മാഗ്നസ് കാള്‍സണെ മുട്ടുകുത്തിച്ച് വിദിത് ഗുജ്‌റാത്തി

ന്യൂഡല്‍ഹി: പ്രോ ചെസ് ലീഗില്‍ ലോക ചെസ് ചാമ്ബ്യനായ മാഗ്‌നസ് കാള്‍സണെ തോല്പിച്ച് ഇന്ത്യന്‍ താരം വിദിത് ഗുജ്റാത്തി. കാനഡ ചെസ് ബ്രാഹ്സിന് വേണ്ടിയായിരുന്നു മാഗ്‌നസ് കാള്‍സണ്‍ കളിച്ചത്. ലോകമെമ്ബാടുമുള്ള ടീമുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ടൂര്‍ണമെന്റിനായാണ് മാഗ്‌നസ് മത്സരിച്ചത്.

‘എക്കാലത്തെയും മികച്ച താരത്തെ പരാജയപ്പെടുത്തി, ലോക ചാമ്ബ്യനായ മാഗ്‌നസ് കാള്‍സണെ ‘- എന്നാണ് വിദിത് ഗുജ്റാത്തി സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചത്. 150,000 ഡോളറായിരുന്നു സമ്മാന തുക. ചൊവ്വാഴ്ച വൈകിട്ട് നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്ബര്‍ കാള്‍സന്റെ പിഴവ് മുതലെടുത്താണ് വിദിത് വിജയത്തിലേക്ക് കുതിച്ച് കയറിയത്.

ഇതോടെ 28കാരനായ വിദിത് ഗുജ്റാത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരായ ആര്‍ പ്രഗ്‌നാനന്ദ, ഡി ഗുകേഷ്, അര്‍ജുന്‍ എറിഗൈസി എന്നിവര്‍ക്കൊപ്പം കാള്‍സണെ തോല്‍പിച്ചവരുടെ പട്ടികയിലേക്ക് ഇടം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വിവിധ ടൂര്‍ണമെന്റുകളിലാണ് കാള്‍സണെതിരെ മറ്റ് മൂന്ന് താരങ്ങള്‍ ജയം സ്വന്തമാക്കിയത്.