളത്.

മത്സരത്തിലെ ആദ്യ പകുതി ഇരുടീമുകളും ഗോളുകളൊന്നും നേടാനാവാതെ അവസാനിച്ചിരുന്നു. അവസാന അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ വിറപ്പിക്കുന്ന മുന്നേറ്റമാണ് കളിയുടെ തുടക്കം മുതല്‍ ഒഡീഷ നടത്തിയത്. കളിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് ബ്ലാസ്റ്റേഴ്സ് ആയിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളില്‍ നിരന്തരം ഭീഷണി സൃഷ്ടിച്ച് ഒഡീഷ നിറഞ്ഞു കളിച്ചു. ഇതിനിടെ ബ്ലാസ്റ്റേഴ്സിലെ നാല് താരങ്ങള്‍ക്ക് യെല്ലോ കാര്‍ഡുകളും ലഭിച്ചു.

മത്സരത്തിലെ മൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ബോക്സിന് മുന്നില്‍ ഒഡീഷ ആക്രമണം തുടങ്ങിവെച്ചു ഫെര്‍ണാണ്ടസിന്റെ മികച്ച ഷോട്ട് ഗോളാകാതെ രക്ഷപ്പെടുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ കൃത്യമായി പാസ് നല്‍കാനോ മുന്നേറ്റം നടത്തുന്നതിലും ബ്ലാസ്റ്റേഴ്സ പരാജയപ്പെട്ടു. പത്താം മിനിറ്റില്‍ കലിയുഷ്നിയിലൂടെ ഒരു മൂന്നേറ്റത്തിന് ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. 30-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്ലിനും ഒഡിഷയുടെ നന്ദകുമാര്‍ ശേഖറിനും റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. 35-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപ് സിങ്ങിനും മഞ്ഞക്കാര്‍ഡ് കിട്ടി. 71-ാം മിനിറ്റില്‍ കിട്ടിയ അവസരം മുതലാക്കാന്‍ നിഹാല്‍ സുരേഷിനായില്ല. 79-ാം മിനിറ്റില്‍ ഒഡീഷ ഗോള്‍കീപ്പര്‍ വരുത്തിയ അബദ്ധം മുതലാക്കാന്‍ സഹലിനും കഴിഞ്ഞില്ല. എന്നാല്‍ ഇതിനെല്ലാം പകരമായി 86-ാം മിനിറ്റില്‍ സന്ദീപ് സിങ് അവതരിച്ചു. മിറാന്‍ഡയുടെ ക്രോസ് തടയുന്നതില്‍ അമരീന്ദറിന് പിഴച്ചു. പന്ത് നേരെയെത്തിയത് സന്ദീപിലേക്കാണ്. ഒഴിഞ്ഞ പോസ്റ്റിലേക്ക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് കുത്തിയിട്ട് മഞ്ഞപ്പടയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചു

കോഴിക്കോട്: സന്തോഷ് ട്രോഫി ആദ്യമത്സരത്തില്‍ തന്നെ കേരളത്തിന് മിന്നും ജയം. സ്വന്തം മണ്ണില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. വിഘ്നേഷും നരേഷും റിസ്വാനും നേടിയ ഇരട്ട ഗോളും ഗില്‍ ബര്‍ട്ടിന്റെ തുടക്കം കുറിച്ച ഗോളുമാണ് കേരളത്തിന് ഗംഭീര ജയം സമ്മാനിച്ചത്.

തുടക്കത്തിലേ മുന്നേറിയ കേരളം ആറാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. ഗില്‍ബര്‍ട്ടാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ വിഘ്നേഷും ലക്ഷ്യം കണ്ടു. 20-ാം മിനിറ്റില്‍ വിഘ്നേഷ് തന്റെ രണ്ടാം ഗോളിലൂടെ കേരളത്തിന്റെ നേട്ടം 3-0 ആക്കി ഉയര്‍ത്തി. 23-ാം മിനിറ്റില്‍ നരേഷ് നാലാം ഗോളും 36-ാം മിനിറ്റില്‍ അഞ്ചാം ഗോളും നേടി.

ആദ്യ പകുതിയില്‍ തന്നെ 5-0ന് മുന്നിലായ കേരളം രണ്ടാം പകുതിയിലും രാജസ്ഥാന് ഒരു അവസരവും നല്‍കാതെ ആക്രമണം തുടരുകയാണ്. 54-ാം മിനിറ്റില്‍ റിസ്വാനിലൂടെ കേരളം ആറാം ഗോളും രാജസ്ഥാന്റെ വലയിലെത്തിച്ചു. 80-ാം മിനിറ്റില്‍ റിസ്വാന്‍ തന്റെ ഇരട്ട ഗോളും നേടി കേരളത്തിന് 7-0 എന്ന മിന്നും ജയവും സമ്മാനിച്ചു.

ഇന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഒഡീഷ എഫ്സിയും തമ്മിലാണ് ബോക്സിംഗ് ഡേ ഏറ്റുമുട്ടല്‍.

ഈ സീസണിന്റെ തുടക്കത്തിലെ റിവേഴ്സ് ഫിക്ചറില്‍ മൂന്ന് പോയിന്റുകളും നേടിയ ഒഡീഷ എഫ്സി ഒരു ഗോളിന് പിന്നില്‍ നിന്ന് മടങ്ങിയതിനാല്‍ ബ്ലാസ്റ്റേഴ്സ് ഇത്തവണ കാര്യങ്ങള്‍ ശരിയാക്കാനാണ് നോക്കുന്നത്.

ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയോട് എടികെ മോഹന്‍ ബഗാന്‍ തോറ്റതിന് ശേഷം, ഈ രണ്ട് ടീമുകളുടെയും സമ്ബൂര്‍ണ്ണ ഫലം അവരെ മൂന്നാം സ്ഥാനത്തെത്തിക്കും – ഐഎസ്എല്‍ പത്രക്കുറിപ്പ് പ്രകാരം രണ്ട് ടീമുകളും നിലവില്‍ അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്.