കേപ്ടൗണ്‍: വനിതാ ട്വന്റി ട്വന്റി ലോകകപ്പില്‍ ആറാം കിരീടവുമായി ഓസ്‌ട്രേലിയ. ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് തുടര്‍ച്ചയായ മൂന്നാം വട്ടവും കപ്പുയര്‍ത്തിയത്.
ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസീസ് വനിതകള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 137/6ല്‍ ഒതുങ്ങി. 53 പന്തുകളില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമടക്കം പുറത്താവാതെ 74 റണ്‍സടിച്ച ഓപ്പണര്‍ ബേത്ത് മൂണിയാണ് ഓസീസിന് മികച്ച സ്‌കോര്‍ നല്‍കിയത്. ആലിസ ഹീലിയും (18) മൂണിയും ചേര്‍ന്ന് ഓപ്പണിംഗില്‍ ആദ്യ അഞ്ചോവറില്‍ 36 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹീലിക്ക് പകരമെത്തിയ ആഷ്ലി ഗാര്‍ഡ്‌നര്‍ 29 റണ്‍സടിച്ചു. 12ഓവറില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഗാര്‍ഡ്‌നര്‍ മടങ്ങിയത്. തുടര്‍ന്ന് ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞപ്പോള്‍ മൂണി പൊരുതിനിന്ന് 156ലെത്തിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 61 റണ്‍സടിച്ച ലോറ വോള്‍വാട്ട് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.ബേത്ത് മൂണിയാണ് പ്‌ളെയര്‍ ഒഫ് ദ മാച്ച്. ആഷ്ലി ഗാര്‍ഡ്‌നര്‍ പ്‌ളേയര്‍ ഒഫ് ദ ടൂര്‍ണമെന്റായി.

