കോഴിക്കോട്: സന്തോഷ് ട്രോഫി ആദ്യമത്സരത്തില്‍ തന്നെ കേരളത്തിന് മിന്നും ജയം. സ്വന്തം മണ്ണില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. വിഘ്നേഷും നരേഷും റിസ്വാനും നേടിയ ഇരട്ട ഗോളും ഗില്‍ ബര്‍ട്ടിന്റെ തുടക്കം കുറിച്ച ഗോളുമാണ് കേരളത്തിന് ഗംഭീര ജയം സമ്മാനിച്ചത്.
തുടക്കത്തിലേ മുന്നേറിയ കേരളം ആറാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. ഗില്‍ബര്‍ട്ടാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ വിഘ്നേഷും ലക്ഷ്യം കണ്ടു. 20-ാം മിനിറ്റില്‍ വിഘ്നേഷ് തന്റെ രണ്ടാം ഗോളിലൂടെ കേരളത്തിന്റെ നേട്ടം 3-0 ആക്കി ഉയര്‍ത്തി. 23-ാം മിനിറ്റില്‍ നരേഷ് നാലാം ഗോളും 36-ാം മിനിറ്റില്‍ അഞ്ചാം ഗോളും നേടി.
ആദ്യ പകുതിയില്‍ തന്നെ 5-0ന് മുന്നിലായ കേരളം രണ്ടാം പകുതിയിലും രാജസ്ഥാന് ഒരു അവസരവും നല്‍കാതെ ആക്രമണം തുടരുകയാണ്. 54-ാം മിനിറ്റില്‍ റിസ്വാനിലൂടെ കേരളം ആറാം ഗോളും രാജസ്ഥാന്റെ വലയിലെത്തിച്ചു. 80-ാം മിനിറ്റില്‍ റിസ്വാന് തന്റെ ഇരട്ട ഗോളും നേടി കേരളത്തിന് 7-0 എന്ന മിന്നും ജയവും സമ്മാനിച്ചു.

