സാനിയ മിര്‍സ വിരമിച്ചു

ദുബൈ: സാനിയ മിര്‍സ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചു. ദുബായ് ഓപ്പണിലെ ഡബിള്‍സ് റൗണ്ടില്‍ പരാജയത്തോടെയാണ് താരം വിരമിച്ചത്. റഷ്യയുടെ വെറോണിക്ക കൂഡര്‍മെറ്റോവ-ലിയൂഡ്മില സഖ്യത്തോട് സാനിയയും കൂട്ടാളിയായ അമേരിക്കന്‍ താരമായ മാഡിസണ്‍ കീസും 6-4, 6-0. സെറ്റുകള്‍ക്ക് പരാജയമേറ്റുവാങ്ങുകയായിരുന്നു

ടെന്നിസിലെ സാനിയ പര്‍വത്തില്‍ തന്നെയാണ് ഇന്ത്യന്‍ വനിതാ ടെന്നിസ് ലോകം ഇപ്പോഴും അറിയപ്പെടുന്നത്. ഇന്നും വനിതാ ടെന്നിസില്‍ സാനിയയ്ക്ക് അപ്പുറത്തേക്ക് ഒരു ഇന്ത്യന്‍ താരമില്ല. കളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികള്‍ ഓരോന്നായി തരണം ചെയ്താണ് സാനിയ ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം റണ്ണര്‍ അപ്പായാണ് ഗ്രാന്‍സ്‌ളാം കോര്‍ട്ടിനോട് സാനിയ നേരത്തെ വിടചൊല്ലിയത്. ദുബായ് ഓപ്പണോടെ ടെന്നീസ് കോര്‍ട്ടിനോടുതന്നെ വിട പറയുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. 2003 ഫെബ്രുവരിയിലാണ് സാനിയ പ്രൊഫഷണല്‍ ടെന്നിസ് സര്‍ക്യൂട്ടില്‍ അരങ്ങേറിയത്. ആദ്യം സിംഗിള്‍സിലും പിന്നീട് ഡബിള്‍സിലും സാനിയ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.

2013ല്‍ വിരമിക്കുന്നതുവരെ സിംഗിള്‍സില്‍ ഇന്ത്യയിലെ ഒന്നാം റാങ്ക് താരമായിരുന്നു സാനിയ. ലോകറാങ്കിംഗില്‍ 27-ാം സ്ഥാനത്തുവരെയെത്തി. ആറ് ഗ്രാന്‍സ്‌ളാം കിരീടങ്ങളാണ് ഡബിള്‍സില്‍ നേടിയത്. മൂന്നെണ്ണം വനിതാ ഡബിള്‍സിലും മൂന്നെണ്ണം മിക്‌സഡ് ഡബിള്‍സിലും.

സാനിയയുടെ ഗ്രാന്‍സ്ലാമുകള്‍

വനിതാ ഡബിള്‍സ്

2015-വിംബിള്‍ഡന്‍, മാര്‍ട്ടിന ഹിംഗിസിനൊപ്പം

2015- യു.എസ് ഓപ്പണ്‍, മാര്‍ട്ടിന ഹിംഗിസിനൊപ്പം

2016- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം

മിക്‌സഡ് ഡബിള്‍സ്

2009- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, മഹേഷ് ഭൂപതിക്കൊപ്പം

2012-ഫ്രഞ്ച് ഓപ്പണ്‍ , മഹേഷ് ഭൂപതിക്കൊപ്പം

2014- യുഎസ് ഓപ്പണ്‍, ബ്രൂണോ സോറസിനൊപ്പം

43 കിരീടങ്ങളാണ് ഡബിള്‍സ് കരിയറില്‍ ആകെ നേടിയത്.