മുംബയ്: എലിമിനേറ്റര്‍ മത്സരത്തില്‍ യു.പി വാരിയേഴ്‌സിനെ 72 റണ്‍സിന് കീഴടക്കി മുംബയ് ഇന്ത്യന്‍സ് വനിതാ ഐ.പി.എല്‍ ഫൈനലില്‍. ഫൈനലില്‍ മുംബയ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്ത ശേഷം യു.പി വാരിയേഴ്‌സിനെ 17.4 ഓവറില്‍ 110 റണ്‍സില്‍ ആള്‍ഔട്ടാക്കുകയായിരുന്നു. പുറത്താവാതെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഇംഗ്‌ളീഷ് താരം നാറ്റ് ഷീവര്‍ ബ്രണ്ടിന്റെ (38 പന്തുകളില്‍ 72 റണ്‍സ്, 9 ഫോറുകള്‍, രണ്ട് സിക്‌സ്)മികവിലാണ് മുംബയ് മികച്ച സ്‌കോറിലെത്തിയത്. യഷ്തിക ഭാട്യ (21) ഹേയ്ലി മാത്യൂസ് (26),അമേലിയ ഖെര്‍ (29) എന്നിവരുടെ ബാറ്റിംഗാണ് മുംബയ്യെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടിക്കിറങ്ങിയ യു.പി നിരയില്‍ കിരണ്‍ നവ്ഗിരെ (43) മാത്രമാണ് തിളങ്ങിയത്. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഇസി വോംഗാണ് മുംബയ് ബൗളിംഗില്‍ തിളങ്ങിയത്. സൈക്ക ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. നാറ്റ് ഷീവര്‍ ബ്രണ്ട്,ഹേയ്ലി മാത്യൂസ്,കാലിത എന്നിവര്‍ ഓരോവിക്കറ്റ് വീഴ്ത്തി.
മുംബയ്യുടെ ഓപ്പണിംഗില്‍ യഷ്തിക ഭാട്യയും (21) ഹേയ്ലി മാത്യൂസും (26) ചേര്‍ന്ന് 4.2ഓവറില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് പിരിഞ്ഞത്.യഷ്തികയെ പുറത്താക്കി അഞ്ജലി സര്‍വാനിയാണ് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്ന് ബ്രണ്ടും ഹേയ്ലിയും ചേര്‍ന്ന് മുന്നോട്ടുനയിച്ചു.പത്താം ഓവറില്‍ പര്‍ശവി ചോപ്രയാണ് ഹേയ്‌ലിയെ മടക്കി അയച്ചത്. തുടര്‍ന്ന് ഹര്‍മന്‍ പ്രീത് കൗര്‍(14), അമേലിയ ഖെര്‍ (29)എന്നിവരും പുറത്തായെങ്കിലും ബ്രണ്ടിന്റെ മികച്ച ഇന്നിംഗ്‌സ് മുംബയ്യെ മാന്യമായ സ്‌കോറിലെത്തിച്ചു.

