ദുബായ്: കഴിഞ്ഞ മാസത്തെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്.
ജനുവരിയില്‍ ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനുമെതിരെ ഏകദിനത്തിലും ട്വന്റി-20യിലുമായി 567 റണ്‍സാണ് ഇരുപത്തിമ്മൂന്നുകാരനായ ഗില്‍ അടിച്ചെടുത്തത്. ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ട്വന്റി-20യില്‍ സെഞ്ച്വറിയും നേടിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ ഗില്‍ മാന്‍ ഓഫ് ദ മാച്ചുമായിരുന്നു. ന്യൂസിലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേയേയും ഇന്ത്യയുടെ മുഹമ്മദ് സിറാജിനേയും മറികടന്നാണ് ഗില്‍ മികച്ച താരമായത്.
ഇംഗ്ലണ്ടിന്റെ അണ്ടര്‍19 വനിതാ ക്യാപ്ടന്‍ ഗ്രേസ് സ്‌ക്രൈവന്‍സാണ് മികച്ച വനിതാ താരം. ഐ.സി.സി പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമാണ് ഗ്രേസ്. ഇംഗ്ലണ്ടിനെ അണ്ടര്‍ 19 വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തിക്കാന്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ഗ്രേസ്. 7 മത്സരങ്ങളില്‍ നിന്ന് 293 റണ്‍സും 9 വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്.

