Sports (Page 64)

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്ബര 2-0 നേടി. ഇന്നലെ കളി തുടരുമ്‌ബോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയിലായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യന്‍ ക്യാമ്ബില്‍ ആശങ്ക പടര്‍ത്തി.

ഉനദ്കട്ടും ഋഷഭ് പന്തും അക്സര്‍ പട്ടേലും വീണപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 7ന് 74 എന്ന നിലയിലായി. മൂന്നക്കം കാണില്ലെന്ന കരുതിയ ഘട്ടത്തിലാണ് ശ്രേയസ് അയ്യരും ആര്‍ അശ്വിനും ക്രീസിലെത്തിയത്.

എട്ടാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അശ്വിന്‍(42), ശ്രേയസ്(29) റണ്‍സ് നേടി. മെഹ്ദി ഹസന്‍ എറിഞ്ഞ 47ാം ഓവറില്‍ അശ്വിന്‍ രണ്ട് ബൗണ്ടറികളും ഒരു സിക്സറും പറത്തി ഇന്ത്യയുടെ വിജയം വേഗത്തിലാക്കി. അശ്വിന്‍ തന്നെയാണ് കളിയിലെ താരം. ചേതേശ്വര്‍ പൂജാര പരമ്ബരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

പിഎസ്ജി ക്ലബ്ബുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2024 വരെ നീട്ടി. ലോകകപ്പ് ഇടവേളക്ക് ശേഷം മെസ്സിയുമായി കരാര്‍ ചര്‍ച്ചകളിലേക്ക് കടക്കുമെന്ന് പിഎസ്ജി സൂചന നല്‍കിയിരുന്നു.

മെസ്സിയും കിലിയന്‍ എംബാപ്പെയും ക്ലബ്ബിനൊപ്പം വേണമെന്നായിരുന്നു പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫി നേരത്തേ അറിയിച്ചിരുന്നത്. 2021 ആഗസ്റ്റ് 10ന് ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തിയ മെസ്സി ഇത്തവണ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

കൊച്ചി: ഒഡിഷ എഫ്.സിയോട് പകരം ചോദിക്കാന്‍ തങ്ങളുടെ തട്ടകത്തില്‍ ഇറങ്ങുകയാണ് കേരള ബ്‌ളാസ്റ്റേഴ്‌സ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാത്രി 7.30നാണ് ഒഡിഷ എഫ്.സിയും ബ്‌ളാസ്റ്റേഴ്‌സും തമ്മിലുള്ള പോരാട്ടത്തിന് കിക്കോഫ്.

ഒക്ടോബറില്‍ ഭുവനേശ്വറില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷ ബ്‌ളാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചിരുന്നത്. അതിന് മുമ്ബ് എ.ടി.കെ മോഹന്‍ ബഗാനോടും ശേഷം മുംബയ് സിറ്റിയോടും തോറ്റിരുന്ന ബ്‌ളാസ്റ്റേഴ്‌സ് നവംബര്‍ മുതല്‍ തോല്‍വിയറിയാതെ കുതിക്കുകയാണ്. നോര്‍ത്ത്ഈസ്റ്റ്, ഗോവ,ഹൈദരാബാദ്, ജംഷഡ്പുര്‍,ബെംഗളുരു ടീമുകളെ തോല്‍പ്പിച്ച ബ്‌ളാസ്റ്റേഴ്‌സ് കഴിഞ്ഞയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു.

സീസണില്‍ 10 മത്സരങ്ങളില്‍ ആറുവിജയവും ഒരു സമനിലയും മൂന്ന് തോല്‍വികളുമായി 19 പോയിന്റുള്ള ബ്‌ളാസ്റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഒഡിഷയ്ക്കും ആറ് വിജയങ്ങളും ഒരു സമനിലയും 19 പോയിന്റുമാണുള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്‌ളാസ്റ്റേഴ്‌സിന് പിന്നില്‍ ആറാം സ്ഥാനത്താണ്.

ഡല്‍ഹി: എഡ്‌ടെക് മേജര്‍ ബൈജൂസും എംപിഎല്‍ സ്പോര്‍ട്‌സും ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാറുകളില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണിലാണ് ബൈജൂസ് ബോര്‍ഡുമായുള്ള ജേഴ്‌സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ 35 മില്യണ്‍ യു എസ് ഡോളറിന് 2023 നവംബര്‍ വരെ നീട്ടിയത്. ബി സി സി ഐയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ബൈജൂസ് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം കരാര്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നവംബര്‍ നാലിന് ബൈജൂസില്‍ നിന്ന് ബി സി സി ഐയ്ക്ക് ഇമെയില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ നടന്ന ബി സി സി ഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ബൈജൂസുമായുള്ള ഞങ്ങളുടെ ചര്‍ച്ചകള്‍ അനുസരിച്ച്, നിലവിലെ ക്രമീകരണം തുടരാനും കുറഞ്ഞത് 2023 മാര്‍ച്ച് വരെ സ്പോണ്‍സര്‍മാരായി തുടരാനും ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി സി സി ഐ അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ ഡേറ്റാബേസുകള്‍ വാങ്ങുന്നുവെന്നും ഭീഷണി കോളുകള്‍ ചെയ്യുന്നുവെന്നും അടുത്തിടെ ബൈജൂസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ബാലാവകാശ കമ്മീഷന്‍ പോലും ഇക്കാര്യത്തില്‍ ബൈജൂസിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഈ ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ ബൈജൂസ് അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ ഡേറ്റാബേസ് ഞങ്ങള്‍ ഒരിക്കലും വാങ്ങിയിട്ടില്ലെന്നും ഭാഷണി കോളുകള്‍ ചെയ്യാറില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ ബൈജൂസ് വീശദീകരിച്ചു.

ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം അബ്ദുല്‍ ബാസിത്തിനെ രാജസ്ഥാന്‍ റോയല്‍സ് അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കി. ഓള്‍ റൗണ്ടറായ ബാസിത് എറണാകുളം നെട്ടൂര്‍ സ്വദേശിയാണ്. മൂന്ന് മലയാളി താരങ്ങളേയാണ് ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയത്.

മലയാളി ബാറ്ററായ വിഷ്ണു വിനോദിനെയും ബോളര്‍ കെ.എം ആസിഫിനേയും മുംബൈ ഇന്ത്യന്‍സ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇരുവരെയും അടിസ്ഥാന വിലയായ 20 ലക്ഷത്തിന് തന്നെയാണ് മുംബൈ ടീമിലെത്തിച്ചത്. മുമ്ബ് ഡല്‍ഹി ക്യാപിറ്റല്‍സിനായും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും വിഷ്ണു വിനോദ് പാഡ് കെട്ടിയിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരങ്ങളായ അസ്ഹറുദ്ദീനെയും,കെഎം ആസിഫിനെയും റോഹന്‍ കുന്നുമ്മലിനെയും ലേലത്തില്‍ ആരും വാങ്ങിയില്ല.

പത്ത് മലയാളി താരങ്ങളാണ് താരലേലത്തിന് രജിസ്റ്റര്‍ചെയ്തിരുന്നത്. ബാറ്റര്‍മാരായ സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്,ഷോണ്‍ റോജര്‍ പി.എ അബ്ദുല്‍ ബാസിത് എന്നിവരും ബൗളര്‍മാരായ കെ.എം ആസിഫ് ബേസില്‍ തമ്ബി എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുമാണ് ലേലത്തിനുണ്ടായിരുന്നത്.

കൊച്ചി: ഐപിഎല്ലിന്റെ 2023 എഡിഷനിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍. ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ലേല തട്ടില്‍ ലോകോത്തര താരങ്ങള്‍ ക്കൊപ്പം 10 മലയാളികളും വമ്ബന്‍ ടീമുകളിലേക്ക് ചേക്കേറാനുള്ള ഭാഗ്യവിളികള്‍ക്കായി കാതോര്‍ക്കും. 405 താരങ്ങളില്‍ നിന്നുള്ളവരെയാണ് ഇന്ന് പത്തു ഫ്രാഞ്ചൈസികള്‍ക്ക് കയ്യിലെ തുക അനുസരിച്ച് സ്വന്തമാക്കാന്‍ അവസരം ലഭിക്കുക.

വിദേശ താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, കാമറൂണ്‍ ഗ്രീന്‍, നിക്കോളാസ് പൂരന്‍, റിലീ റൂസോ എന്നിവര്‍ ഇന്നത്തെ ശ്രദ്ധാകേന്ദ്രമാകുന്നവരാണ്. ഇവര്‍ക്കൊപ്പം ദേശീയ താരം മായങ്ക് അഗര്‍വാളും ഹാരിസ് ബ്രൂക്കും പ്രധാന ടീമുകള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന താരങ്ങളാണ്. കഴിഞ്ഞ സീസണ്‍ വരെ മുംബൈയില്‍ തിളങ്ങിയ പൊള്ളാര്‍ഡും ചെന്നൈ യുടെ വിജയ ശില്പികളിലൊരാളായിരുന്ന ഡെയ്ന്‍ ബ്രാവോയും കളമൊഴിഞ്ഞതോടെ പകരക്കാര്‍ ആരാകും എന്നതും അറിയാം.

ലേലത്തറയില്‍ ടീമുകള്‍ക്ക് മുന്നിലേയ്ക്ക് വരുന്നതില്‍ 61 പേര്‍ മികച്ച ബാറ്റര്‍മാരാണ്. 155 ഓള്‍റൗണ്ടേഴ്സും 58 വിക്കറ്റ് കീപ്പര്‍മാരും 131 ബൗളര്‍മാരും ഭാഗ്യവിളികള്‍ക്കായി കാത്തിരിക്കുന്നു. ഇത്തവണ ഭാഗ്യവിളികള്‍ക്കായി കാത്തുനില്‍ക്കുന്നതില്‍ പത്തുപേര്‍ മലയാളികളാണ്. അതില്‍ ഏറെ പ്രധാനം യുഎഇ ദേശീയ ടീമിന്റെ നായകനും മറ്റൊരു താരവും മലയാളികളായി ഐപിഎല്‍ പട്ടികയിലെത്തി എന്നതാണ്. നായകന്‍ റിസ്വാനും ബാസില്‍ ഹമീദുമാണ് മലയാളികളായിട്ടും മറ്റൊരു രാജ്യത്തിന്റെ കുപ്പായത്തില്‍ ഐപിഎല്ലിലേയ്ക്ക് എത്തുന്നത്. ഇവര്‍ക്കൊപ്പം വൃത്യു അരവിന്ദ്, കാര്‍ത്തിക് മെയ്യപ്പന്‍, അയാന്‍ അഫ്സല്‍ ഖാന്‍, അലിഷാന്‍ ഷറഫൂ എന്നീ യുഎഇ താരങ്ങളും ലേലത്തിനായി പരിഗണിക്കപ്പെട്ടവരിലുണ്ട്.

ദോഹ: അടുത്ത ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് വ്യക്തമാക്കി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. ഇന്ത്യന്‍ ഫുട്ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ ഫുട്ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇന്‍ഫന്റീനോയുടെ മറുപടി.

2026 ലോകകപ്പില്‍ ഇന്ത്യ പങ്കെടുക്കുമോ? എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ ഉത്തരം നല്‍കി. ‘ഉടന്‍ തന്നെ അതുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടുത്ത പുരുഷ ലോകകപ്പ് 2026ലാണ്. 32ന് പകരം 48 ടീമുകള്‍ ഉണ്ടാകും. അതുകൊണ്ട് തീര്‍ച്ചയായും ഇന്ത്യക്ക് യോഗ്യത നേടാന്‍ ഒരു സാധ്യതയുണ്ട്. പക്ഷെ, ഫിഫയുടെ ഇന്ത്യന്‍ ആരാധകര്‍ക്കായി ഞങ്ങള്‍ക്ക് നല്‍കാന്‍ പറ്റുന്ന ഉറപ്പ് ഇതാണ്, ഫിഫ വലിയ തോതില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പോകുകയാണ്. ഇന്ത്യന്‍ ഫുട്ബോളിനെ ഏറെ വലുതാക്കാനായി. വലിയൊരു രാജ്യമായ ഇന്ത്യയിലെ ഫുട്ബോള്‍ ഗംഭീരമാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ മികച്ചൊരു ഫുട്ബോള്‍ ടീമും. അതുകൊണ്ട് ഞങ്ങള്‍ അതിന്റെ പണിപ്പുരയിലാണ്’- ഇന്‍ഫന്റീനോ പറഞ്ഞു.

പാരീസ്: ലോകകപ്പ് ഫൈനലിന് ശേഷം ഫ്രാന്‍സ് താരങ്ങള്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ അപലപിച്ചതായും ഇതിന് ഉത്തരവാദികളായ ആളുകള്‍ക്കെതിരെ പരാതി നല്‍കുമെന്നും ഫ്രഞ്ച് ഫുട്ബാള്‍ ഫെഡറേഷന്‍ അറിയിച്ചു. കോമനും ചൗമേനിയും ഓണ്‍ലൈനില്‍ വംശീയ അധിക്ഷേപത്തിന് ഇരകളായെന്നും, ഇതോടെ താരങ്ങള്‍ക്ക് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ കമന്റ് വിഭാഗം സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നെന്നും ഇംഗ്ലീഷ് മാദ്ധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അധിക്ഷേപത്തിനെതിരെ പരാതി നല്‍കുമെന്നും ഫ്രഞ്ച് ഫുട്ബാള്‍ ഫെഡറേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലിനാണ് ലുസൈല്‍ കഴിഞ്ഞ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിലവിലെ ലോകചാമ്ബ്യന്മാരായെത്തിയ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന നേടിയത് തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടമാണ്. 23-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസിയും 36-ാം മിനിട്ടില്‍ ഏന്‍ജല്‍ ഡി മരിയയുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ഈ തിരിച്ചടിയില്‍ പതറാതെ തിരിച്ചുവന്ന ഫ്രാന്‍സിന് 80-ാം മിനിട്ടില്‍ കിട്ടിയ പെനാല്‍റ്റിയാണ് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത്.

ആവേശത്തില്‍ അവര്‍ അടുത്ത ഗോളും നേടി കളി സമനിലയിലാക്കി. അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങുയിരുന്നു. ഇതില്‍ കിംഗ്സലി കോമാനും ഔറേലിയന്‍ ചൗമേനിയും കിക്കുകള്‍ പാഴാക്കിയതോടെ ഫലം അര്‍ജന്റീനയ്ക്ക് അനുകൂലമായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്കെതിരെ വ്യാപകമായ വംശീയ അധിക്ഷേപം ഉയര്‍ന്നത്.

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്ബരയിലെ അഞ്ചാം മത്സരത്തില്‍ 54 റണ്‍സിന് ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. 4-1ന് ഓസ്‌ട്രേലിയ പരമ്ബര സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ 142 റണ്‍സിന് ഓള്‍ ഔട്ടായി.

ഹാട്രിക്ക് ഉള്‍പ്പെടെ 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഹീതര്‍ ഗ്രഹാമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയത്. ആഷ്‌ലി ഗാര്‍ഡ്‌നര്‍ (32 പന്തില്‍ 66), ഗ്രേസ് ഹാരിസ് (35 പന്തില്‍ 64* ) എന്നിവരാണ് ഓസീസിന്റെ ബാറ്റിംഗില്‍ തിളങ്ങി .

ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ഓസ്ട്രേലിയ 54 റണ്‍സിന് ഇന്ത്യയെ തകര്‍ത്ത് അഞ്ച് മത്സരങ്ങളുടെ പരമ്ബര 4-1 ന് സ്വന്തമാക്കിയപ്പോള്‍ ടി20 ഹാട്രിക് നേടുന്ന തന്റെ രാജ്യത്ത് നിന്നുള്ള രണ്ടാമത്തെ വനിതാ ക്രിക്കറ്റ് താരമായി ഹെതര്‍ ഗ്രഹാം മാറി.

13-ാം ഓവറിലെ അവസാന രണ്ട് പന്തില്‍ ദേവിക വൈദ്യയെയും രാധാ യാദവിനെയും ആദ്യം പുറത്താക്കിയ ഗ്രഹാം (2 ഓവറില്‍ 4/8) ഓസ്ട്രേലിയയ്ക്കായി പന്തില്‍ മികച്ച പ്രകടനം നടത്തി. രേണുക സിങ്ങിന്റെ രൂപത്തില്‍ അടുത്ത ഓവറിലെ ഓപ്പണിംഗ് പന്തില്‍ ഹാട്രിക് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു.ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍(66), ഗ്രേസ്(64) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങിലാണ് ഓസ്ട്രേലിയ മികച്ച സ്‌കോര്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 142ന് പുറത്തായി. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ്മ 53 റണ്‍സ് നേടി.