Sports (Page 49)

മുംബൈ: സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഈ സീസണിലെ ഐപിഎല്‍ കളിക്കാന്‍ ടീമിനൊപ്പമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ് മാസങ്ങളായി വിശ്രമിക്കുന്ന ബുമ്റ പൂര്‍ണ ഫിറ്റാകാന്‍ ഇനിയും സമയമെടുക്കും. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലിന് തൊട്ടരികിലാണ് ഇന്ത്യ. ജൂണില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയെത്തിയാല്‍ ആ മത്സരവും ബുമ്രയ്ക്ക് നഷ്ടമാകും.

പുറംവേദനയെ തുടര്‍ന്നാണ് താരം ദീര്‍ഘ നാളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. പരിക്ക് മാറി തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കിനെ തുടര്‍ന്ന് താരത്തിന് ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ നഷ്ടമായിരുന്നു. ആ പട്ടികയിലേക്കാണ് ഇപ്പോള്‍ ഐപിഎല്‍, ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ ചേര്‍ക്കപ്പെടുന്നത്. അതേസമയം, ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ താരത്തിന് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

മുംബയ്: വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്നലെ മുംബയ് ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആരംംഭിച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച മുംബയ് ഇന്ത്യന്‍സ് ബേത്ത് മൂണി നയിച്ച ഗുജറാത്ത് ജയന്റ്‌സിനെ 143 റണ്‍സിന് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത20 ഓവറില്‍ 207/5 എന്ന സ്‌കോറാണ് നേടിയത്.മറുപടിക്കിറങ്ങിയ ഗുജറാത്തിന് 15.1 ഓവറില്‍ 64/9 എന്ന സ്‌കോറിലേ എത്താനായുള്ളൂ.

ടോസ് നേടിയ ഗുജറാത്ത് മുംബയ്യെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. 30 പന്തുകളില്‍ 65 റണ്‍സ് നേടിയ ഹര്‍മന്‍ പ്രീത് കൗറും 47 റണ്‍സടിച്ച ഹേയ് ലി മാത്യൂസും 24 പന്തുകളില്‍ 45 റണ്‍സടിച്ച അമേരലിയ കേറുമാണ് മുംബയ്ക്ക് കരുത്തായത്. മൂന്നാം ഓവറില്‍ യഷ്തിക ഭാട്യയെ വേയര്‍ഹാമിന്റെ കയ്യിലെത്തിച്ച് തനുജ കന്‍വാര്‍ വനിതാ പ്രിമിയര്‍ ലീഗിലെ ആദ്യ വിക്കറ്റിന് ഉടമയായി. തുടര്‍ന്ന് നാറ്റ് ഷീവര്‍ബ്രണ്ടും (23) ഹേയ്‌ലി മാത്യൂസും ചേര്‍ന്ന് 8.5 ഓവറില്‍ 69 റണ്‍സിലെത്തിച്ചു. അവിടെവച്ച് ഷീവര്‍ബ്രണ്ടിനെ വേയര്‍ഹാം മടക്കി അയച്ചു.10-ാം ഓവറില്‍ ഹേയ്‌ലി മാത്യൂസിനെ ഗാര്‍ഡ്‌നര്‍ ബൗള്‍ഡാക്കുകയായിരുന്നു. 31 പന്തുകള്‍ നേരിട്ട ഹേയ്‌ലി മൂന്ന് ഫോറും നാലുസിക്‌സും പായിച്ചു.

മറുപടിക്കിറങ്ങിയ ഗുജറാത്ത് ടീമിന് ആദ്യഓവറില്‍ത്തന്നെ ക്യാപ്ടന്‍ മൂണിയെ പരിക്ക് മൂലം നഷ്ടമായി. തുടര്‍ന്ന് 12 റണ്‍സെടുക്കുന്നതിനിടെ നാലുവിക്കറ്റുകള്‍ വീണുകഴിഞ്ഞിരുന്നു. പിന്നീട് ആ ആഘാതത്തില്‍ നിന്ന് കരകയറാനുമായില്ല. നാലുവിക്കറ്റ് വീഴ്ത്തിയ സൈക ഇഷാഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നാറ്റ്ഷീവര്‍ ബ്രണ്ടും അമേലിയ കേറുമാണ് ഗുജറാത്തിനെ തകര്‍ത്തത്.

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫിലെ നോക്ഔട് ഘട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ ലഭിച്ച ഫ്രീകിക്കെടുത്ത സുനില്‍ ഛേത്രിയുടെ ഗോളില്‍ ബംഗളൂരു എഫ്സി വിജയിച്ചു.

വിക്ടര്‍ മൊംഗില്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമാന്റകോസ് എന്നിവരായിരുന്നു ആരംഭനിരയിലെ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങള്‍. സഹല്‍ എഴുപത്തിയൊന്നാം മിനിറ്റില്‍ ഡാനിഷ് ഫാറൂഖിന് പകരക്കാരനായും എഴുപത്തിയാറാം മിനിറ്റില്‍ ജെസ്സല്‍ കാര്‍നെറോക്ക് പകരം ആയുഷ് അധികാരിയും കളത്തിലിറങ്ങി. മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച ആക്രമണവുമായി മുന്നേറിയ ബംഗളുരുവിനെ തടഞ്ഞു നിയന്ത്രിക്കാന്‍ ബ്ലാസ്റ്റേഴ്സ് നിര പാടുപെട്ടു. അഞ്ചാം മിനിറ്റിലെ ജാവി ഹെര്‍ണാണ്ടസെടുത്ത അപകടകരമായൊരു ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധം തട്ടിത്തത്തെറുപ്പിച്ചു. ശേഷം പതിമൂന്നാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഹെഡര്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് തെറിച്ചു. വീണ്ടും ഇരുപത്തിനാലാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ മറ്റൊരു മികച്ച ശ്രമം പുറത്തേക്ക് തെറിച്ചു. നാല്‍പ്പതാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസിന്റെ മികച്ചൊരു ഷോട്ട് അഡ്രിയാന്‍ ലൂണ സമയോചിതമായി തകര്‍ത്തു. ആദ്യ പകുതി ഗോള്‍ രഹിതമായായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ അറുപത്തിനാലാം മിനിറ്റില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. എഴുപത്തിയൊന്നാം മിനിറ്റില്‍ ഡാനിഷ് ഫാറൂഖിന് പകരക്കാരനായി സഹലും എഴുപത്തിയാറാം മിനിറ്റില്‍ ജെസ്സല്‍ കാര്‍നെറോക്ക് പകരം ആയുഷ് അധികാരിയും കളത്തിലിറങ്ങി. ഇഞ്ചുറി ടൈമിനു ശേഷവും രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഗോള്‍ വഴങ്ങാത്തതിനാല്‍ മത്സരം വീണ്ടും എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. അധിക സമയത്തിന്റെ ഏഴാം മിനിറ്റില്‍ ഛേത്രി തൊടുത്ത ഫ്രീകിക്ക് വലയിലേക്ക് പറന്നു.

ന്യൂഡല്‍ഹി: ഐപിഎല്‍ 16-ാം സീസണ്‍ മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേരിടും.

അഹമ്മദാബാദ്, മൊഹാലി, ലക്നൗ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍, മുംബൈ, ഗുവാഹട്ടി ധര്‍മശാല എന്നിവിടങ്ങളിലായി 12 വേദികളിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കൂടാതെ 18 ഇരട്ട ഹെഡറുകള്‍ ഉള്‍പ്പെടെ 70 ലീഗ് മത്സരങ്ങളും നടക്കും.

ഐപിഎല്‍ 2019 ന് ശേഷം ഇന്ത്യയില്‍ മാത്രം എല്ലാ വേദികളും ലീഗിനായി ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ സീസണിന് ഉണ്ട്. 2020-ല്‍, കൊറോണയെ തുടര്‍ന്ന് ടൂര്‍ണമെന്റ് സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലാണ് നടന്നത്. അന്ന് മത്സരം യുഎഇയില്‍ അരങ്ങേറി. 2021ല്‍ സീസണിന്റെ ആദ്യ പകുതി ഇന്ത്യയിലും രണ്ടാം പകുതി യുഎഇയിലും നടന്നു. 2022-ല്‍, ടൂര്‍ണമെന്റ് രണ്ട് വേദികളായി ചുരുങ്ങി. മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന സീസണിന്റെ ഫൈനല്‍ 2023 മെയ് 28 നും നടക്കും

ഇന്‍ഡോര്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ സ്പിന്‍ ബൗളിംഗില്‍ ഓസ്ട്രേലിയയെ വീഴ്ത്താന്‍ നിര്‍മ്മിച്ച പിച്ചില്‍ ഇന്ത്യക്ക് പിഴച്ചു. കളി ആരംഭിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ വിജയത്തിനാവശ്യമായ 76 റണ്‍സ് ഓസ്ട്രേലിയ നിഷ്പ്രയാസം മറികടന്നു.ഇതോടെ നാല് മത്സരങ്ങളുള്ള പരമ്ബര 2-1 ആയി.

വെറും 19 ഓവര്‍ മാത്രമാണ് മൂന്നാം ദിനം മത്സരം നടന്നത്. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത ട്രാവിസ് ഹെഡും (53 പന്തില്‍ പുറത്താകാതെ 49) ഒപ്പം ലബുഷൈനും (58 പന്തില്‍ 28) ചേര്‍ന്ന് ബുദ്ധിമുട്ടില്ലാതെ വിജയം നേടിയെടുത്തു. ഇതോടെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ ബര്‍ത്ത് ഓസീസ് ഉറപ്പിച്ചു.

നേരത്തെ രണ്ടാം ദിനം ഓസ്ട്രേലിയ 197റണ്‍സിന് ഓള്‍ ഔട്ടായതിന് മറുപടിയായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ 163 റണ്‍സിന് ഓള്‍ ഔട്ടായി. 58 റണ്‍സ് നേടിയ പൂജാര മാത്രമാണ് ഇന്ത്യയ്ക്കായി ക്ഷമയോടെ കളിച്ചത്. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഫുട്‌ബോള്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുമായി അര്‍ജന്റീന കരാര്‍ പുതുക്കി. 2026 ലോകകപ്പ് വരെയാണ് സ്‌കലോണിയുമായി കരാര്‍ പുതുക്കിയത്. ഫിഫ പുരസ്‌കാര വേദിയായ പാരിസില്‍ 44 കാരനായ സ്‌കലോണിയും അര്‍ജന്റീന ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയയും തമ്മിലെ കൂടിക്കാഴ്ചയിലാണ് തീരുമാനം എടുത്തിരിക്കുന്നത്.

‘വിശ്വാസം ഉയരത്തില്‍ നില്‍ക്കുമ്‌ബോള്‍ ആശയവിനിമയം കൂടുതല്‍ വ്യക്തവും അര്‍ഥവത്തുമാകു’മെന്ന് ഇതേ കുറിച്ച് ക്ലോഡിയോ ടാപിയ പറഞ്ഞു. ഡിസംബര്‍ 18ന് ലുസൈല്‍ മൈതാനത്ത് അര്‍ജന്റീന ജേതാക്കളായതോടെ സ്‌കലോണിയുമായി കരാര്‍ അവസാനിച്ചതാണ്. നീണ്ട ചര്‍ച്ചകള്‍ തുടര്‍ന്നതിനൊടുവിലാണ് കരാര്‍ പുതുക്കല്‍.

2018ലാണ് താത്കാലികകമായി ടീമിന്റെ ചുമതലയേല്‍ക്കുന്നത്. ഒരു പ്രഫഷനല്‍ ടീമിനെയും പരിശീലിപ്പിക്കാതെയായിരുന്നു സ്‌കലോണിയുടെ വരവ്. കടുത്ത വിമര്‍ശനങ്ങള്‍ ഇതിന്റെ പേരില്‍ നേരിടുകയും ചെയ്തു. എന്നാല്‍ ഒറ്റവര്‍ഷത്തിനകം നിയമനം സ്ഥിരപ്പെടുത്തി അര്‍ജന്റീന പുതിയ ചുവട് കുറിച്ചു.

മുംബൈ: വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറിനെ നിയമിച്ചു. ശനിയാഴ്ച ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഗുജറാത്ത് ജയന്റ്സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യമത്സരം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 150 മത്സരം കളിക്കുന്ന ആദ്യ താരമായ ഹര്‍മന്‍പ്രീത് നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്. താരലേലത്തില്‍ 1.8കോടി രൂപയ്ക്കാണ് ഹര്‍മന്‍പ്രീതിനെ മുംബൈ സ്വന്തമാക്കിയത്. അമേലി കെര്‍, പൂജ വസ്ത്രാകര്‍, യസ്തിക ഭാട്ടിയ തുടങ്ങിയവരും മുംബൈ നിരയിലുണ്ട്. ഷാര്‍ലെറ്റ് എഡ്വാര്‍ഡ്സാണ് മുഖ്യ പരിശീലക. ജുലന്‍ ഗോസ്വാമിയാണ് ബൗളിംഗ് കോച്ചും ഉപദേഷ്ടാവും.

കഴിഞ്ഞ ദിവസം ഗുജറാത്ത് ജയന്റ്‌സിനെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ബേത് മൂണിയെ നിയമിച്ചിരുന്നു. വനിതാ ലീഗില്‍ ക്യാപ്റ്റനാക്കുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് മൂണി. നേരത്തെ, അഷ്‌ലി ഗാര്‍ഡ്‌നറെ ഗുജറാത്ത് ജയന്റ്‌സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. യുപി വാരിയേഴ്‌സിനെ നയിക്കുന്നത് അലീസ ഹീലിയാണ്. വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം നേടുമ്‌ബോള്‍ മൂണിയാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 53 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 74 റണ്‍സ് നേടിയിരുന്നു. മൂണിയുടെ കരുത്തില്‍ ഓസീസ് 157 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനാണ് സാധിച്ചത്.

ബംഗളൂരു: ഐഎസ്എല്ലിലെ സെമി ലക്ഷ്യം വച്ചുള്ള പ്ലേ ഓഫ് പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരുവിനെതിരെ. ശ്രീകണഠീരവ സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. ജയിക്കുന്ന ടീം 7ന് നടക്കുന്ന ആദ്യ പാദസെമിയില്‍ മുംബയ് സിറ്റി എഫ്.സിയെ നേരിടും.

ലീഗ് ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതും ബംഗളൂരു നാലാമതുമാണ് ഫിനിഷ് ചെയ്തത്. നാളെ നടതക്കുന്ന മറ്റൊരു പ്ലേ ഓഫില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മോഹന്‍ ബഗാന്‍ സ്വന്തം മൈതാനത്ത് ആറാം സ്ഥാനക്കാരായ ഒഡിഷയെ നേരിടും. മൂന്നും നാലും സ്ഥാനക്കാരുടെ ഹോം ഗ്രൗണ്ടിലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുന്നത്. ലീഗില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബയ് സിറ്റി എഫ്.സിയും ഹൈദരാബാദും നേരിട്ട് സെമിയില്‍ എത്തിയിരുന്നു.

ഭോപാല്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരത്തിലും ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. ഓസ്‌ട്രേലിയയുടെ നാലുവിക്കറ്റുകളും നേടിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്.

ഓസ്‌ട്രേലിയയ്ക്കെതിരായ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജഡേജ 500 വിക്കറ്റുകള്‍ നേടി. മറ്റൊരു അപൂര്‍വ്വനേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകളും 5000 റണ്‍സും തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ ജഡേജയും ഇടംപിടിച്ചിരിക്കുകയാണ്. ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവാണ് ഇതിന് മുമ്ബ് ഈ നേട്ടം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റെടുത്താണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്. 298 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 5527 റണ്‍സാണ് ജഡേജയ്ക്കുള്ളത്. മൂന്ന് സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളുമുണ്ട്. 298 മത്സരങ്ങളില്‍ നിന്ന് 503 വിക്കറ്റുകളാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്കുള്ളത്. കപില്‍ ദേവിന് 9031 റണ്‍സും 687 വിക്കറ്റുകളുടെ റെക്കോര്‍ഡുമാണുള്ളത്.

റിയാദ്: സന്തോഷ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. റിയാദിലെ ബഗ്ലഫിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് മത്സരത്തിന് വിസില്‍ മുഴങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ കേരളം സെമിയിലെത്താതെ പുറത്തായെങ്കിലും വിദേശ രാജ്യത്ത് നടക്കുന്ന ആദ്യത്തെ സന്തോഷ് ട്രോഫി മത്സരത്തിന് കാഴ്ചക്കാരായി സ്റ്റേഡിയത്തിലെത്തി ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് സൗദിയിലെ ഇന്ത്യന്‍ ഫുട്ബാള്‍ പ്രേമികള്‍. പഞ്ചാബ് -മേഘാലയ, സര്‍വിസസ് -കര്‍ണാടക മത്സരങ്ങളാണ് കിങ് ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുക.

മത്സരത്തില്‍ പങ്കെടുക്കാനായി പഞ്ചാബ്, സര്‍വിസസ്, കര്‍ണാടക, മേഘാലയ ടീമുകള്‍ റിയാദിലെത്തി. ആദ്യ സെമി ഫൈനല്‍ മത്സരം ബുധനാഴ്ച സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിന് (ഇന്ത്യന്‍ സമയം വൈകീട്ട് 5.30) നടക്കും. പഞ്ചാബും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) സര്‍വിസസും കര്‍ണാടകയും തമ്മില്‍ രണ്ടാം സെമിയില്‍ മാറ്റുരക്കും.

ലൂസേഴ്സ് ഫൈനല്‍ ശനിയാഴ്ച (മാര്‍ച്ച് നാല്) ഉച്ചകഴിഞ്ഞ് 3.30 ന് (ഇന്ത്യന്‍ സമയം ആറിന്) നടക്കും. അന്ന് തന്നെ വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ഫൈനല്‍ മത്സരത്തിനും റിയാദ് സാക്ഷിയാകും. മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റിന് വാറ്റ് ഉള്‍പ്പടെ അഞ്ച് സൗദി റിയാലാണ്. കാറ്റഗറി ഒന്നിന് 10 റിയാലും സില്‍വര്‍ കാറ്റഗറിക്ക് 150 റിയാലും ഗോള്‍ഡ് കാറ്റഗറിക്ക് 300 റിയലുമാണ് മറ്റ് നിരക്കുകള്‍. ticketmax.com എന്ന വെബ്‌സൈറ്റ് / ആപ്പ് വഴി ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്.