Sports (Page 51)

ഐഎസ്എല്‍ 2022-23 സീസണിന്റെ ഫൈനല്‍ ഗോവയില്‍ നടക്കും. ഗോവ ഫറ്റോര്‍ഡ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വെച്ച് മാര്‍ച്ച് 18നാണ് ഐഎസ്എല്‍ 2022-23 സീസണിന്റെ ഫൈനല്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ഫറ്റോര്‍ഡയില്‍ വെച്ച് നടന്ന ഫൈനില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സിയോട് തോറ്റിരുന്നു.

ഐഎസ്എല്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയും നിലവിലെ ചാമ്ബ്യന്മാരുമായ ഹൈദരാബാദ് എഫ് സിയുമാണ് സീസണിന്റെ സെമി ഫൈനല്‍ പോരാട്ടത്തിന് നേരിട്ട് യോഗ്യത നേടിയിരിക്കുന്നത്. കൂടാതെ പോയിന്റ് പട്ടികയില്‍ ആദ്യ ആറ് സ്ഥാനക്കാര്‍ക്കും ഐഎസ്എല്ലിന്റെ പ്ലേഓഫിലേക്ക് പ്രവേശനം നേടാന്‍ സാധിക്കും. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സും, ബംഗളൂരു എഫ്‌സിയും എടികെ മോഹന്‍ ബഗാനുമാണ് പ്ലേ ഓഫ് യോഗ്യത നേടിയിരിക്കുന്നത്. എഫ് സി ഗോവയും ഒഡീഷ എഫ് സിയും തമ്മിലുള്ള അവസാന സ്‌പോട്ടിനായിട്ടുള്ള പോരാട്ടം പുരോഗമിക്കുകയാണ്.

ഫെബ്രുവരി 26 ഓടെ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. മാര്‍ച്ച് മൂന്നിനാണ് ആദ്യ നോക്കൗട്ട് മത്സരം. തുടര്‍ന്ന് അടുത്ത ദിവസം രണ്ട് നോക്കൗട്ട്. തുടര്‍ന്ന് മാര്‍ച്ച് ഏഴിന് ആദ്യ സെമി ഫൈനലിന്റെ ഒന്നാംപാദ മത്സരം നടക്കും. മാര്‍ച്ച് ഒമ്ബതിന് രണ്ടാം സെമിയുടെ ഒന്നാംപാദ മത്സരം. മാര്‍ച്ച് 12ന് ആദ്യ സെമിയുടെ രണ്ടാംപാദം. മാര്‍ച്ച് 13ന് രണ്ടാം സെമി ഫൈനല്‍ മത്സരത്തിന്റെ രണ്ടാംപാദം. മാര്‍ച്ച് 18നാണ് ഐഎസ്എല്‍ 2022-23 സീസണിന്റെ ഫൈനല്‍ നടക്കുക.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി ട്വന്റി ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ. രണ്ടാം ഗ്രൂപ്പിലെ നാലുമത്സരങ്ങളില്‍ മൂന്നിലും ജയിച്ച് ഇംഗ്‌ളണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെയും കീഴടക്കിയ ഇന്ത്യ ഇംഗ്‌ളണ്ടിനോട് തോറ്റശേഷം അയര്‍ലാന്‍ഡിനെതിരെ ജയിച്ചാണ് സെമിയിലെത്തിയത്. ഒന്നാം ഗ്രൂപ്പിലെ നാലുകളികളും ജയിച്ചാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്.

സ്മൃതി മന്ദാന,ഹര്‍മന്‍പ്രീത് കൗര്‍,ജെമീമ റോഡ്രിഗസ്,റിച്ച ഘോഷ്,ഷെഫാലി വെര്‍മ്മ തുടങ്ങിയവരുടെ മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പിന്റെ ഫൈനലിലും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു.

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി.

ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച ഉദ്ഘാടന വീഡിയോയില്‍ പുരുഷ ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് വനിതാ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.

ഫെബ്രുവരി 13-ന് മുംബൈയില്‍ നടന്ന ഡബ്ല്യു.പി.എല്ലിന്റെ പ്രഥമ താരലേലത്തിലെ ആദ്യ പേര് മന്ദാനയുടേതായിരുന്നു. മുംബൈ ഇന്ത്യന്‍സും ആര്‍സിബിയുമായിരുന്നു താരത്തിനായി മത്സരിച്ചത്. ഒടുവില്‍ 3.4 കോടിക്ക് ആര്‍സിബി മന്ദാനയെ ടീമിലെത്തിക്കുകയായിരുന്നു. ഇത്തവണത്തെ ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരവും സ്മൃതി മന്ദാനയായിരുന്നു.

ദുബൈ: സാനിയ മിര്‍സ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചു. ദുബായ് ഓപ്പണിലെ ഡബിള്‍സ് റൗണ്ടില്‍ പരാജയത്തോടെയാണ് താരം വിരമിച്ചത്. റഷ്യയുടെ വെറോണിക്ക കൂഡര്‍മെറ്റോവ-ലിയൂഡ്മില സഖ്യത്തോട് സാനിയയും കൂട്ടാളിയായ അമേരിക്കന്‍ താരമായ മാഡിസണ്‍ കീസും 6-4, 6-0. സെറ്റുകള്‍ക്ക് പരാജയമേറ്റുവാങ്ങുകയായിരുന്നു

ടെന്നിസിലെ സാനിയ പര്‍വത്തില്‍ തന്നെയാണ് ഇന്ത്യന്‍ വനിതാ ടെന്നിസ് ലോകം ഇപ്പോഴും അറിയപ്പെടുന്നത്. ഇന്നും വനിതാ ടെന്നിസില്‍ സാനിയയ്ക്ക് അപ്പുറത്തേക്ക് ഒരു ഇന്ത്യന്‍ താരമില്ല. കളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികള്‍ ഓരോന്നായി തരണം ചെയ്താണ് സാനിയ ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം റണ്ണര്‍ അപ്പായാണ് ഗ്രാന്‍സ്‌ളാം കോര്‍ട്ടിനോട് സാനിയ നേരത്തെ വിടചൊല്ലിയത്. ദുബായ് ഓപ്പണോടെ ടെന്നീസ് കോര്‍ട്ടിനോടുതന്നെ വിട പറയുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. 2003 ഫെബ്രുവരിയിലാണ് സാനിയ പ്രൊഫഷണല്‍ ടെന്നിസ് സര്‍ക്യൂട്ടില്‍ അരങ്ങേറിയത്. ആദ്യം സിംഗിള്‍സിലും പിന്നീട് ഡബിള്‍സിലും സാനിയ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.

2013ല്‍ വിരമിക്കുന്നതുവരെ സിംഗിള്‍സില്‍ ഇന്ത്യയിലെ ഒന്നാം റാങ്ക് താരമായിരുന്നു സാനിയ. ലോകറാങ്കിംഗില്‍ 27-ാം സ്ഥാനത്തുവരെയെത്തി. ആറ് ഗ്രാന്‍സ്‌ളാം കിരീടങ്ങളാണ് ഡബിള്‍സില്‍ നേടിയത്. മൂന്നെണ്ണം വനിതാ ഡബിള്‍സിലും മൂന്നെണ്ണം മിക്‌സഡ് ഡബിള്‍സിലും.

സാനിയയുടെ ഗ്രാന്‍സ്ലാമുകള്‍

വനിതാ ഡബിള്‍സ്

2015-വിംബിള്‍ഡന്‍, മാര്‍ട്ടിന ഹിംഗിസിനൊപ്പം

2015- യു.എസ് ഓപ്പണ്‍, മാര്‍ട്ടിന ഹിംഗിസിനൊപ്പം

2016- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം

മിക്‌സഡ് ഡബിള്‍സ്

2009- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, മഹേഷ് ഭൂപതിക്കൊപ്പം

2012-ഫ്രഞ്ച് ഓപ്പണ്‍ , മഹേഷ് ഭൂപതിക്കൊപ്പം

2014- യുഎസ് ഓപ്പണ്‍, ബ്രൂണോ സോറസിനൊപ്പം

43 കിരീടങ്ങളാണ് ഡബിള്‍സ് കരിയറില്‍ ആകെ നേടിയത്.

വനിതാ ടി-20 ലോകകപ്പില്‍ അയര്‍ലണ്ട് വനിതകള്‍ക്ക് എതിരെ ഇന്ത്യക്ക് 5 റണ്‍ വിജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറുകളില്‍ 155 റണ്ണുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് എട്ടാമത്തെ ഓവറില്‍ മൂന്ന് പന്തുകള്‍ നേരിട്ട് 54 റണ്‍ എന്ന നിലയില്‍ എത്തിയപ്പോഴാണ് മഴയുടെ രംഗപ്രവേശം. തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. തുടര്‍ന്ന് പത്ത് മണിയോടെയാണ് ഡക്ക്വര്‍ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആവശ്യമായ 59 റണ്‍സ് ഇല്ലാത്തതിനാല്‍, അയര്‍ലന്‍ഡ് 5 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. സ്മൃതി മന്ദാനയാണ് മത്സരത്തിലെ മികച്ച താരം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയില്‍ ഇന്ത്യ ഇന്നിങ്‌സിന് തുടക്കം കുറിച്ചു. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ – സ്മൃതി മന്ദാന സഖ്യം ഇന്ത്യക്കായി 62 റണ്ണുകള്‍ നേടി. എന്നാല്‍, ഒന്‍പതാം ഓവറില്‍ ഓപ്പണര്‍ ഷെഫാലി വര്‍മ അയര്‍ലണ്ട് ക്യാപ്റ്റന്‍ ലോറ ഡെലനിയുടെ പന്തില്‍ ആമി ഹണ്ടറിന് ക്യാച്ച് നല്‍കി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

തുടര്‍ന്ന്, സ്മൃതി മന്ദാനയുടെ വ്യക്തിഗത മികവിലാണ് ഇന്ത്യയുടെ റണ്‍ റേറ്റ് മുകളിലേക്ക് നീങ്ങിയത്. 56 പന്തുകളില്‍ 3 സിക്‌സും 9 ഫോറുകളും നേടി സ്മൃതി നേടിയ 87 റണ്ണുകള്‍ താരത്തിന്റെ ട്വന്റി ട്വന്റി കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ ആയിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് തിളങ്ങാതിരുന്നതും ഇന്ത്യയുടെ റണ്‍ റേറ്റിനെ ബാധിച്ചു. 20 പന്തുകളില്‍ നിന്ന് 13 റണ്ണുകള്‍ മാത്രമേ താരത്തിന് നേടാന്‍ സാധിച്ചുള്ളൂ. 15 ആം ഓവറില്‍ ലോറ ഡെലനിയുടെ അടുത്തടുത്ത പന്തുകളില്‍ ഹര്‍മന്‍പ്രീതും യുവതാരം റിച്ച ഘോഷും പുറത്തായി. 18 ആം ഓവറില്‍ ഒര്‍ല പ്രെണ്ടര്‍ഗാസ്റ്റ് സ്മൃതിയെ മടക്കി. തൊട്ടടുത്ത പന്തില്‍ ദീപ്തി ശര്‍മയും വീണു. അവസാന പന്തുകളില്‍ ഇന്ത്യയുടെ ഇന്നിഗ്സിന് ജീവന്‍ നല്‍കാന്‍ ശ്രമിച്ച ജെമീമ റോഡ്രിഗസിനെ (19) ആര്‍ലിനെ കെന്നി മടക്കിയതോടെ ഇന്ത്യ വീണു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡിന് തുടക്കത്തില്‍ തന്നെ പിഴച്ചു. ആദ്യ പന്തില്‍ ഓപണര്‍ ആമി ഹണ്ടര്‍ റണ്‍ ഔട്ടായി. പകരം എത്തിയ ഒര്‍ല പ്രെണ്ടര്‍ഗാസ്റ്റ് ഒരു റണ്‍ പോലും നേടാന്‍ സാധിക്കാതെ ആദ്യ ഓവറില്‍ തന്നെ പുറത്തുപോയി. തുടര്‍ന്ന് ഗാബി ലെവിസും ലോറ ഡെലനയുമാണ് അയര്‍ലണ്ടിനെ റണ്‍ നിരക്കിനെ പിന്താങ്ങിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗത്തില്‍ 25,000 റണ്‍സ് നേടുന്ന താരമെന്ന പേര് ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് താരം മറികടന്നത്. സച്ചിന്‍ 577 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൊയ്തപ്പോള്‍ കോഹ്ലി 549 മത്സരങ്ങളില്‍ നിന്ന് റെക്കോഡ് മറികടക്കുകയായിരുന്നു. ആസ്ത്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റില്‍ ഇന്നാണ് കോഹ്ലി റണ്‍മല താണ്ടിയത്. റിക്കി പോണ്ടിംഗ് (588), ജാക്വസ് കാലിസ് (549), കുമാര്‍ സംഗക്കാര(608), മഹേല ജയവര്‍ധനനെ (701) എന്നിവരും ഈ നാഴികക്കല്ല് പിന്നിട്ടവരാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 664 മത്സരങ്ങളില്‍ നിന്നായി ആകെ 34,357 റണ്‍സ് നേടി റണ്‍പട്ടികയില്‍ ഒന്നാമതുണ്ട്. 594 മത്സരങ്ങളില്‍ നിന്ന് 28,016 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയാണ് രണ്ടാമത്. 560 മത്സരങ്ങളില്‍ നിന്ന് 27,483 റണ്‍സ് നേടിയ റിക്കി പോണ്ടിംഗ് മൂന്നാമതും 652 മത്സരങ്ങളില്‍ നിന്ന് 25,957 റണ്‍സ് നേടിയ ജയവര്‍ധനെ നാലാമതുമുണ്ട്. ജാക്വിസ് കാലിസാണ് പട്ടികയില്‍ അഞ്ചാമത്. 25,534 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്.

പട്ടികയില്‍ ആറാമതുള്ളത് കോഹ്ലിയാണ്. ദ്രാവിഡ് (24,208), ലാറ (22,358), ജയസൂര്യ (21,032) എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. നിലവില്‍ കളിക്കളത്തിലുള്ള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് മുന്‍ ഇന്ത്യന്‍ നായകനായ കോഹ്ലിയുടെ പേരിലാണ്.

ഡല്‍ഹി: പ്രഥമ വനിതാ ഐ.പി.എല്‍ മാര്‍ച്ച് നാലിന് തുടങ്ങും ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയ്ന്റ്‌സും മുംബയ് ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും.

മുംബയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. താരങ്ങളുടെ മെഗാലേലം വന്‍വിജയമായി അവസാനിച്ചതിന് പിന്നാലെയാണ് ബി.സി.സി.ഐ വുമണ്‍സ് പ്രിമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടത്. 20 ലീഗ് മത്സരങ്ങളും ഒരു എലിമനേറ്ററും ഫെനലുമാണ് ആദ്യ സീസണില്‍ ഉള്ളത്. മാര്‍ച്ച് 26ന് ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

സാധാരണ മത്സരങ്ങള്‍ രാത്രി 7.30നാണ് ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങള്‍ ഉള്ള ദിനങ്ങളില്‍ ആദ്യമത്സരം 3.30ന് തുടങ്ങും. ഗുജറാത്തിനേയും മുംബയ്യേയും കൂടാതെ യു.പി വാരിയേഴ്‌സ്, ആര്‍.സി.ബി, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികളാണ് മത്സരത്തിനിറങ്ങുന്നത്. എല്ലാ മത്സരങ്ങളും മുംബയിലാണ് നടക്കുക.

മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സി 2-1ന് ഗോവയെ തോല്‍പ്പിച്ചതോടെ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.

18 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുള്ള കേരളം നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഗോവയ്ക്ക് തോല്‍വിയോടെ 19 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റാണിപ്പോള്‍ ഉള്ളത്. അവശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാല്‍പ്പോലും അവര്‍ക്ക് 30പോയിന്റേ ആകൂ. 31 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ബംഗളുരുവും പ്ലേ ഓഫ് യോഗ്യത നേടി. അടുത്ത രണ്ട് കളിയില്‍ തോറ്റാലും ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും.

ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് യോഗ്യത. ആദ്യ സ്ഥാനങ്ങളിലുള്ള മുംബയ്യും ഹൈദരാബാദും സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. ബാക്കി നാല് ടീമുകള്‍ക്കും സെമിയിലെത്താന്‍ എലിമനേറ്ററില്‍ ജയിക്കണം.

സന്തോഷ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കേരളം ഇന്ന് പഞ്ചാബിനെതിരെ. ഇന്ന് വിജയിച്ചാല്‍ മാത്രമേ കേരളത്തിന് സെമി ഫൈനല്‍ പ്രതീക്ഷയുള്ളൂ.

നാലു ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 7 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. 10 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്തും 8 പോയിന്റുമായി കര്‍ണാടക രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തിയാല്‍ മാത്രമേ സെമി ഉറപ്പിക്കാന്‍ ആകു.

എന്നാല്‍, മികച്ച ഫോമിലുള്ള പഞ്ചാബിനെ തോല്‍പ്പിക്കുക കേരളത്തിന് എളുപ്പമാകില്ല. കേരളം ഇതുവരെ നല്ല ഫോമിലേക്ക് ഉയര്‍ന്നു എന്ന് പറയാന്‍ ആകില്ല. ആരാധകരും കേരളത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.

കേപ്ടൗണ്‍: വനിതാ ട്വന്റി ട്വന്റി ലോകകപ്പില്‍ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 152 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 140 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന 41 പന്തില്‍ നിന്ന് 52 റണ്‍സും 34 പന്തില്‍ നിന്ന് 47 റണ്‍സുമായി റിച്ച ഘോഷും പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

അര്‍ധ സെഞ്ചുറി നേടി നാറ സ്‌കൈവറും(50) 27 പന്തില്‍ നിന്ന് 40 റണ്‍സ് എടുത്ത ആമി ജോണ്‍സണുമാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍നില ഉയര്‍ത്തിയത്. ഇംഗ്ലണ്ടിനായി സാറ ഗ്ലെന്‍ രണ്ട് വിക്കറ്റും എക്ലസ്റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു. 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത രേണുക സിങ്ങാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.