Sports (Page 50)

പാരീസ്: ലോക കിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങളും അര്‍ജന്റീന തൂത്തുവാരി. 2022 ലെ മികച്ച ഫുട്‌ബോള്‍ താരമായി ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. 2019ന് ശേഷം മെസ്സിയുടെ ആദ്യ ഫിഫ പുരസ്‌കാരമാണിത്. ഖത്തറില്‍ 3-3ന് സമനില വഴങ്ങിയതിനെ തുടര്‍ന്ന് പെനാല്‍റ്റിയില്‍ അര്‍ജന്റീന ജേതാക്കളാകുന്നതിന് മുമ്ബ് ഫ്രാന്‍സിനെതിരായ ഫൈനലില്‍ 35 കാരന്‍ രണ്ട് ഗോളുകള്‍ നേടി.

മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനിയും മികച്ച പുരുഷ ഗോള്‍കീപ്പറായി എമിലിയാനോ മാര്‍ട്ടിനെസും (അര്‍ജന്റീന) തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയതും അര്‍ജന്റൈന്‍ സംഘം തന്നെയാണ്.

‘ഇത് അതിശയകരമാണ്. ഇത് ഒരു മഹത്തായ വര്‍ഷമായിരുന്നു, ഇന്ന് രാത്രി ഇവിടെ വന്ന് ഈ അവാര്‍ഡ് നേടിയത് എനിക്ക് ഒരു ബഹുമതിയാണ്’, മെസ്സി പറഞ്ഞു. ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദര്‍മര്‍പ്പിച്ച ചടങ്ങിന് പെലെയുടെ കുടുംബവും എത്തിയിരുന്നു.

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സി സി എല്‍) നിന്നും പിന്മാറി താരസംഘടനയായ അമ്മയും നടന്‍ മോഹന്‍ലാലും.അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സി സി എല്ലിന്റെ ഓര്‍ഗനൈസര്‍ സ്ഥാനത്തു നിന്നാണ് അമ്മ പിന്മാറിയത്. സി സി എല്‍ മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് പിന്മാറ്റത്തിന് കാരണം.

‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സി സി എല്ലില്‍ മത്സരിക്കുന്ന കേരളത്തില്‍ നിന്നുള്ള ടീമുമായി അമ്മയ്ക്ക് ബന്ധമില്ല. താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ സി സി എല്ലില്‍ പങ്കെടുക്കാം. നേരത്തെ മലയാള താരങ്ങളുടെ സി സി എല്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നോണ്‍പ്‌ളേയിംഗ് ക്യാപ്ടനായി പ്രഖ്യാപിച്ചത് മോഹന്‍ലാലിനെയായിരുന്നു. ഇക്കാര്യത്തിലും സംഘടന വ്യക്തത വരുത്തുകയായിരുന്നു. മോഹന്‍ലാലിന്റെയും അമ്മയുടെയും പേര് ഉപയോഗിക്കരുത്’- ഇടവേള ബാബു വ്യക്തമാക്കി.

സി3 സെലിബ്രിറ്റി ക്രിക്കറ്റ് ക്‌ളബാണ് കേരള സ്ട്രൈക്കേഴ്സ് എന്ന പേരില്‍ കളിക്കുന്നത്. നിലവില്‍ തമിഴ് സിനിമാതാരം രാജ്കുമാര്‍ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സണ്‍ എന്നിവരാണ് കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥര്‍. കുഞ്ചാക്കോ ബോബനാണ് ക്യാപ്ടന്‍.

കേപ്ടൗണ്‍: വനിതാ ട്വന്റി ട്വന്റി ലോകകപ്പില്‍ ആറാം കിരീടവുമായി ഓസ്‌ട്രേലിയ. ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് തുടര്‍ച്ചയായ മൂന്നാം വട്ടവും കപ്പുയര്‍ത്തിയത്.

ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസീസ് വനിതകള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 137/6ല്‍ ഒതുങ്ങി. 53 പന്തുകളില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമടക്കം പുറത്താവാതെ 74 റണ്‍സടിച്ച ഓപ്പണര്‍ ബേത്ത് മൂണിയാണ് ഓസീസിന് മികച്ച സ്‌കോര്‍ നല്‍കിയത്. ആലിസ ഹീലിയും (18) മൂണിയും ചേര്‍ന്ന് ഓപ്പണിംഗില്‍ ആദ്യ അഞ്ചോവറില്‍ 36 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹീലിക്ക് പകരമെത്തിയ ആഷ്ലി ഗാര്‍ഡ്‌നര്‍ 29 റണ്‍സടിച്ചു. 12ഓവറില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഗാര്‍ഡ്‌നര്‍ മടങ്ങിയത്. തുടര്‍ന്ന് ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞപ്പോള്‍ മൂണി പൊരുതിനിന്ന് 156ലെത്തിച്ചു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 61 റണ്‍സടിച്ച ലോറ വോള്‍വാട്ട് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.ബേത്ത് മൂണിയാണ് പ്‌ളെയര്‍ ഒഫ് ദ മാച്ച്. ആഷ്ലി ഗാര്‍ഡ്‌നര്‍ പ്‌ളേയര്‍ ഒഫ് ദ ടൂര്‍ണമെന്റായി.

കൊച്ചി: കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി ഹൈദരാബാദ് എഫ്.സി. ഇന്നലെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ നേടിയ ഒരു ഗോളിനാണ് ഹൈദരാബാദ് എഫ്.സിയുടെ വിജയം.

ആദ്യപകുതിയില്‍ 29 ാം മിനിറ്റിലാണ് കളിയിലെ ആദ്യഗോള്‍ ഹൈദരാബാദ് സ്വന്തമാക്കിയത്. ഗോള്‍ ബോക്‌സിന്റെ നടുവില്‍ നിന്ന് ഹൈദരാബാദിന്റെ ബോര്‍ജ ഹെറാര ഇടതുകാല്‍ കൊണ്ട് തൊടുത്തുവിട്ട പന്ത് വലത്തേ മൂലയിലൂടെ ഗോള്‍ വലയില്‍ പതിക്കുകയായിരുന്നു. കാളിചരണ്‍ നര്‍സറി നല്‍കിയ പാസാണ് സമര്‍ത്ഥമായി ഹെറാറ ഗോളാക്കിയത്. ബ്‌ളാസ്റ്റേഴ്‌സിന് തടയാന്‍ കഴിയുന്നതിലും വേഗത്തിലാണ് ഹൈദരാബാദ് താരങ്ങള്‍ കുതിച്ചുകയറിയത്. 35 ാം മിനിറ്റില്‍ ഹൈദരാബാദിന്റെ ജോയല്‍ ചിനേസ് അടിച്ച പന്ത് വലയില്‍ കയറിയെങ്കിലും ഓഫ് സൈഡായതിനാല്‍ ഗോളല്ലെന്ന് പ്രഖ്യാപിച്ചത് ബ്‌ളാസ്റ്റേഴ്‌സിന് ആശ്വാസമായി.

ഹൈദരാബാദിന്റെ മികവാണ് കളിയുടെ തുടക്കം മുതല്‍ പ്രകടമായത്. പന്തടക്കത്തിലും മുന്നേറ്റത്തിലും പ്രതിരോധത്തിലും അവര്‍ മിടുക്ക് കാട്ടി. ആദ്യപകുതിയിലെ 10 ാം മിനിറ്റ് മുതല്‍ ഗോളടിക്കാന്‍ ശ്രമം ആരംഭിച്ചു. ജാവി സിവേറിയോ അടിച്ച പന്ത് തലനാരിഴയ്ക്കാണ് ഗോള്‍ വലയ്ക്ക് പുറത്തുപോയത്. 49 ാം മിനിറ്റില്‍ മുഹമ്മദ് യാസിര്‍ നല്‍കിയ പന്ത് ജോയല്‍ ചിയാനസ് ഹെഡ് ചെയ്‌തെങ്കിലും വലയിലെത്തിയില്ല. പതിനേഴാം മിനിറ്റിലാണ് ബ്‌ളാസ്റ്റേഴ്‌സ് ഗോളിനായി കാര്യമായ ശ്രമിച്ചത്. ആയുഷ് അധികാരി നല്‍കിയ പന്തുമായി ഇവാന്‍ കലുഷ്നി കുതിച്ചുകയറി ഗോള്‍ ബോക്‌സിന് പുറത്തുനിന്ന് ഇടങ്കാലു കൊണ്ട് അടിച്ചെങ്കിലും ഇടതുമൂലയില്‍ മുകളിലൂടെ നേരിയ വ്യത്യാസത്തിന് ഗോള്‍വലയ്ക്ക് പുറത്തുപോയി. 36 ാം മിനിറ്റില്‍ ആഡ്രിയാന്‍ ലൂണ ശക്തമായ പന്ത് പായിച്ചെങ്കിലും ഗോള്‍ വലയിലെത്തിയില്ല. 65 ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ബ്‌ളാസ്റ്റേഴ്‌സിന് ലഭിച്ച പന്ത് ആഡ്രിയാന്‍ ലൂണ അടിച്ചത് വലയ്ക്ക് മുകളിലൂടെ പുറത്ത് പതിച്ചു. 70 ാം മിനിറ്റില്‍ ഡിമിത്രിയോസ് ഡയമന്‍ഡക്കോസ് നല്‍കിയ പന്ത് ഡാനിഷ് ഫറൂക്ക് അടിച്ചെങ്കിലും ഗോള്‍ വലയ്ക്ക് മുകളിലൂടെയാണ് പാഞ്ഞത്. 76 ാം മിനിറ്റില്‍ ഡിമിത്രിയോസ് ഡയമന്‍ഡക്കോസ് വീണ്ടും പന്തുമായി മുന്നേറിയെങ്കിലും ഫലിച്ചില്ല. ഗോള്‍ ബോക്‌സിന്റെ നടുവില്‍ നിന്നടിച്ച പന്ത് ഹൈദരാബാദ് ഗോളി പിടിയിലൊതുക്കി.

ജയ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനോട് പരാജയപ്പെട്ട് കേരള സ്‌ട്രൈക്കേഴ്‌സ്. എട്ട് വിക്കറ്റിനാണ് കര്‍ണാടക കേരളത്തെ തോല്‍പ്പിച്ചത്. സിസിഎല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത കേരള സ്‌ട്രൈക്കേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കുകയായിരുന്നു . കര്‍ണാടക 23 റണ്‌സിന്റെ ലീഡ് നേടി. ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. 83 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

വനിതാ ടി20 ലോകകപ്പ് സെമി ഫൈനലില്‍ നിന്ന് ടീം പുറത്തായതിന് പിന്നാലെ ആരാധകര്‍ക്ക് വികാരനിര്‍ഭരമായ സന്ദേശവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.

ഓസീസ് മത്സരത്തിലേക്ക് തിരിച്ചെത്തുകയും ലോകകപ്പിന്റെ ഫൈനലിലേക്ക് പോകുകയും ചെയ്തതോടെ ഇത് വഴിത്തിരിവായി. നഷ്ടത്തിന് ശേഷം മൗനം വെടിഞ്ഞ് ആരാധകരെ അഭിസംബോധന ചെയ്യാനും അവര്‍ക്ക് വൈകാരിക സന്ദേശം അയയ്ക്കാനും കൗര്‍ ട്വിറ്ററില്‍ എത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ സന്ദേശത്തില്‍ ആദ്യം ആരാധകര്‍ക്ക് നന്ദി പറഞ്ഞു, ടീം തോല്‍ക്കുന്നത് കാണുമ്‌ബോള്‍ വിഷമമുണ്ടായിരിക്കുമെന്ന് പറഞ്ഞു. ഹൃദയഭേദകമായ തോല്‍വിക്ക് ശേഷം ടീം ശക്തമായി തിരിച്ചെത്തുമെന്നും കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും കൗര്‍ അഭിപ്രായപ്പെട്ടു.

‘ഇത് ഈ ലോകകപ്പില്‍ ഉടനീളം ഞങ്ങളെ പിന്തുണച്ച ലോകമെമ്ബാടുമുള്ള ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും വേണ്ടിയാണ്. ഞങ്ങളുടെ യാത്രയില്‍ വിശ്വസിച്ചതിന് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. ഒരു ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയില്‍ നിങ്ങളുടെ ടീമിന്റെ തോല്‍വി കാണുന്നതില്‍ സങ്കടമുണ്ട്. എനിക്ക് പറയാനുള്ളത് ഞങ്ങള്‍ ചെയ്യും. ശക്തമായി തിരികെ വരും, അവിടെ മികച്ച പ്രകടനം കാഴ്ചവെക്കുക’- കൗര്‍ ട്വിറ്ററില്‍ പറഞ്ഞു.

കേപ്ടൗണ്‍: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്നലെ നടന്ന സെമിയില്‍ ഇംഗ്ലണ്ടിനെ ആറ് റണ്‍സിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക ഫൈനലില്‍.

ആദ്യം ബാറ്ര് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ 8 വിക്കറ്ര് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ അയാബോംഗ ഖകയും 3 വിക്കറ്റ് നേടിയ ഷബ്നിം ഇസ്മയിലുമാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

നാറ്ര് സ്‌കൈവര്‍ (40), ഡാന്നി വ്യാറ്റ് (34),ക്യാപ്ടന്‍ ഹീതര്‍ നൈറ്റ് (31), സോഫിയ ഡങ്ക്ലി (28) എന്നിവര്‍ ഇംഗ്ലീഷ് നിരയില്‍ തിളങ്ങി. ടാസിം ബ്രിറ്റ്‌സ് (68) ലോറ വോള്‍വാര്‍ഡ്റ്റ് (53),മരിസന്നെ കപ്പ് (13 പന്തില്‍ 27) എന്നിവരുടെ ബാറ്രിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നാളെ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്ക നിലവിലെ ചാമ്ബ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടും.

ചെന്നൈ: ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സി 4-3ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി.

20 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുള്ള ചെന്നൈയിന്‍ 8-ാം സ്ഥാനത്തും ഇത്രയും മത്സരങ്ങളില്‍ നിന്ന് 5 പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്തും ഈ സീസണ്‍ അവസാനിപ്പിച്ചു.

കേപ്ടൗണ്‍: ഇന്നലെ നടന്ന ട്വന്റി-20 വനിതാ ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ പെണ്‍പട അഞ്ച് റണ്‍സകലെ ഇടറി വീണു. ആദ്യം ബാറ്ര് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് ഫൈനലിലും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസീസിനോട് തോറ്റ ഇന്ത്യയുട വിധിയില്‍ ഇന്നലേയും മാറ്രമുണ്ടായില്ല.

ഓസീസ് ഉയര്‍ത്തിയ മികച്ച വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മ്മയുടേയും (9), സ്മൃതി മന്ഥനയുടേയും (2), യസ്തിക ഭാട്ടിയയുടേയും (4) വിക്കറ്രുകള്‍ വേഗം നഷ്ടപ്പെട്ട് 28/3 എന്ന നിലയിലായെങ്കിലും, അവിടെവച്ച് ഒന്നിച്ച ക്യാപ്ടന്‍ ഹര്‍മ്മന്‍ പ്രീത് കൗറും (34 പന്തില്‍ 52), ജമീമ റോഡ്രിഗസും (24 പന്തില്‍ 43) പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും 41 പന്തില്‍ 69 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. ഡ്രിങ്ക്‌സ് ബ്രേക്കിന് ശേഷമുള്ള ആദ്യ ഓവറില്‍ ഡാര്‍സി ബ്രൗണിന്റെ ബൗണ്‍സറിന് അനാവശ്യമായി ബാറ്ര് വച്ച് ഹീലിക്ക് ക്യാച്ച് നല്‍കി ജമീമ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തുടര്‍ന്ന് റിച്ചാ ഘോഷിനൊപ്പം സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഹര്‍മ്മന്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായത് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അഞ്ച് റണ്‍സകലെ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു.റിച്ചാ ഘോഷ് (14), സ്‌നേഹ റാണ (11), രാധാ യാദവ് (0) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്രര്‍മാര്‍. ദീപ്തി ശര്‍മ്മ (20), ശിഖാ പാണ്ഡെ (1) എന്നിവര്‍ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി ഗാര്‍ഡ്‌നറും ബ്രൗണും മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്ടന്‍ മെഗ് ലാന്നിംഗ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ അലിസ ഹീലിയും (24) ബെത്ത് മൂണിയും (37 പന്തില്‍ 54) മികച്ച തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് നല്‍കിയത്. രേണുക താക്കൂര്‍ എറിഞ്ഞ ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ചുകൊണ്ടാണ് ഹീലി തുടങ്ങിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് പോകാതെ കാത്ത മൂണിയും ഹീലിയും 7.3 ഓവറില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാധാ യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. രാധയെ ക്രീസില്‍ നിന്ന് ഇറങ്ങി അടിക്കാന്‍ ശ്രമിച്ച ഹീലിയെ വിക്കറ്റ് കീപ്പര്‍ റിച്ചാഘോഷ് സ്റ്റമ്ബ് ചെയ്തു. തുടര്‍ന്നെത്തിയ മെഗ് ലാന്നിംഗിനൊപ്പം മൂണി ഓസീസ് സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയി. അര്‍ദ്ധ സെഞ്ച്വറി തികച്ചിന് പിന്നാലെ മൂണിയെ ഷഫാലിയുടെ കൈയില്‍ എത്തിച്ച് ശിഖ കൂട്ടകെട്ട് പൊളിച്ചു. മൂണിക്ക് പകരമത്തിയ ആഷ്‌ലെയ്ഗ് ഗാര്‍ഡ്‌നര്‍ (18 പന്തില്‍ 31) ഓസ്‌ട്രേലിയന്‍ സ്‌കോറിഗ് വേഗത്തിലാക്കി. മൂന്നാം വിക്കറ്റില്‍ ഇരുവരും 33 പന്തില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18-ാം ഓവറിലെ അവസാന പന്തില്‍ ഗാര്‍ഡ്‌നറെ ക്ലീന്‍ബൗള്‍ഡാക്കി ദീപ്തി ശര്‍മ്മ കൂട്ടുകെട്ടുപൊളിക്കുമ്‌ബോള്‍ 141/3 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. ഗ്രേസ് ഹാരിസിനെ (7) ശിഖ ബൗള്‍ഡാക്കി. എല്ലിസ് പെറി (2) ലാന്നിംഗിനൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

ന്യൂഡല്‍ഹി: പ്രോ ചെസ് ലീഗില്‍ ലോക ചെസ് ചാമ്ബ്യനായ മാഗ്‌നസ് കാള്‍സണെ തോല്പിച്ച് ഇന്ത്യന്‍ താരം വിദിത് ഗുജ്റാത്തി. കാനഡ ചെസ് ബ്രാഹ്സിന് വേണ്ടിയായിരുന്നു മാഗ്‌നസ് കാള്‍സണ്‍ കളിച്ചത്. ലോകമെമ്ബാടുമുള്ള ടീമുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ടൂര്‍ണമെന്റിനായാണ് മാഗ്‌നസ് മത്സരിച്ചത്.

‘എക്കാലത്തെയും മികച്ച താരത്തെ പരാജയപ്പെടുത്തി, ലോക ചാമ്ബ്യനായ മാഗ്‌നസ് കാള്‍സണെ ‘- എന്നാണ് വിദിത് ഗുജ്റാത്തി സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചത്. 150,000 ഡോളറായിരുന്നു സമ്മാന തുക. ചൊവ്വാഴ്ച വൈകിട്ട് നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്ബര്‍ കാള്‍സന്റെ പിഴവ് മുതലെടുത്താണ് വിദിത് വിജയത്തിലേക്ക് കുതിച്ച് കയറിയത്.

ഇതോടെ 28കാരനായ വിദിത് ഗുജ്റാത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരായ ആര്‍ പ്രഗ്‌നാനന്ദ, ഡി ഗുകേഷ്, അര്‍ജുന്‍ എറിഗൈസി എന്നിവര്‍ക്കൊപ്പം കാള്‍സണെ തോല്‍പിച്ചവരുടെ പട്ടികയിലേക്ക് ഇടം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വിവിധ ടൂര്‍ണമെന്റുകളിലാണ് കാള്‍സണെതിരെ മറ്റ് മൂന്ന് താരങ്ങള്‍ ജയം സ്വന്തമാക്കിയത്.